|    May 28 Sun, 2017 10:23 am
FLASH NEWS

കേരളം വിട്ട മൂന്നു കുടുംബങ്ങള്‍ ശ്രീലങ്കയില്‍: എത്തിയത് മതപഠനത്തിനെന്ന് സ്ഥാപനാധികൃതരുടെ സ്ഥിരീകരണം; അസംതൃപ്തരായി സ്ഥലംവിട്ടെന്നും വെളിപ്പെടുത്തല്‍

Published : 14th July 2016 | Posted By: SMR

ISIS-MISSING

പി  എ  എം  ഹാരിസ്

കോഴിക്കോട്: കേരളത്തില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ യാത്രപുറപ്പെട്ടവരില്‍ മൂന്നു യുവാക്കള്‍ കുടുംബസമേതം ശ്രീലങ്കയിലെ ദാറുസ്സലഫിയ്യ മതപഠനകേന്ദ്രത്തില്‍ എത്തിയിരുന്നതായി വിവരം. പാലക്കാട് സ്വദേശി യഹ്‌യ, കാസര്‍കോട് പടന്നയിലെ അഷ്ഫാഖ്, തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ് എന്നിവര്‍ പഠനത്തിനായി എത്തിയെന്നും, എന്നാല്‍ സംശയങ്ങളുന്നയിച്ച അവര്‍ തങ്ങളുടെ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതിനാല്‍ സ്ഥാപനം വിട്ടുവെന്നും ശ്രീലങ്കന്‍ സലഫി ഇന്‍സ്റ്റിറ്റിയൂട്ടിലെ ചീഫ് ലക്ചറര്‍ അബു അബ്ദുര്‍റഹ്മാന്‍ നവാസ് അല്‍ ഹിന്ദി സ്ഥിരീകരിക്കുന്ന വോയ്‌സ് ക്ലിപ്പ് തേജസിന് ലഭിച്ചു. ഓഡിയോ കേള്‍ക്കാം

വിദേശ പൗരനായ നവാസ് അല്‍ ഹിന്ദിയുടെ മാതാപിതാക്കള്‍ മലയാളികളാണ്.
വിവാദമാവുന്നതു വിശ്വാസത്തിന്റെ വിചിത്ര വഴികള്‍ എന്ന തലക്കെട്ടില്‍ ദമ്മാജ് സലഫിസത്തെക്കുറിച്ച് തിങ്കളാഴ്ച തേജസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് ദമ്മാജ് സലഫി വിഭാഗവുമായി ബന്ധപ്പെട്ട സൗദിയിലെ കേന്ദ്രങ്ങളില്‍ നിന്നാണ് ഈ വോയ്‌സ് ക്ലിപ്പ് ലഭിച്ചത്. യഹ്‌യയോടൊപ്പം പുറപ്പെട്ട സഹോദരന്‍ ഈസയും കുടുംബവും കാസര്‍കോട്, കണ്ണൂര്‍ ജില്ലക്കാരായ മറ്റുള്ളവരും ഇവര്‍ക്കൊപ്പമാണോ ഉള്ളതെന്നു വ്യക്തമല്ല. ഇതേക്കുറിച്ച് വോയിസ് ക്ലിപ്പില്‍ ഒന്നും പരാമര്‍ശിക്കുന്നില്ല.
നവാസ് അല്‍ ഹിന്ദിയുടെ വിശദീകരണം ഇങ്ങനെ: സലഫികളാണെന്ന നിലയിലാണ് യഹ്‌യ, അഷ്ഫാഖ്, റാഷിദ് എന്നിവര്‍ സ്ഥാപനത്തില്‍ വന്നത്. സലഫി സഹോദരങ്ങളുടെ ശുപാര്‍ശയിലാണ് വന്നതെന്നതിനാല്‍ അവര്‍ക്കു പഠനസൗകര്യം നല്‍കി. ഭാര്യമാരും കുട്ടികളും കൂടെയുണ്ടായിരുന്നു. അറബി ഭാഷയിലും ഖുര്‍ആനിലും ശരിയായ വിശ്വാസകാര്യങ്ങളിലുമാണ് ക്ലാസുകള്‍ നല്‍കിയത്. നന്നായി പഠിക്കുകയും ഖുര്‍ആന്‍ ഏറെ ഹൃദിസ്ഥമാക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ ഇവര്‍ ചില സംശയങ്ങളുന്നയിച്ചു.

ഖവാരിജുകളും അല്‍ഖാഇദയും ദാഇശുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഇവ. സംശയനിവാരണത്തിനു മണിക്കൂറുകളോളം ചര്‍ച്ച നടത്തി. എല്ലാ സംശയങ്ങളും തീര്‍ന്നതായി മൂവരും വ്യക്തമാക്കിയതോടെ ചര്‍ച്ച അവസാനിപ്പിച്ചു. ഈ സംഘടനകളെക്കുറിച്ച് ഒരു സംശയവും ബാക്കിവയ്ക്കരുതെന്നും എല്ലാം ബോധ്യപ്പെട്ട ശേഷമേ പിരിയാവൂ എന്നും പ്രത്യേകം സൂചിപ്പിച്ചിരുന്നു.
എല്ലാം വ്യക്തമായെന്നും ഇനി സംശയങ്ങള്‍ ശേഷിക്കുന്നില്ലെന്നുമായിരുന്നു ഇവരുടെ മറുപടി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം തങ്ങള്‍ അസംതൃപ്തരാണെന്നും സ്ഥാപനം വിടുകയാണെന്നും മൂവരും അറിയിച്ചതായി നവാസ് അല്‍ ഹിന്ദി പറയുന്നു. മതപണ്ഡിതരായ ശെയ്ഖ് അല്‍ബാനി, ശെയ്ഖ് ഉതൈമീന്‍, ശെയ്ഖ് ഇബ്‌നു ബാസ് തുടങ്ങിയവര്‍ക്ക് മതിയായ പാണ്ഡിത്യമില്ലെന്നായിരുന്നു അവരുടെ വിമര്‍ശനം. തുടര്‍ന്ന് അവരോട് സ്ഥലംവിടാന്‍ നിര്‍ദേശിച്ചെന്നും മൂവരും കുടുംബസമേതം പോയെന്നും വെളിപ്പെടുത്തുന്ന നവാസ് അല്‍ ഹിന്ദി സലഫികളുടെ അഖീദയെ ചോദ്യംചെയ്ത അവര്‍ തെറ്റുമനസ്സിലാക്കി പശ്ചാത്തപിച്ച് തിരിച്ചുവരട്ടെ എന്നു പ്രാര്‍ഥിക്കുന്നുമുണ്ട്.
ശരിയായ സ്രോതസ്സുകളില്‍നിന്നോ ഏതെങ്കിലും പണ്ഡിതനില്‍നിന്നോ പഠിക്കുന്നതിനു പകരം ഇന്റര്‍നെറ്റ് പിന്തുടരുന്നതില്‍ നിന്നാണ് ഇത്തരം സംശയങ്ങള്‍ ഉണ്ടാവുന്നതെന്നു മുന്നറിയിപ്പു നല്‍കുന്ന അദ്ദേഹം, ഇസ്‌ലാമിന്റെ പേരിലുള്ള ചില സംഘങ്ങള്‍ മതത്തെ അപകടപ്പെടുത്തുന്നതാണെന്ന ശെയ്ഖ് അല്‍ബാനിയുടെ വാചകങ്ങളും ഉദ്ധരിക്കുന്നു.
മതത്തെക്കുറിച്ച് മോശമായ ചിത്രം നല്‍കുന്ന അവര്‍ സത്യത്തില്‍ ആളുകള്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നതിനെ തടയുകയാണ്. അടിസ്ഥാന സ്രോതസ്സുകളില്‍ നിന്ന് ഇസ്‌ലാമിനെ പഠിക്കണമെന്നും ഖുര്‍ആനും സുന്നത്തുമാണ് അടിസ്ഥാന സ്രോതസ്സുകളെന്നും 10 മിനിറ്റ് നീളുന്ന വിശദീകരണത്തില്‍ നവാസ് അല്‍ ഹിന്ദി ഊന്നിപ്പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day