|    Dec 12 Wed, 2018 8:43 am
FLASH NEWS
Home   >  Editpage  >  Article  >  

കേരളം മാത്രം ബാക്കിയാവുമ്പോള്‍

Published : 13th March 2018 | Posted By: kasim kzm

എം എം റഫീഖ്
ബാങ്ക് ബാലന്‍സ് പാടെയില്ലാത്ത, ടിഫിന്‍ ബോക്‌സില്‍ ഭക്ഷണം കൊണ്ടുവരുന്ന, ചെറിയ വീട്ടില്‍ താമസിക്കുന്ന, സ്വന്തമായി കാറോ സ്വത്തോ മൊബൈല്‍ ഫോണോ പോലുമില്ലാത്ത രാഷ്ട്രീയക്കാരനാണ് മണിക് സര്‍ക്കാര്‍. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് എംഎല്‍എ ചെരിപ്പ് ധരിക്കാറില്ല എന്നതായിരുന്നു മല്‍സരസമയത്തെ ഒരു ആഘോഷം. പക്ഷേ, ഇത്തരം ക്ലാസിക്കല്‍ കമ്മ്യൂണിസ്റ്റ് സങ്കല്‍പങ്ങള്‍ക്കൊക്കെ ക്രൂരമായൊരു യാത്രാമൊഴിയാണ് ത്രിപുരക്കാര്‍ നല്‍കിയത്. ഭീകരനിയമമായ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്റ്റ്(അഫ്‌സ്പ) ഒഴിവാക്കിയ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു മണിക് സര്‍ക്കാര്‍. ത്രിപുരയിലെ സാക്ഷരതാനിരക്ക് 90 ശതമാനമാക്കിയ അദ്ദേഹം തന്റെ നയങ്ങളിലൂടെ ഗോത്രവര്‍ഗങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കാനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ശ്രമിച്ചിട്ടുണ്ടെന്നു പറയാം. പക്ഷേ, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അവയൊന്നും ഫലം കണ്ടില്ല. കമ്മ്യൂണിസ്റ്റ് നേതൃത്വം തോല്‍വിയെക്കുറിച്ച് ഗൗരവതരമായി വിലയിരുത്തേണ്ടതുണ്ട്.
2011ല്‍ ബംഗാളില്‍ ഇതുപോലെ ഒരടി സിപിഎമ്മിന് ഏറ്റതാണ്. അതില്‍ നിന്ന് ഇനിയും മോചനം നേടാന്‍ പാര്‍ട്ടിക്കായിട്ടില്ല. അവിടെ എതിരാളി മമതയായിരുന്നെങ്കില്‍ ത്രിപുരയില്‍ അത് ഹിന്ദുത്വ ഭീകരതയാണെന്ന കൂടിയ ആശങ്കയ്ക്ക് വകയുണ്ട്. 34 കൊല്ലത്തെ ഭരണമാണ് ബംഗാളില്‍ തകര്‍ന്നടിഞ്ഞത്. പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹിന്ദി ഹൃദയഭൂമിയിലേക്കു കടക്കുമെന്നൊക്കെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ലോക്‌സഭയില്‍ പോലും അംഗസംഖ്യ കുത്തനെ കുറയുന്നതാണു കണ്ടത്. ബംഗാളിനു പിറകെ ത്രിപുരയും നഷ്ടമായി. ഇതിനുള്ള കാരണങ്ങളെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബോധവാന്മാരാണോയെന്നതാണ് ചിന്തിക്കേണ്ടത്. ബംഗാള്‍ നഷ്ടപ്പെടാനുള്ള പ്രധാന കാരണം നന്തിഗ്രാമും സിംഗൂരുമടക്കമുള്ള പ്രശ്‌നങ്ങളായിരുന്നെങ്കില്‍ അത്തരം നിലപാടുകളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാഠംപഠിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കപ്പെടണം. ബംഗാളില്‍ തങ്ങളുടെ കൂടെ എക്കാലവും നിന്ന കര്‍ഷകരെയും മുസ്‌ലിംകളെയും ഗോത്രവിഭാഗങ്ങളെയും മറന്നപോലെ കേരളത്തിലും ഇടതുപക്ഷം സഞ്ചരിക്കുന്നുവെന്നതാണ് ദുഃഖകരം.
ബിജെപിയുമായി ഒരുനിലയ്ക്കും ആശയസാമ്യതയില്ലാത്ത കക്ഷിയാണ് ത്രിപുരയിലെ ഐപിഎഫ്ടി (വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കെത്തുമ്പോള്‍ ബിജെപിയുടെ നയങ്ങള്‍ക്കുതന്നെ നിറംമാറ്റമുണ്ട്). എന്നിട്ടും അവരെ ബിജെപി കൂടെക്കൂട്ടി. തിപ്രലാന്‍ഡ് എന്ന പേരില്‍ ഒരു വ്യത്യസ്ത സംസ്ഥാനം വേണമെന്നു വാദിക്കുന്നവരാണ് ഐപിഎഫ്ടി. അവരോടുള്ള നീക്കുപോക്കില്‍ ത്രിപുര ട്രൈബല്‍ ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ഉണ്ടാക്കാമെന്ന് ബിജെപി ഉറപ്പുനല്‍കിയിരിക്കുകയാണ്.
അഗര്‍ത്തലയില്‍ നിന്ന് ധരംനഗറിലേക്ക് രാവിലെ ആറു മണിക്ക് പുറപ്പെടുന്ന ട്രെയിനില്‍ മോദി ടീഷര്‍ട്ട് ധരിച്ച യുവാക്കള്‍ ബിജെപിയുടെ സന്ദേശം ഉള്‍ക്കൊള്ളിച്ച ലഘുലേഖയും മറ്റും ബംഗാളി, കൊക്‌ബൊറോക് ഭാഷകളില്‍ വിതരണം ചെയ്തു. ഗ്രാമങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ അക്രമം നടത്തുമെന്നതിനാലാണത്രേ ബിജെപിക്കാര്‍ ട്രെയിന്‍ തിരഞ്ഞെടുത്തത്. ഇലക്ഷന് മാസങ്ങള്‍ക്കു മുമ്പേ ഈ പ്രചാരണം ആരംഭിച്ചിരുന്നുവത്രേ. 60 വോട്ടര്‍മാര്‍ക്ക് ഒരു പ്രമുഖ് എന്ന നിലയ്ക്കായിരുന്നു ബിജെപിയുടെ കളി. 2014 മുതലാണ് ആര്‍എസ്എസിന് ത്രിപുരയില്‍ വേരോട്ടമുണ്ടായിത്തുടങ്ങിയത്.
വര്‍ഗം, ജാതി, ലിംഗം, പരിസ്ഥിതി വിഷയങ്ങളില്‍ ഇടതുപക്ഷ പുരോഗമന കാഴ്ചപ്പാട് എന്നത് വാക്കില്‍ മാത്രമാക്കി ചുരുക്കുന്നതില്‍ നേതൃത്വം വിജയിച്ചുവെന്നതാണ് കമ്മ്യൂണിസത്തിന്റെ പരാജയത്തില്‍ പ്രധാനപ്പെട്ട ഒന്ന്. കട്ടന്‍ചായയും പരിപ്പുവടയും കഴിക്കുന്ന ക്ലാസിക്കലിസത്തിന്റെ പ്രേതം ഇപ്പോഴും പിന്തുടരുന്നുണ്ടെന്നു പറയാതെ വയ്യ. മേല്‍വിഷയങ്ങളില്‍ വലതുപക്ഷത്തിന്റെ കാഴ്ചപ്പാടുകളോട് ഇടതു ചിന്തകള്‍ക്ക് മല്‍സരിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ തെളിവാണ് പുതിയ സാമൂഹികമുന്നേറ്റങ്ങള്‍ക്കു കിട്ടുന്ന വന്‍ ജനപിന്തുണ. അവയെ നുണപ്രചാരണത്തിലൂടെയും അക്രമത്തിലൂടെയും ഇല്ലാതാക്കിക്കളയാമെന്ന് വ്യാമോഹിക്കുമ്പോള്‍ ഇടതുപക്ഷം കുഴിയാനയെപ്പോലെ ഒന്നുകൂടി താഴേക്ക് പതിക്കുന്നു.
മോദി ഭരണം യഥാര്‍ഥ ഫാഷിസമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ഇടതുപക്ഷത്തിന് ആശയവ്യക്തത വന്നിട്ടില്ലെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. കോണ്‍ഗ്രസ്സിനോടോ തൃണമൂലിനോടോ ബന്ധം വേണ്ടെന്ന് തീരുമാനിക്കുന്നതും ഇതിന്റെ തുടര്‍ച്ചയാണ്. കേരളത്തില്‍ കൂടെ നില്‍ക്കുന്ന സിപിഐയെ പോലും പിണക്കുകയാണ്.
ബിജെപിയാവട്ടെ, ഇത്തരത്തിലുള്ള വിഷയങ്ങള്‍ പരിഗണിക്കുന്നേയില്ല. പശു, ദേശീയത, രാമക്ഷേത്രം തുടങ്ങിയവ കത്തിക്കുകയും ആദിവാസി, ദലിത് വിഭാഗങ്ങളെ കൂടെ നിര്‍ത്തുകയും ചെയ്യുന്നു. ഇതിനെതിരേ ബീഫ് ഫെസ്റ്റ് പോലുള്ള മിമിക്രികള്‍കൊണ്ട് രക്ഷപ്പെടാമെന്നാണ് ഇടതുപക്ഷം വ്യാമോഹിക്കുന്നത്.
25 കൊല്ലം ഭരിച്ച ഒരു പാര്‍ട്ടിയെയും 20 കൊല്ലം ഭരിച്ച ഒരു മുഖ്യമന്ത്രിയെയുമാണ് ത്രിപുര കൈയൊഴിഞ്ഞത്. പുരോഗമനപരമായ പല സംഗതികളും നടപ്പാക്കിയിട്ടും അതായിരുന്നു ഗതി. കാരണം, അഭ്യസ്തവിദ്യരായ യുവതയെക്കുറിച്ച് സര്‍ക്കാര്‍ അജ്ഞതയിലായിരുന്നു. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും കാലത്തെ അഭിസംബോധന ചെയ്യാന്‍ ഇടതുപക്ഷത്തിന് സാധിക്കാതെപോയി. ഇക്കാലത്തെ നവോത്ഥാനം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് ഇനിയും ഏറെ പഠിക്കാനുണ്ട് ഇടതുപക്ഷം. വളര്‍ന്നുവരുന്ന യുവത ചരിത്രവും സാമൂഹികജ്ഞാനവും തത്ത്വശാസ്ത്രവും അറിയാതെയാണ് വളരുന്നത്. അറിയുന്നുണ്ടെങ്കില്‍ത്തന്നെ വലതുപക്ഷവല്‍ക്കരിച്ച സാമൂഹികബോധമാണ് നിരന്തരം പ്രചരിപ്പിക്കപ്പെടുന്നത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ക്ലാസിക്കല്‍ കമ്മ്യൂണിസത്തില്‍ നിന്ന് പിടിവിട്ടിട്ടില്ല. വിദ്യാഭാരതി സ്‌കൂളുകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന തീവ്ര വലതുപക്ഷ ചരിത്രബോധത്തെ കണ്ടില്ലെന്നു നടിക്കുകയാണ് കേരളവും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇതു സൃഷ്ടിക്കാന്‍ പോവുന്നത്. അത്തരം സ്‌കൂളുകളില്‍ ബിജെപി പ്രവര്‍ത്തകരുടെ മക്കള്‍ മാത്രമല്ല പഠിക്കുന്നതെന്ന് കേരള സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ലല്ലോ. ഈ അറച്ചുനില്‍പ്പിന് അധികം വൈകാതെ കേരളവും വില നല്‍കേണ്ടിവരും.
തകര്‍ന്നിടത്ത് തിരിച്ചുവരവിന്റെ ഒരു ലക്ഷണവും സിപിഎം കാണിക്കുന്നില്ല. ബംഗാളിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ പ്രതിപക്ഷമായി ബിജെപി മാറുന്നുണ്ട്. കേരളത്തിലും ഇതിന്റെ സൂചനകള്‍ കാണുന്നുണ്ട്. നേമത്തെ രാജഗോപാലിന്റെ വിജയം കോണ്‍ഗ്രസ്സിനുമേല്‍ പഴിചാരി ന്യായീകരിക്കാമെങ്കിലും സൂക്ഷ്മ വിശകലനം സിപിഎമ്മിന് സ്വയം മാറാനുള്ള പാഠങ്ങള്‍ നല്‍കേണ്ടതുണ്ട്.
പ്രചാരണസ്വാതന്ത്ര്യം കിട്ടുന്നിടത്ത് ഇടതുപക്ഷം തകരുന്നുവെന്നത് ഒരു സത്യമാണ്. കാംപസുകളിലെ എസ്എഫ്‌ഐ ഫാഷിസം അതിന്റെ സൂചനയാണ്. അഭിപ്രായസ്വാതന്ത്ര്യത്തെ ഇടതുപക്ഷം ഭയക്കുന്നുണ്ട്. പക്ഷേ, സോഷ്യല്‍ മീഡിയയുടെ വരവ് ഇടതുപക്ഷത്തെ തളര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. സൈബര്‍ ലോകത്തെ സഖാക്കള്‍ അറിഞ്ഞോ അറിയാതെയോ വലതുപക്ഷത്തിന് ചൂട്ടുപിടിക്കുന്നു. ഇടതുപക്ഷനയങ്ങള്‍ക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ ഇല്ലാതാക്കാന്‍ പുലര്‍ത്തിപ്പോന്ന ശ്രദ്ധ സൈബര്‍ ഇടത്ത് നടക്കുന്നില്ലെന്നത് ഇടതുപക്ഷത്തെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിക്കുന്നത്. സംവാദത്തിന്റെയും ചര്‍ച്ചകളുടെയും വാതില്‍ കൊട്ടിയടച്ച് കടക്ക് പുറത്തെന്നു പറയുന്നത് അപകടം മാത്രമേ ചെയ്യൂ.
ആര്‍എസ്എസ് ലക്ഷ്യംവയ്ക്കുന്നത് രണ്ടു സംസ്ഥാനങ്ങളാണ്- ബംഗാളും കേരളവും. ദേശീയതലത്തില്‍ തന്നെ അതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ബംഗാളില്‍ രാമനവമി ഉല്‍സവം കാവിയുടെ രംഗപ്രവേശത്തിന് ആക്കംകൂട്ടാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ ആര്‍എസ്എസ് പ്രചാരകായ കുമ്മനം രാജശേഖരന്‍ ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. പക്ഷേ, ഇടതുപക്ഷം ബംഗാളില്‍ ഒരു പ്രതിപക്ഷമേയല്ലാതായി മാറുന്നതുപോലെ കേരളത്തില്‍ ഒരു ജനകീയ സര്‍ക്കാരാവുന്നുമില്ല. ഇടതുപക്ഷ മാതൃകയെന്നത് കൂടുതല്‍ ജനവിരുദ്ധമാവുകയാണ്. ത്രിപുര ഒരു താല്‍ക്കാലിക പ്രതിഭാസമാണ്, പണത്തിന്റെ കുത്തൊഴുക്കാണ്, കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വമാണ് എന്നൊക്കെ പറഞ്ഞ് കൈകഴുകി കാത്തിരിക്കുകയാണ് ഇടതുപക്ഷം. രാജ്യത്തെ കാര്‍ന്നുതിന്നുന്ന അവസ്ഥയിലേക്ക് ഹിന്ദുത്വ ഭീകരത വളരുന്നുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കുകയും ജനകീയ പ്രതിരോധത്തിന് ഒരുക്കൂട്ടുകയുമാണു വേണ്ടത്.                             ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss