|    Mar 29 Wed, 2017 2:49 pm
FLASH NEWS

കേരളത്തിനും തമിഴ്‌നാടിനും കേന്ദ്രത്തിന്റെ അന്ത്യശാസനം

Published : 17th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ കേരളവും തമിഴ്‌നാടും വീഴ്ചവരുത്തിയതായി കേന്ദ്രസര്‍ക്കാര്‍. നിയമം ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എപിഎല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ ഉയര്‍ന്നനിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടിവരുമെന്നും ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹിയില്‍ സംസ്ഥാന ഭക്ഷ്യ, ഉപഭോക്തൃകാര്യ സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എപിഎല്‍, ബിപിഎല്‍ ഗുണഭോക്താക്കളുടെ പട്ടിക കേരളം ഇതുവരെ നല്‍കിയിട്ടില്ല. പട്ടിക 2015 ഡിസംബറിനകം സര്‍ക്കാരിനു കൈമാറണമെന്ന നിര്‍ദേശം ഇരുസംസ്ഥാനങ്ങളും പാലിച്ചിട്ടില്ല. ഇതു ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആനുകൂല്യം നഷ്ടപ്പെടാന്‍ ഇടയാക്കും. നവംബറില്‍ നിയമം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കേരളം ഇപ്പോള്‍ പറയുന്നത് ഡിസംബറിലേ നടപ്പാക്കു എന്നാണ്. ഇതുസംബന്ധിച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലെന്നാണ് കേരളത്തിന്റെ പരാതി. വികസിതമായ ഒരു സംസ്ഥാനം എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇരുസംസ്ഥാനങ്ങളുടെയും കാര്യത്തില്‍ രണ്ടു വഴികളാണു കേന്ദ്രത്തിനു മുന്നിലുള്ളത്. എപിഎല്‍ കുടുംബങ്ങള്‍ക്ക് ഉയര്‍ന്നനിരക്കില്‍ ഭാക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുകയെന്നതാണ് ആദ്യത്തേത്. അല്ലെങ്കില്‍ അവര്‍ക്ക് അനുവദിച്ച മുഴുവന്‍ വിഹിതവും നിര്‍ത്തലാക്കുക. രാജ്യത്തെ റേഷന്‍കാര്‍ഡുകള്‍ 100 ശതമാനം ഡിജിറ്റലൈസ് ചെയ്തതായി മന്ത്രി വെളിപ്പെടുത്തി. എന്നാല്‍, റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങള്‍ സംസ്ഥാനങ്ങളില്‍ മന്ദഗതിയിലാണ്.  ഇവ എളുപ്പത്തിലാക്കണം. റേഷന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ വ്യാജ ഗുണഭോക്താക്കളെ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കും. മുഴുവന്‍ സംസ്ഥാനങ്ങളും മാര്‍ച്ച് 31നകം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day