|    Oct 15 Mon, 2018 7:59 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളം വെള്ളത്തില്‍ : സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Published : 18th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ വീണ് കുട്ടി മരിച്ചു. ആനക്കല്ലില്‍ സ്വദേശിനിയായ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആതിരയാണ് ശനിയാഴ്ച മരിച്ചത്. വീട്ടില്‍ ശൗചാലയത്തിനായി എടുത്ത കുഴിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം നിറഞ്ഞിരുന്നു. ഇതില്‍ കാല്‍വഴുതി വീണാണ് ആതിര മരിച്ചത്. രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍  വെള്ളത്തിനടിയിലായി. അണക്കെട്ടുകള്‍ നിറഞ്ഞുകവിയുന്ന സാഹചര്യം കൂടി വന്നതോടെ പോലിസ്, അഗ്‌നിശമന സേന, റവന്യൂ വിഭാഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കോട്ടയത്തിനു സമീപം ചിങ്ങവനത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പൂവന്‍തുരുത്ത് റെയില്‍വേ മേല്‍പാലത്തിന് താഴെ ട്രാക്കിലേക്കാണ് മണ്ണിടിഞ്ഞുവീണത്. പാലക്കാട്ടെ അട്ടപ്പാടി കള്ളമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാലു വീടുകള്‍ തകര്‍ന്നു. 30 വീടുകള്‍ക്ക് കേടുപാട് പറ്റി. ഇവിടങ്ങളിലെ 12 കുടുംബങ്ങളിലെ 60ഓളം പേരെ ഐടിഡിപിയുടെ കാരുണ്യ ആശ്രമത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തകര്‍ന്ന വീട് ആദിവാസികളുടേതാണ്. ഉരുള്‍പൊട്ടലില്‍ ചുരം റോഡില്‍ വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം കലക്ടര്‍ നിരോധിച്ചു. പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടാവുകയും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടു. മഴ ഇനിയും ശക്തമായാല്‍ പേപ്പാറ അണക്കെട്ടും തുറക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, മൂന്നു ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ പലതും തുറന്നുവിട്ടു. നെയ്യാറിനു പുറമെ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ഇടുക്കി, കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നുവിട്ടു. നാലു വര്‍ഷത്തിനുശേഷമാണ് ഷോളയാര്‍ അണക്കെട്ട് നിറയുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 126 അടിയായി ഉയര്‍ന്നു. നിലവില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 1135 ഘനയടിയും ഡിസ്ചാര്‍ജ് 218 ഘനയടിയുമാണ്. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നതോടെ നീരൊഴുക്ക് ശക്തമായതിനാല്‍ പൊന്‍മുടി അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലായി. ഉയര്‍ന്ന പ്രദേശങ്ങളില്‍ വിനോദസഞ്ചാരത്തിനായി പോകുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാപക കൃഷിനാശമാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത നാലു ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപിലും രൂപപ്പെട്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്കു കാരണം. പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനത്താല്‍ ഒഡീഷയില്‍ അന്തരീക്ഷച്ചുഴി രൂപപ്പെട്ടതും  കാരണമായതായി കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലിസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ മലയോരപാതകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ ഗതാഗതം നിരോധിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ സമിതി നിര്‍ദേശം നല്‍കി. ഇന്നലെ ഏറ്റവുമധികം മഴ ലഭിച്ചത് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടാണ്. 23 സെമീ മഴയാണ് ഇവിടെ ലഭിച്ചത്. കോഴിക്കോട് വടകരയില്‍ 18 സെമീയും മലപ്പുറം പെരിന്തല്‍മണ്ണയില്‍ 16 സെമീയും എറണാകുളം പിറവത്ത് 15 സെമീയും മഴ ലഭിച്ചു. ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കി ജില്ലയിലെ മൈലാടുംപാറയിലും തിരുവനന്തപുരം നഗരത്തിലുമാണ്. രണ്ടു സെമീ മഴയാണ് ഇവിടെ ലഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss