|    Jan 19 Fri, 2018 7:21 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കേരളം നാട്ടുരാജ്യമായി മാറിയ കഥ

Published : 6th August 2017 | Posted By: fsq

നാട്ടില്‍ സമാധാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്നാണ് എല്ലാവരെയും പോലെ മാധ്യമപ്രവര്‍ത്തകരും കരുതിയത്. അതുകൊണ്ടാണ് സംസ്ഥാനത്ത് രാഷ്ട്രീയാസ്വാസ്ഥ്യം ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ച റിപോര്‍ട്ട് ചെയ്യാന്‍ അവര്‍ എത്തിയത്. എന്നാല്‍, ‘കടക്ക് പുറത്തെ’ന്നായിരുന്നു മുഖ്യമന്ത്രിയുടെ തിട്ടൂരം. ഐക്യകേരളത്തിന്റെ വജ്രജൂബിലി ആഘോഷവേളയില്‍ കേരളം നാട്ടുരാജ്യമായതും സഖാവ് പിണറായി രാജാവായതും ആരറിഞ്ഞു! സ്വയം വരുത്തിവയ്ക്കുന്ന വിനകളും ധാര്‍ഷ്ട്യവുമൊക്കെയായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനോട് ‘കടക്ക് പുറത്തെ’ന്നു വെറുതെ പറയാന്‍ പോലും പ്രതിപക്ഷത്തെക്കൊണ്ട് ആവുന്നുമില്ല. സര്‍ക്കാരിെന ഓങ്ങിയടിക്കാന്‍ വടി നിരന്തരം ലഭിച്ചിട്ടും അതു ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരു വൈമനസ്യം പോലെ. ഭരണം രണ്ടാം വര്‍ഷത്തിലേക്ക് കടന്നിട്ടും അപരിഹാര്യമായി നിരവധി പ്രശ്‌നങ്ങളാണ് നാട്ടില്‍ ബാക്കി കിടക്കുന്നത്. പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച വിനായകന്‍ എന്ന ദലിത് യുവാവ് മരണപ്പെട്ട സംഭവത്തില്‍ പോലും പ്രതിപക്ഷം ഉണര്‍ന്നില്ല. ഒരു എംഎല്‍എയുടെ ബലത്തില്‍ പ്രതിപക്ഷം കളിക്കാന്‍ നോക്കുന്ന ബിജെപിയെ രാജ്യസ്‌നേഹികള്‍ക്കു മുന്നില്‍ തുറന്നുകാട്ടാന്‍ കിട്ടിയ മെഡിക്കല്‍ കോഴയും വേണ്ടതുപോലെ ഉപയോഗിക്കാന്‍ യുഡിഎഫിനായില്ല. നാളെ മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കുകയാണ്. പതിവുപോലെ ബഹളവും ഇറങ്ങിപ്പോക്കും ഉണ്ടാവുമെന്നുറപ്പ്. അതിലുപരി നാട്ടിലെ സംഭവവികാസങ്ങളില്‍ തങ്ങളുടെ നിലപാട് കൃത്യമായി വ്യക്തമാക്കാനും അതനുസരിച്ച് സര്‍ക്കാരിനെതിരേ പൊതുജനാഭിപ്രായം രൂപീകരിക്കാനും നിലവിലെ പ്രതിപക്ഷ അംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നു സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. പ്രതിപക്ഷ നേതാവിന്റെ ഓഫിസില്‍ നിന്നു നിത്യവും എല്ലാ മാധ്യമങ്ങള്‍ക്കും ഏതെങ്കിലും വിഷയത്തില്‍ പ്രതികരണം ലഭിക്കുന്നുെണ്ടന്നത് നേര്. പ്രധാനമന്ത്രി മുതല്‍ മുഖ്യമന്ത്രി വരെയും സിഎജി മുതല്‍ ഇങ്ങ് സംസ്ഥാന മന്ത്രിമാര്‍ക്കു വരെയും പലപ്പോഴായി പല വിഷയങ്ങളിലും കത്തയക്കുന്നുണ്ട് എന്നതും നേര്. പക്ഷേ, അതാണോ പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ചെയ്യേണ്ട കര്‍ത്തവ്യങ്ങളില്‍ പ്രഥമം? വര്‍ഷം ഒന്നു കഴിഞ്ഞ സര്‍ക്കാരിനെതിരേ എന്തു പ്രക്ഷോഭമാണ് പ്രതിപക്ഷം സംഘടിപ്പിച്ചത്? നാട്ടുനടപ്പു പോലെ ചില ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതല്ലാതെ, സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെയോ തീരുമാനങ്ങളെയോ തിരുത്തിക്കുന്ന എന്തു സമരമാണ് ഇക്കാലയളവില്‍ പ്രതിപക്ഷം ചെയ്തത്? വിഷയങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഭരണപക്ഷം തന്നെ നല്‍കിയിട്ടും വേണ്ടപോലെ ഉപയോഗിക്കാന്‍ കഴിയാത്തത്ര ദുര്‍ബലമാണ് പ്രതിപക്ഷം.ഇതിനിടയില്‍ നിയമസഭാ സമ്മേളനത്തിനിടെ ഉന്നയിക്കേണ്ട വിഷയങ്ങള്‍ ജനങ്ങളില്‍ നിന്ന് ഫേസ്ബുക്ക് വഴി സമാഹരിച്ചതാണ് പ്രതിപക്ഷ നേതാവില്‍ നിന്നു കണ്ട പ്രശംസനീയമായ ഒരേയൊരു കാര്യം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിക്കേണ്ട വിഷയങ്ങള്‍ തേടിയിരുന്നു. അതില്‍ എത്രയെണ്ണം സഭയില്‍ അവതരിപ്പിച്ചു എന്നത് അവര്‍ തന്നെ വ്യക്തമാക്കുന്നതായിരിക്കും നല്ലത്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍, കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു വിട്ടുനല്‍കല്‍, സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം, സംസ്ഥാനത്തെ ക്രമസമാധാനനില, പോലിസിലെ സ്ഥലംമാറ്റം, ബിജെപിയുടെ മെഡിക്കല്‍ കോഴ, വിലക്കയറ്റം, റേഷന്‍ വിതരണത്തില്‍ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി തുടങ്ങി നാനാവിധ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്. ഇതിലുപരി പ്രാദേശിക തലത്തിലെ പ്രശ്‌നങ്ങള്‍ വേറെയും. എന്നാല്‍, പ്രതിപക്ഷത്തുനിന്ന് പ്രതിഷേധിക്കുന്നതായ വാര്‍ത്താക്കുറിപ്പ് ഇറങ്ങുന്നതല്ലാതെ തെരുവിലിറങ്ങിയുള്ള സമരങ്ങള്‍ കാണുന്നില്ല. ഇതിനിടെ, തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് ബസ്തി കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട പിറ്റേന്ന് കോഴിക്കോട്ട് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് ഉപവാസം ഇരുന്നത് കാണാതിരിക്കുന്നില്ല. എല്ലാ കൊലപാതകവും എതിര്‍ക്കപ്പെടേണ്ടതാണെന്നിരിക്കെ, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം പ്രതിപക്ഷം സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി വരുന്നതിനെ ആരെങ്കിലും സംശയത്തോടെ വീക്ഷിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. മലപ്പുറത്ത് കൊടിഞ്ഞിയില്‍ ഫൈസലും കാസര്‍കോട് ചൂരിയില്‍ മദ്‌റസാ അധ്യാപകനും കൊല്ലപ്പെട്ടപ്പോള്‍ ഇത്തരം ഉപവാസമോ പ്രതിഷേധമോ പ്രതിപക്ഷത്തുനിന്ന് കാര്യമായി ഉണ്ടായിട്ടില്ല. കഴിഞ്ഞ 27നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കോവളം കൊട്ടാരവും അനുബന്ധിച്ചുള്ള സ്ഥലവും വ്യവസായ പ്രമുഖന്‍ രവി പിള്ളയുടെ ആര്‍പി ഗ്രൂപ്പിനു നല്‍കാന്‍ തീരുമാനിച്ചത്. പി തിലോത്തമന്‍ ഒഴികെ, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അടക്കം സിപിഐ മന്ത്രിമാര്‍ പല വിധ കാരണങ്ങളാല്‍ പങ്കെടുക്കാതിരുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതിനെതിരേ പ്രസ്താവനയിറക്കാന്‍ പോലും പ്രതിപക്ഷ നേതാവിനായില്ല. കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു വിട്ടുനല്‍കുന്നത് നേരത്തെത്തന്നെ എതിര്‍ക്കുന്ന വി എം സുധീരന്‍ മാത്രമായിരുന്നു മന്ത്രിസഭാ തീരുമാനമുണ്ടായ ഉടനെ പ്രതികരണവുമായി രംഗത്തെത്തിയ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള ഒരേയൊരു നേതാവ്. പിന്നെ ഭരണപക്ഷത്തു നിന്നുള്ള വിഎസും. കോവളം കൊട്ടാരം വിട്ടുനല്‍കിയ സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ മൗനം ചര്‍ച്ചയായപ്പോഴായിരുന്നു രമേശ് ചെന്നിത്തല ഇതുസംബന്ധമായി പ്രതികരിച്ചത്. ഉടമസ്ഥത സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ട് കൈവശാവകാശം ആര്‍പി ഗ്രൂപ്പിനു കൈമാറാനുള്ള മന്ത്രിസഭാ തീരുമാനം വിചിത്രമാണെന്നും, പ്രതിപക്ഷത്തായിരുന്നപ്പോള്‍ കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സമരം നടത്തിയ ഇടതു മുന്നണി ഭരണത്തിലെത്തിയപ്പോള്‍ അത് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത് അവരുടെ കാപട്യം തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിറ്റേന്ന് ഇറക്കിയ പ്രതികരണ കുറിപ്പില്‍ ഉണ്ടായിരുന്നത്. തൃശൂര്‍ പാവറട്ടിയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച ദലിത് യുവാവ് വിനായകന്‍ പിന്നീട് മരണപ്പെട്ട സംഭവത്തിലും പ്രതിപക്ഷം കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. കഴിഞ്ഞ ജൂലൈ 17നാണ് വിനായകനെയും സുഹൃത്തിനെയും പോലിസ് കസ്റ്റഡിയിലെടുത്തത്. മുടി നീട്ടിവളര്‍ത്തിയ വിനായകനെ പോലിസ് പരിഹസിക്കുകയും മോഷ്ടാവെന്ന് മുദ്രകുത്തുകയും ചെയ്തു. അതിക്രൂരമായ പീഡനമാണ് വിനായകനു നേരിടേണ്ടിവന്നത്. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കി ഇടപെട്ടത് ഒഴിച്ചാല്‍ പ്രതിപക്ഷം ഇത് ഏറ്റെടുക്കുകയോ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇടപെടുകയോ ചെയ്തില്ല. സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തിലും പ്രതിപക്ഷം കാര്യമായി ഇടപെട്ടില്ല. ആശയക്കുഴപ്പത്തിന് ഇടനല്‍കുന്ന ഫീസ് നിര്‍ണയത്തിലും പ്രവേശന നടപടികളിലും വ്യക്തത വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വിഷയത്തില്‍ കെഎസ്‌യു അടക്കം വിവിധ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ തെരുവിലിറങ്ങിയത് ഒഴിച്ചാല്‍ സര്‍ക്കാരിനെ തിരുത്തിക്കാന്‍ ബാധ്യതയുള്ള പ്രതിപക്ഷം യാതൊരു ഇടപെടലും നടത്തിയില്ല. മന്ത്രിയെ കുറ്റപ്പെടുത്തിയും ഫീസ് നിര്‍ണയത്തില്‍ അഴിമതി ആരോപിച്ചും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രസ്താവനയിറക്കിയത് കാണാതിരിക്കുന്നില്ല. കേന്ദ്രഭരണത്തിന്റെ മറവില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ നടത്തുന്ന അഴിമതിയെക്കുറിച്ച് പ്രത്യക്ഷ സമരം നടത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും യുഡിഎഫിന് അതും നടത്താനായില്ല. 31നു രാജ്ഭവനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം തിരുവനന്തപുരം ജില്ലയില്‍ അന്നേ ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ കാരണം നടന്നില്ല. മറ്റൊരു ദിവസത്തേക്ക് അതു സംഘടിപ്പിക്കാനുള്ള ഉല്‍സാഹം യുഡിഎഫ് കാണിച്ചതുമില്ല. നിയമസഭാ തിരഞ്ഞെടുപ്പു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അരങ്ങേറുന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അറുതിവന്നിട്ടില്ല. ആര്‍എസ്എസും സിപിഎമ്മും മല്‍സരിച്ച് അക്രമത്തിനു കോപ്പുകൂട്ടുമ്പോള്‍, ഇതിനെതിരേ പൊതുജനത്തെ ഒപ്പം നിര്‍ത്തി പ്രതിരോധം തീര്‍ക്കാനും പ്രതിപക്ഷത്തിനു വേണ്ട വിധം സാധിച്ചില്ല. പലപ്പോഴും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തേക്കാള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് കാനം രാജേന്ദ്രന്റെയും വിഎസിന്റെയും നിലപാടുകളാണ്. പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം കാരണം ഭരണപക്ഷത്തു നിന്നുതന്നെ പ്രതിപക്ഷ സ്വരം വരുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ ഭാവിക്ക് നല്ലതല്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day