ഐ.എസ്.എല്‍; കേരളം ഔട്ട്, മുംബൈയും
Published : 27th November 2015 | Posted By: SMR
മുംബൈ: സെമിഫൈനലിനുള്ള അവസാനസാധ്യതകള് തേടി മുംബൈ മണ്ണിലിറങ്ങിയ കേരളത്തിന് അനല്ക്കാ സംഘത്തിന്റെ സമനിലപ്പൂട്ട്. അവസാന നിമിഷം വരെ ആവേശകരമായ മല്‍സരത്തില്‍ ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും തുല്യത പാലിച്ചത്.
25ാം മിനിറ്റില്‍ സ്പാനിഷ് താരം യുവാന്‍ അഗ്വിലേറയിലൂടെ മുംബൈ ലീഡ് നേടിയപ്പോള്‍ 88ാം മിനിറ്റില്‍ അന്റോ ണിയോ ജര്‍മനാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ജയത്തോടെ 13 പോയിന്റുമായി മുംബൈ ഏഴാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 12 പോയിന്റുമായി കേരളം അവസാന സ്ഥാനത്തു തന്നെയാണ്.
മൂന്നു മാറ്റങ്ങളോടെയാണ് കേരളം മുംബൈക്കെതിരേ ബൂട്ട് കെട്ടിയത്. സീസണിലാദ്യമായി ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിക്കും പ്രതിരോധ താരം ദീപക് മൊണ്ടലിനും അവസരം നല്കി. ജാവോ കോയിമ്പ്രയും ആദ്യ ഇലവനില്‍ ഇടം നേടി. അതേ സമയം കഴിഞ്ഞ മല്‍സരത്തില്‍ നിന്നും നാല് മാറ്റങ്ങളോടെ മുംബൈയും കളത്തിലിറങ്ങി.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമണഴിച്ചു വിട്ടു. ഒമ്പതാം മിനിറ്റില്‍ ആദ്യ ഗോളവസരം തുറന്നത് കേരളമായിരുന്നു. കോയിമ്പ്രയില്‍ നിന്നും പാസ് സ്വീകരിച്ച ജര്‍മന്‍ ജോസുവിന് മറിച്ചു നല്കി. ഇടതു വിങ്ങില്‍ നിന്നുള്ള ജോസുവിന്റെ ഷോട്ട് പക്ഷേ പോസ്റ്റിനെ മുട്ടിയുരുമ്മി പുറത്തേക്ക് പോയി. 24ാം മിനിറ്റില്‍ മുംബൈയ്ക്കും ആദ്യ ഗോളിനുള്ള അവസരം ലഭിച്ചു. തൊട്ടടുത്ത നിമിഷം തന്നെ മുംബൈ ലീഡ് നേടുകയും ചെയ്തു. കേരള ബോക്സിനു മുന്നില്‍ ഇരമ്പിയാര്‍ത്ത മുംബൈ താരങ്ങള്‍ക്കിടയിലേക്ക് സോണി നോര്‍ദെ ഉയര്‍ത്തിവിട്ട പന്ത് സന്ദീപ് നന്ദി കുത്തിയകറ്റി. ആശയക്കുഴപ്പത്തിലായ കേരള പ്രതിരോധത്തെ കബളിപ്പിച്ച് പന്ത് ലഭിച്ച സ്പാനിഷ് താരം അഗ്വിലേറയുടെ തകര്‍പ്പന്‍ ഷോട്ട് ബ്ലാസ്റ്റേഴ്സ് നായകന് പീറ്റര്‍ റാമേജിന്റെ കാലില്മുട്ടിയുരുമ്മി വലയില്പതിച്ചു(1-1). അഗ്വിലേറയുടെ കന്നി ഐ.എസ്.എല്‍ ഗോള്‍ കൂടിയായിരുന്നു ഇത്.
ഗോള്‍ തിരിച്ചടിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കിടെ 34ാം മിനിറ്റില്‍ വീണ്ടും അവസരം ലഭിച്ചു. മുംബൈ ബോക്സ് ലക്ഷ്യമാക്കി ഹോസു പ്രീറ്റോ ഉയര്‍ത്തി നല്കിയ പന്ത് ഇംഗ്ലീഷ്താരം ക്രിസ് ഡഗ്നല്‍ ഓടിപ്പിടിച്ചു. എന്നാല്‍ തടയാനെത്തിയ മുംബൈ ഗോള്‍കീപ്പര്‍ സു ബ്ര തോ പാലിനെ മറി കടന്ന് ഷോട്ട് പായിക്കാനുള്ള ഡഗ്നലിന്റെ ശ്രമം വിജയിച്ചില്ല. ഇരു ടീമുകള്‍ ക്കും വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും സമനില നേടാന്‍ കേരളത്തിന് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. ദീപക് മൊണ്ടേല് നല്കിയ ക്രോസ് ആയാസകരമായിരുന്നുവെങ്കിലും സുഭാഷ് ബോക്സിലേക്കു തിരിച്ചു വിട്ടു. പാഞ്ഞടുത്ത് ജര്‍മന്റെ ഉഗ്രന്‍ ഷോട്ട് മുംബൈ വല കുലുക്കി.
കളിയുടെ അവസാന നിമിഷം പെറോണ്‍ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. പെറോണിന് പാസ് നല്കിയ ഡഗ്നല്‍ ഓഫ് സൈഡ് പൊസിഷനിലാണെന്നു ലൈന്‍ റഫറി വിധിച്ചതു ചെറിയ തോതിലുള്ള വാക്കേറ്റത്തിനും ഇട വരുത്തി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.