|    Jun 18 Mon, 2018 5:53 am
FLASH NEWS
Home   >  Editpage  >  Editorial  >  

കേരളം വരള്‍ച്ചയുടെ പിടിയിലേക്ക്

Published : 3rd November 2016 | Posted By: SMR

കേരളം വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നു. 14 ജില്ലകളിലും മഴ കുറയുകയും കടുത്ത വരള്‍ച്ചയുടെ സൂചനകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈ തീരുമാനം എടുത്തതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
എല്ലാ ജില്ലകളും വരള്‍ച്ചബാധിതമാണെന്നു പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ്. കാലവര്‍ഷത്തില്‍ 34 ശതമാനം മഴ കുറവുണ്ടായി. തുലാവര്‍ഷത്തില്‍ ഇതുവരെ 69 ശതമാനം കുറവ് നേരിട്ടതായാണ് മന്ത്രി ചന്ദ്രശേഖരന്‍ വെളിപ്പെടുത്തിയത്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കനത്ത മഴ ലഭിച്ചാലും സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കപ്പെടില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയുടെ സൂചനകള്‍ ദൃശ്യമായ സാഹചര്യത്തിലാണ് സംസ്ഥാനം തന്നെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കുന്നത്.
സാധാരണ ലഭിക്കുന്നതിന്റെ 50 ശതമാനം മഴ മാത്രമാണ് ലഭിച്ചതെന്നും 6000ഓളം കോടി രൂപയുടെ വിളനാശം നേരിട്ടുവെന്നുമുള്ള റിപോര്‍ട്ട് കേരളം കേന്ദ്രത്തിനു നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയോടും കേരളത്തെ വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടതായി അറിയിച്ച മന്ത്രി, വരള്‍ച്ചയുടെ യഥാര്‍ഥ വസ്തുത കേന്ദ്രത്തെ ബോധ്യപ്പെടുത്തി കൂടുതല്‍ ധനസഹായം നേടാന്‍ ശ്രമിക്കുമെന്നും പറഞ്ഞു.
അടുത്ത വേനലില്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവുമാണ് കേരളീയര്‍ നേരിടേണ്ടിവരുക. ജില്ലാതലത്തില്‍ മന്ത്രിമാരും നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍മാരും യോഗം വിളിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രഖ്യാപനം. വരള്‍ച്ച പ്രതിരോധിക്കാനായി കുടിവെള്ള വിതരണത്തിനു സംവിധാനമൊരുക്കാനും, സോഷ്യല്‍ ഓഡിറ്റും ഉള്‍പ്പെടെ ഇരുപത്തിയാറിന നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്.
വൈദ്യുതിക്കു വേണ്ടി കേരളം മുഖ്യമായി ആശ്രയിക്കുന്നത് ജലവൈദ്യുത പദ്ധതികളെയാണ്. അതിനാല്‍ തന്നെ ജലക്ഷാമവും വരള്‍ച്ചയും സംസ്ഥാനത്തെ വൈദ്യുത ഉല്‍പാദനത്തെയും ബാധിക്കും.
ഓരോ വര്‍ഷവും മഴ കുറഞ്ഞുവരുന്നതിനെക്കുറിച്ച പരിദേവനങ്ങളും രൂക്ഷമാകുന്ന ജലക്ഷാമത്തെക്കുറിച്ചും വരള്‍ച്ചയെക്കുറിച്ചുമുള്ള മുന്നറിയിപ്പുകളും ഉയര്‍ന്നുവരാറുണ്ട്. മെച്ചപ്പെട്ട ജലനയം വേണമെന്നും കര്‍ഷകര്‍ക്ക് വായ്പാ തിരിച്ചടവിനു മൊറട്ടോറിയം വേണമെന്നും ചര്‍ച്ചകളും സെമിനാറുകളും നടക്കുന്നതല്ലാതെ, യഥാര്‍ഥത്തില്‍ ഈ ക്ഷാമത്തിനും വരള്‍ച്ചയ്ക്കും അടിസ്ഥാന പ്രശ്‌നം കണ്ടറിഞ്ഞുള്ള പ്രതിവിധി ഫലപ്രദമായി സ്വീകരിക്കുന്നതില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണാറില്ല. സംസ്ഥാനത്തെ വനങ്ങളും നദികളും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സാമ്പത്തിക താല്‍പര്യം മാത്രമുള്ള ഈ ഗൂഢസംഘങ്ങള്‍ക്ക് എല്ലാ സംരക്ഷണവും പിന്തുണയും നല്‍കുന്നതില്‍ രാഷ്ട്രീയകക്ഷികള്‍ മല്‍സരിക്കുകയാണ്. ഇതിനു മാറ്റം വരുന്നില്ലെങ്കില്‍ സസ്യശ്യാമള കോമളം എന്നതിനു പകരം വരുംതലമുറയ്ക്ക് കേരളത്തെ വരള്‍ച്ചയുടെ സ്വന്തം നാടായി പരിചയപ്പെടുത്തേണ്ടിവരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss