|    Oct 19 Fri, 2018 2:34 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കേരളം 2017- ഒരു നുറുങ്ങു വീണ്ടുവിചാരം

Published : 1st January 2018 | Posted By: kasim kzm

വെട്ടും തിരുത്തും     പി എ എം ഹനീഫ്

പുതുവര്‍ഷം ആരംഭിക്കുന്നു. 2018 ഡിസംബര്‍ വരെ എന്തൊക്കെയാണു സഹിക്കേണ്ടിവരുക എന്നതാണ് ആകുലപ്പെടുത്തുന്നത്. വിളവെടുക്കുമ്പോള്‍ നാം ജീവിക്കുന്ന ചുറ്റുപാടിന്റെ താളം, ലയം എന്തൊക്കെയായിരുന്നുവെന്ന് അന്വേഷിക്കുന്നതൊരു സുഖമാണ്. താളമാണല്ലോ ജീവിതത്തെ സുന്ദരമാക്കുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം 2017 ഒട്ടും സമൃദ്ധമായിരുന്നില്ല. ഹാദിയ എന്ന ഭര്‍തൃമതിയുടെ പോരാട്ടം എടുത്തുപറയേണ്ട സവിശേഷതകളിലൊന്നായിരുന്നു. അതവളുടെ മാത്രം വ്യക്തിത്വ സവിശേഷതകൂടിയായിരുന്നു. ”എനിക്ക് ഒരു മനുഷ്യജീവിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം തരൂ”- ഉന്നത കോടതിയോട് അവള്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഒരു നുണുങ്ങു തമാശയും സംഭവിച്ചു. 1000 രൂപ മുന്‍കൂറായി തരാന്‍ സന്നദ്ധരായ (രണ്ടുതവണയായുമാവാം) 100 പേരെ അടിയന്തരമായി ആവശ്യമുണ്ട് എന്നു സ്വന്തം പ്രസിദ്ധീകരണത്തില്‍ പരസ്യം നല്‍കിയ മാസിക ‘വുമണ്‍ ഓഫ് ദി ഇയര്‍’ ബഹുമതിയോ സ്ഥാനപട്ടമോ നല്‍കി ഡോ. ഹാദിയയെ ആദരിച്ചു. തീര്‍ച്ചയായും ഹാദിയയെ ഈയാണ്ടത്തെ വ്യക്തിയായി തിരഞ്ഞെടുത്ത ടി പ്രസിദ്ധീകരണത്തിന് 100 പേരില്‍ നിന്ന് 1000 രൂപ വീതം ലഭിക്കും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ലഭിക്കട്ടെ. ശകലം സാമ്പത്തികം സംഘടിപ്പിക്കുന്നതിന്റെ പ്രശ്‌നമല്ലേ? പ്രസ്തുത പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുടെ നാണ്യശേഖരണ സൂത്രം എനിക്കു നന്നേ ബോധിച്ചു. ഇതിനെയാണ് നൈതികത എന്നു വിളിക്കേണ്ടത്.
കൊല, തട്ടിപ്പ്, പിടിച്ചുപറി, മന്ത്രിപുംഗവന്‍മാരുടെ കൊഴിഞ്ഞുപോക്ക്, പുസ്തകപ്രകാശനങ്ങള്‍, ശൈലജ ടീച്ചറുടെ മുന്തിയ കണ്ണട തുടങ്ങി വിസ്തരിക്കാന്‍ തുടങ്ങിയാല്‍ വേണ്ടത്രയുണ്ട് 2017ല്‍. സംഘപരിവാര പ്രഭൃതികളുടെ മാസത്തില്‍ മൂന്ന് എന്ന തോതിലുള്ള ജില്ലാ ഹര്‍ത്താലുകള്‍ ശ്രദ്ധേയവും അതിലേറെ ദുരിതമയവുമായിരുന്നു. സംഘികള്‍ ചെവിയില്‍ പൂവ് തിരുകുന്നതിന്റെ അര്‍ഥം ഇപ്പോഴാണു തെളിഞ്ഞത്. മുഖ്യകക്ഷി സിപിഎമ്മിനുമുണ്ടല്ലോ മറുപടി. കൊല്ലും കൊലയും കൈകാല്‍വെട്ടും തകൃതിയായിരുന്നു. ജനം 14 ജില്ലകളിലും ദുരിതത്തില്‍പ്പെട്ടു. സ്ത്രീകള്‍ കുടിച്ച കണ്ണുനീരിന് കൈയും കണക്കുമില്ല. കൈയും കാലുമില്ലാത്ത ചെറുപ്പക്കാര്‍ നിരവധി.
പശുരാഷ്ട്രവാദം പോലുള്ള അത്യാചാര വിചാരങ്ങള്‍ മഞ്ചേശ്വരത്തിനിങ്ങോട്ടും കളിയിക്കാവിള അതിര്‍ത്തി കഴിഞ്ഞും രൂക്ഷമായില്ലെങ്കിലും കാസര്‍കോട്ട് ഒരു സാധു മൗലവിയെ കഴുത്തറുത്തു കൊന്നതിനു പിറകില്‍ പശുരാഷ്ട്രീയമുണ്ടായിരുന്നു. കൂരിയാട്ടെ സലഫി നഗറില്‍ അരലക്ഷം വിശ്വാസികള്‍ ജുമുഅ നമസ്‌കരിച്ചത് നല്ലൊരു ആത്മീയ വിളിയായിരുന്നു.
കലാകാരന്‍മാരും എഴുത്തുകാരും നടീനടന്‍മാരുമൊക്കെ ആവശ്യത്തിലേറെ കേരളത്തില്‍ കലഹിച്ചു. ഒരു സൂപ്പര്‍സ്റ്റാര്‍ ജയിലിലും കോടതി വരാന്തയിലുമായി തടിരക്ഷിക്കാന്‍ വെമ്പുകയാണിപ്പോള്‍. ഒരു പെണ്‍കുട്ടി- പാര്‍വതി തിരുവോത്ത് എന്നാണു പേര്- നടികളുടെ കൂട്ടായ്മ എന്ന ലേബലില്‍ സ്വന്തം അസ്തിത്വം നിലനിര്‍ത്താന്‍ പരിധിയില്‍ കവിഞ്ഞ വാക്-വാചക കോലാഹലമുണ്ടാക്കുന്നുണ്ട്. ‘ചെമ്മീന്‍’ സിനിമയിലെ ഷീല എന്ന നടിയുടെ അഭിനയമികവു കണ്ട് കെ ബാലകൃഷ്ണനെപ്പോലൊരു എക്കാലത്തെയും പത്രപ്രവര്‍ത്തക ജീനിയസും ചലച്ചിത്ര നിരൂപകന്‍കൂടിയുമായിരുന്ന വ്യക്തി അഭിനന്ദിച്ചത്, ”ഷീലേ, നീ എന്റെ മകളായി ജനിച്ചില്ലല്ലോ” എന്നായിരുന്നു. പാര്‍വതിയെപ്പോലുള്ള വുമണ്‍ കലക്റ്റീവുകാര്‍ സ്വന്തം ഉടല്‍ കാത്തുരക്ഷിച്ചോളൂ, അര്‍ഹതപ്പെട്ട റമ്യൂണറേഷന്‍ സംഘടിപ്പിച്ചോളൂ. പക്ഷേ, ഒന്നു മറക്കരുത്- ഷീലയും ശാരദയും സ്മിതാ പാട്ടീലും അടൂര്‍ ഭവാനിയും നിലമ്പൂര്‍ ആയിഷയും കാമറകള്‍ക്കു മുന്നില്‍ സൃഷ്ടിച്ച വൈഭവങ്ങള്‍ക്കു സമാനമായി ന്യൂജന്‍ നടികളിലാരും കേമപ്പെട്ടില്ല. ആരോ പറഞ്ഞു ‘സ്വന്തം മൊയ്തീന്‍’ കാണണമെന്ന്. ഞാന്‍ കണ്ടു. സംവിധായകന്റെയും കാമറ ക്രൂവിന്റെയും ആജ്ഞകള്‍ അനുസരിക്കുന്ന വെറുമൊരു ‘പാവ അഭിനയം.’ വെറും ആക്റ്റിങ്, അതു മാത്രമാണ് എനിക്കു മനസ്സിലായ പാര്‍വതിയുടെ പ്രതിഭ. പാര്‍വതി ഓര്‍ക്കുക, കഥാപാത്രത്തെ ഉള്‍ക്കൊണ്ട പെരുമാറ്റരീതികളാണ്് നല്ല അഭിനയസമ്പ്രദായം. എഡ്മണ്ട് കീന്‍, സാറാ ബര്‍ണാഡ് തൊട്ടുള്ളവരെ വായിച്ചു പഠിക്കുക.
നല്ല കഥ, നോവല്‍ 2017ല്‍ മലയാളം കണ്ടുവോ? വായിച്ചുവോ? സുഗന്ധിയെന്ന ആണ്ടാള്‍ നായിക അടക്കം അവാര്‍ഡ് കൃതികള്‍ മോശം ചരക്കുകളാണെന്നാണ് അനുഭവം. പ്രശസ്ത എഡിറ്റര്‍ എസ് ജയചന്ദ്രന്‍നായര്‍ പ്രായം 80ഉം അതിലധികവും കഴിഞ്ഞ് വടികുത്തി നടക്കുന്ന നോവലിസ്റ്റിനോട് അദ്ദേഹം പുതിയ നോവലെഴുതുകയാണെങ്കില്‍ താനൊരു പ്രസിദ്ധീകരണം ആരംഭിക്കുമെന്നാണു പറഞ്ഞത്. ജയചന്ദ്രന്‍നായര്‍ മാന്യനായ പത്രപ്രവര്‍ത്തകനാണ്. എന്നിട്ടുമെന്തേഅങ്ങനെയൊരു വാക്കുണ്ടായി. പത്രപ്രവര്‍ത്തക യൂനിയന്‍ ഇലക്്ഷനില്‍ ഇതാദ്യമായി കോടതി വരെ ഭാരവാഹിത്വ പ്രശ്‌നത്തില്‍ ഇടപെട്ടു. ആരോരുമറിയാതെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഗൗരി ലങ്കേഷ് വധത്തിനു കാരണക്കാരായ ഛിദ്രശക്തികളെ കര്‍ണാടകയില്‍ ‘ശരിക്കും’ കണ്ടെത്തിയില്ല എന്നതും 2017ന്റെ വിശേഷണമാണ്.  ഒന്നു പറയാതെ വയ്യ. ഇന്ത്യയിലെമ്പാടും കേരളത്തില്‍ വിശേഷിച്ചും എസ്ഡിപിഐ-പോപുലര്‍ഫ്രണ്ട്-എന്‍സിഎച്ച്ആര്‍ഒ സംഘടനകള്‍ ശരിക്കും പ്രതിരോധങ്ങള്‍ തീര്‍ത്തു. ദേശീയ ചാനലുകളില്‍ സംഘി സ്വഭാവക്കാര്‍ കൂട്ടത്തോടെ പ്രസ്തുത സംഘടനകളെ നുണപറഞ്ഞ് തോല്‍പിക്കാനും ശ്രമിച്ചു. സംഘശക്തിക്കുണ്ടോ എന്നിട്ടും തളര്‍ച്ച? ആരും ഒരധികാരകേന്ദ്രവും ഒന്നുമില്ലാത്ത കരുവാളിച്ച ദൈന്യമുഖങ്ങളിലേക്ക് ശിശുക്കള്‍ക്കായി പോലും ഒന്നും പറയാന്‍ പാകത്തില്‍ ചെയ്തില്ല. അച്ചടിമാധ്യമങ്ങള്‍ മിക്കതും സര്‍ക്കുലേഷന്‍ കുറഞ്ഞ് ദുര്യോഗത്തിലാണ്് എന്നത് നടപ്പുകാര്യം. 2018-പ്ലീസ്, മുഖമെങ്കിലും നന്നാക്കണേ…      ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss