|    Nov 18 Sat, 2017 4:46 am

കേരളം രണ്ടാം നവോത്ഥാനത്തിന് കാതോര്‍ത്തിരിക്കുന്നു: വിദ്യാഭ്യാസ മന്ത്രി

Published : 7th August 2017 | Posted By: fsq

 

തൃശൂര്‍: കേരളം രണ്ടാം നവോത്ഥാനത്തിനു കാതോര്‍ത്തിരിക്കുകയാണെന്നും തെറ്റായ സാംസ്‌കാരിക ഇടപെടലുകള്‍ കേരളത്തെ കമ്പോളമാക്കിയിരിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയ നവോഥാനത്തെക്കുറിച്ച് ആഴത്തിലുള്ള പഠനമുണ്ടാകണം. നവോഥാനം സൃഷ്ടിച്ച മനുഷ്യമനസിലെ പൊതുഇടങ്ങള്‍ ചുരുങ്ങുകുയും മനസുകളില്‍ മതമൗലിക ചിന്തകള്‍ കടന്നുകൂടുകയും ചെയ്തിരിക്കുകയാണ്. നവോഥാനത്തിനു ശേഷം വളര്‍ന്നു വരേണ്ട സാംസ്‌കാരിക മേഖല എന്തുകൊണ്ട് തളര്‍ന്നുവെന്ന് ഏവരും ചിന്തിക്കേണ്ടതുണ്ട്. കേരളത്തിലെ സാംസ്‌കാരിക മേഖല വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യവും മയക്കുമരുന്നും മനുഷ്യമനസിനെ കീഴടക്കുന്ന അവസ്ഥ മൂല്യച്യൂതിയാണ് കാണിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ സര്‍ക്കാ ര്‍ നടപ്പാക്കുന്ന വിമുക്തി പദ്ധതി ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്. വെറും പോസ്റ്റര്‍ പ്രചാരണം കൊണ്ട് മാത്രം നടപ്പാക്കുന്ന ഒന്നല്ല വിമുക്തി. പ്രകൃതിയുടെ രാഗതാളങ്ങളാണ് കലാകാരന്മാര്‍. അതിനാല്‍ കേരളത്തെ ഉഥാനപാതയിലെത്തിക്കാന്‍ കലാസമൂഹവും സര്‍ക്കാരിനൊപ്പമുണ്ടാകണം. വിമുക്തി എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സാംസ്‌കാരിക ഇടപെടലില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഭാഗഭാക്കാകണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സാംസ്‌കാരിക കലാരംഗത്തുള്ളവര്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണന്‍, സിനിമാതാരം ജയരാജ് വാര്യര്‍, പ്രഭാഷകന്‍ മുഹമ്മദ് പേരാമ്പ്ര സംസാരിച്ചു. തുടര്‍ന്നു നടന്ന സുഹൃദ്‌സമ്മേളനം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വി ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ., വിവിധ സംഘടനാ നേതാക്കളായ ടി.സി. മാത്തുക്കുട്ടി, എന്‍.കെ. ബെന്നി, പി. വിനോദ്, കെ.എ. ശിവന്‍, കെ. രാധാകൃഷ്ണന്‍, അസോസിയേഷന്‍ ഭാരവാഹികളായ കെ.വി. വിനോദ്, കെ.എസ്. ഷിബു, എം.ബി. വത്സരാജ്, പി.എച്ച്. ഉമ്മര്‍, ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക