|    Feb 23 Thu, 2017 5:36 pm

കേരളം കൊടുംവരള്‍ച്ചയിലേക്ക്;കാര്‍ഷികമേഖല പ്രതിസന്ധിയില്‍

Published : 22nd October 2016 | Posted By: SMR

പെരിന്തല്‍മണ്ണ: കേരളം കൊടും വരള്‍ച്ചയിലേക്ക്. ഡാമുകള്‍, നദികള്‍, തോടുകള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസുകള്‍ പതിവിലും നേരത്തേ വറ്റി തുടങ്ങി. സംസ്ഥാനത്ത് 44 പുഴകളുണ്ടെങ്കിലും ഭൂരിഭാഗങ്ങളിലും വരള്‍ച്ചയുടെ ലക്ഷണങ്ങളുണ്ട്. സംസ്ഥാനത്തെ 33 ഡാമുകളിലെ ജലനിരപ്പും അരനൂറ്റാണ്ടിനിടയിലെ പരിതാപകരമായ സ്ഥിതിയിലാണ്. ഈ വര്‍ഷം കാലവര്‍ഷത്തില്‍ മാത്രം 34 ശതമാനം മഴക്കുറവുണ്ടായി. ഇത് കാര്‍ഷിക മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത്തവണ ഡാമുകളില്‍നിന്നു കാര്‍ഷികാവശ്യങ്ങള്‍ക്ക് വെള്ളംകൊടുക്കാന്‍ പ്രയാസമാവും. കുടിവെള്ളത്തിനാവും മുന്‍ഗണന. കേന്ദ്ര ജലവിഭവ വികസന കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 45 ലക്ഷം കിണറുകളുണ്ട്. സംസ്ഥാന ഭൂഗര്‍ഭജല വകുപ്പിന്റെ പഠനപ്രകാരം തീരദേശത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 200 കിണറുകളും ഇടനാട്ടില്‍ ചതുരശ്ര കിലോമീറ്ററില്‍ 150 കിണറുകളും മലനാട്ടില്‍ ചതുരശ്ര കിലോമീറ്ററില്‍ 70 കിണറുകളുമുണ്ട്. കിണറുകളിലെ വെള്ളത്തിന്റെ അളവ് മഴ പോലെ പുഴകളെയും ആശ്രയിച്ചാണ്. 44 പുഴകളില്‍ കബനി, ഭവാനി, പാമ്പാറ ഒഴികെയുള്ളവ പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലില്‍ പതിക്കുന്നവയാണ്. വൈദ്യുതി ഉല്‍പ്പാദനവും ഗണ്യമായി കുറയും. ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പും പ്രതിസന്ധിയിലാവും. തുലാവര്‍ഷമാണ് പ്രതീക്ഷയെങ്കിലും മഴ ശക്തമായാലും പ്രതിസന്ധിക്ക് നേരിയ പരിഹാരമേ ഉണ്ടാവൂ. ആകെ മഴയുടെ 19 ശതമാനം (447 മില്ലീമീറ്റര്‍) പെയ്യേണ്ട തുലാവര്‍ഷം ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയാണെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടിയ സമയവും പിന്നിട്ടു. ഉറപ്പില്ലാത്ത മഴക്കാലം എന്ന് വിശേഷിപ്പിക്കാവുന്ന തുലാവര്‍ഷം മലബാര്‍ മേഖലയില്‍ കാര്യമായി കിട്ടാറില്ല. വര്‍ഷം ശരാശരി 2,800 മില്ലീമീറ്റര്‍ മഴയെങ്കിലും ഉണ്ടായെങ്കിലേ കാര്‍ഷിക ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും പ്രയാസമില്ലാതെ മുന്നോട്ടു പോവാനാവൂ. ഇതിന്റെ 70 ശതമാനവും ലഭിക്കേണ്ട ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്ത് കിട്ടിയത് 1,352 മില്ലീമീറ്ററാണ്. 2,040 മില്ലീ മീറ്ററാണ് ശരാശരി. 2015ല്‍ 26 ശതമാനം മഴ കുറവായിരുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മഴ കുറഞ്ഞതാണ് വരള്‍ച്ച രൂക്ഷമാക്കിയത്. അരനൂറ്റാണ്ടിനിടയില്‍ ഇതിനേക്കാള്‍ കുറഞ്ഞ മഴയുണ്ടായത് 1976ലാണ്. 35 ശതമാനം കുറവ്. ഭൂഗര്‍ഭ ജലം കഴിഞ്ഞ വര്‍ഷം മൂന്നു മീറ്ററോളം താഴ്ന്നു. സംസ്ഥാനത്ത് ഒരു ജില്ലയില്‍ പോലും കഴിഞ്ഞ സീസണില്‍ ശരാശരി മഴ കിട്ടിയില്ല. ഏറ്റവും കുറവ് മഴ വയനാട് ജില്ലയിലാണ്. 59 ശതമാനം കുറവ്. തൊട്ടു പിറകില്‍ തൃശൂരാണ്. 44 ശതമാനം കുറവ്. മറ്റു ജില്ലകളില്‍ മഴക്കമ്മി ശതമാനത്തില്‍: ആലപ്പുഴ–37, കണ്ണൂര്‍–25, എറണാകുളം–23, ഇടുക്കി– 31, കാസര്‍കോട്–25, കൊല്ലം–28, കോട്ടയം–30, കോഴിക്കോട്– 27, മലപ്പുറം– 39, പാലക്കാട്– 34, പത്തനംതിട്ട– 37, തിരുവനന്തപുരം– 33. കുടിവെള്ളവും മറ്റും ലഭ്യമാക്കാന്‍  വരള്‍ച്ചാബാധിത കേന്ദ്രങ്ങള്‍ക്ക് അര്‍ഹമായ കേന്ദ്ര പാക്കേജുകള്‍ക്ക് കേരളത്തിന് അര്‍ഹതയുണ്ടെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍, ഇത് സംബസിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങള്‍ രൂപപ്പെട്ടിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക