|    Jan 19 Thu, 2017 8:37 pm
FLASH NEWS

കേരളം 5,000 കോടിയുടെ കല്‍ക്കരി താപനിലയം ഒഡീഷയില്‍ സ്ഥാപിക്കുന്നു

Published : 25th July 2016 | Posted By: SMR

തിരുവനന്തപുരം: ഒഡീഷ സര്‍ക്കാരുമായി സഹകരിച്ച് 5,000 കോടി രൂപ മുതല്‍മുടക്കില്‍ ബൈതരണിയില്‍ കേരളം 1,000 മെഗാവാട്ട് കല്‍ക്കരി താപനിലയം സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രോജക്റ്റ് റിപോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വൈദ്യുതിമന്ത്രി കടംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ഒഡീഷയുമായി ധാരണയിലെത്തിയാല്‍ രണ്ടാഴ്ചയ്ക്കകം കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന് റിപോര്‍ട്ട് സമര്‍പ്പിക്കും. കാസര്‍കോട് ചീമേനിയില്‍ കല്‍ക്കരി താപനിലയം സ്ഥാപിക്കുന്നതിനെച്ചൊല്ലി എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലാണു പുതിയ നീക്കം.
സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി കൊണ്ടുവന്ന് ക്ഷാമം പരിഹരിക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒഡീഷയില്‍ താപനിലയം സ്ഥാപിച്ച് വൈദ്യുതി കേരളത്തിലെത്തിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും നടപ്പായില്ല. ഒഡീഷയിലെ ബൈതരണിയില്‍ കേരളത്തിന് അനുവദിച്ച കല്‍ക്കരിപ്പാടം ഇതുമൂലം നഷ്ടമാവുന്ന സാഹചര്യമുണ്ടായതോടെയാണ് അടിയന്തരമായി സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കുന്നത്.
പദ്ധതിയുടെ റിപോര്‍ട്ട് സമര്‍പ്പിച്ചാല്‍ കല്‍ക്കരിപ്പാടം കേരളത്തിന് നഷ്ടമാവില്ലെന്നാണു കേന്ദ്ര ഊര്‍ജമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചത്. കല്‍ക്കരി ഖനനത്തിന് ഒഡീഷ-കേരള സര്‍ക്കാരുകളുടെ സംയുക്തസംരംഭം നിലവിലുണ്ട്. ഇതു വിപുലീകരിച്ച് ഊര്‍ജനിലയം കൂടി സ്ഥാപിക്കാനാണ് ഉദ്ദേശ്യം. ഇക്കാര്യത്തില്‍ ഒഡീഷ സര്‍ക്കാര്‍ താല്‍പ്പര്യം അറിയിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തുടര്‍ചര്‍ച്ചയുണ്ടാവും.
പദ്ധതിയുടെ സ്ഥാപിതശേഷി 3,000 മെഗാവാട്ട് വരെ ആവാം. ഇതില്‍ 1,000 മെഗാവാട്ടാണു കേരളത്തിനുവേണ്ടത്. കേരളം, ഒഡീഷ, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കാണു വൈദ്യുതി ഉല്‍പ്പാദനത്തിനായി ഒഡീഷയിലെ ബൈതരണിയില്‍ 2007ല്‍ കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരിപ്പാടം അനുവദിച്ചത്. അഞ്ചുവര്‍ഷ കാലാവധിയാണു നല്‍കിയത്. ഖനനത്തിനായി മൂന്നു സര്‍ക്കാരും ചേര്‍ന്ന് ബൈതരണി വെസ്റ്റ് കോള്‍ കമ്പനി രൂപീകരിച്ചു. എന്നാല്‍, കല്‍ക്കരി ഉല്‍പ്പാദനം തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈകുന്നുവെന്ന് കാട്ടി 2012 ഡിസംബറില്‍ കല്‍ക്കരിപ്പാടം അനുവദിച്ചത് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് തീരുമാനം പുനപ്പരിശോധിക്കണമെന്ന് കെഎസ്ഇബി നിരവധി തവണ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു കത്തുനല്‍കി. എന്നാല്‍, കല്‍ക്കരിപ്പാടം റദ്ദാക്കിയ നടപടി പുനപ്പരിശോധിക്കില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍.
ഇതിനിടെയാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഒഡീഷ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കല്‍ക്കരിപ്പാടം റദ്ദാക്കിയ നടപടി ഒഡീഷ ഹൈക്കോടതി പിന്നീട് സ്‌റ്റേ ചെയ്തു. കല്‍ക്കരിപ്പാടം മറ്റാര്‍ക്കും മറിച്ചുനല്‍കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു.
കല്‍ക്കരിപ്പാടം ലഭിക്കുന്നതിനുള്ള തടസ്സം നീങ്ങിയ സാഹചര്യത്തില്‍ ബൈതരണിയില്‍ താപനിലയം യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയിലാണു കേരളം. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരവുമാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക