|    Feb 22 Wed, 2017 12:23 pm
FLASH NEWS

കേരളം സമ്പൂര്‍ണ ഒഡിഎഫ് സംസ്ഥാനമായി

Published : 2nd November 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്ത (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ-ഒഡിഎഫ്) സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യയിലെ ആദ്യത്തെ വെളിയിട വിസര്‍ജന വിമുക്തമാക്കി പ്രഖ്യാപിച്ചത്. പട്ടണപ്രദേശങ്ങളില്‍ ശൗചാലയങ്ങള്‍ ഒരുക്കുന്ന പദ്ധതിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കൂടി കണക്കിലെടുക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളില്ലെന്നതാണു വസ്തുത. ലക്ഷക്കണക്കിനു വരുന്ന അവര്‍ വെളിമ്പ്രദേശങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ അവകാശവാദങ്ങള്‍ക്ക് അര്‍ഥമില്ലാതെയാവും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയാലും ഇക്കാര്യത്തില്‍ സംസ്ഥാനത്തിനു പൂര്‍ണത അവകാശപ്പെടണമെങ്കില്‍ കേരളത്തിലോടുന്ന ട്രെയിനുകളും വെളിയിട വിസര്‍ജന വിമുക്തമാവണമെന്നു മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ ഓടുന്ന ട്രെയിനുകളില്‍ ഈ സൗകര്യങ്ങളുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശുചിമുറി നിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള അംഗീകാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.  ശുചിമുറി നിര്‍മാണം സമ്പൂര്‍ണമാക്കി ഒഡിഎഫ് പ്രഖ്യാപനം നിര്‍വഹിച്ച് യഥാക്രമം ഒന്നും രണ്ടും മൂന്നും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡുകള്‍ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, എടക്കാട് ബ്ലോക്ക് പഞ്ചായത്തുകളും പഞ്ചായത്തുകള്‍ക്കുളള അവാര്‍ഡുകള്‍ ആലപ്പുഴ ജില്ലയിലെ മുഹമ്മ, കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടിടം, എറണാകുളം ജില്ലയിലെ തിരുമാറാടി എന്നിവയും ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാര്‍ഡ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി ആര്‍ രാജീവനും വിഇഒയ്ക്കുള്ള പുരസ്‌കാരം കെ പ്രശാന്തനും സമ്മാനിച്ചു. ഒഡിഎഫ് പ്രഖ്യാപനം നടത്തിയ മറ്റ് 11 ജില്ലകള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. പദ്ധതിയുമായി സഹകരിച്ച വിവിധ സന്നദ്ധ സംഘടനകള്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മന്ത്രിമാരായ കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രന്‍, സി രവീന്ദ്രനാഥ്്, ടി പി രാമകൃഷ്ണന്‍, കെ കെ ശൈലജ ടീച്ചര്‍, വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയര്‍ വി കെ പ്രശാന്ത്, ശശി തരൂര്‍ എംപി, എംഎല്‍എമാരായ പി കെ കുഞ്ഞാലിക്കുട്ടി, വി എസ് ശിവകുമാര്‍, ഒ രാജഗോപാല്‍ സംബന്ധിച്ചു. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ വാസുകി റിപോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വി കെ ബേബി, ശുചിത്വ മിഷന്‍ ഡയറക്ടര്‍ (ഓപറേഷന്‍സ്) സി വി ജോയി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക