|    Mar 24 Fri, 2017 1:55 am
FLASH NEWS

കേരളം ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍  സംസ്ഥാനം; രാഷ്ട്രപതി പ്രഖ്യാപനം നടത്തി

Published : 28th February 2016 | Posted By: SMR

Pranab Mകോഴിക്കോട്: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചു. യുഎല്‍ സൈബര്‍ പാര്‍ക്ക്, ജെന്‍ഡര്‍ പാര്‍ക്ക്, കനിവിന്റെ കേരളം പദ്ധതികളും രാഷ്ട്രപതി നാടിനു സമര്‍പ്പിച്ചു.
കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ കേരളം കൈവരിച്ച പുരോഗതി ശ്ലാഘനീയമാണെന്നു രാഷ്ട്രപതി പറഞ്ഞു. സമൂഹ ശാക്തീകരണ രംഗങ്ങളുടെ മുന്‍നിരയില്‍- വിദ്യാഭ്യാസ, ആരോഗ്യ, സ്ത്രീശാക്തീകരണ മേഖലകളില്‍ അഭിമാനത്തോടെ നില്‍ക്കുകയാണ് കേരളം. ലോകത്തെ പല വികസിത രാജ്യങ്ങളോടും കിടപിടിക്കുന്ന ജീവിതനിലവാരമാണ് കേരള ജനത ആസ്വദിക്കുന്നത്. സര്‍ക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും കൂട്ടായ ശ്രമങ്ങളും കേരള ജനതയുടെ കഠിനാധ്വാനവും തുറന്ന മനസ്സും സ്ഥിരോല്‍സാഹവുമാണ് ഈ ശ്രദ്ധേയമായ പുരോഗതി സാധ്യമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനമാണിത്. 2002ല്‍ ശ്രദ്ധേയമായ രണ്ടു പദ്ധതികളിലൂടെ ഇ-സാക്ഷരതയ്ക്ക് ആരംഭം കുറിച്ചതും കേരളം തന്നെ. കുടുംബത്തിലെ ഒരാളെ വീതമെങ്കിലും ഇ-സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതായിരുന്നു അക്ഷയ പദ്ധതി. ഐടി അറ്റ് സ്‌കൂള്‍ പദ്ധതിയാവട്ടെ എല്ലാ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രാഥമിക കംപ്യൂട്ടര്‍ പരിജ്ഞാനം നല്‍കാന്‍ ലക്ഷ്യമിട്ടും. വകുപ്പുകളിലുമായി 600ലേറെ ഇ-ഗവേണന്‍സ് ആപ്ലിക്കേഷനിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തുന്നുണ്ട്.
എല്ലാ ജില്ലകളിലും ഇന്ന് ഇ-ഡിസ്ട്രിക്ട് പദ്ധതി നിലവിലുണ്ട്. റവന്യൂ വകുപ്പിലൂടെ മാത്രം 30,000ഓളം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളാണ് ദിനേന നല്‍കിക്കൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യതയും സ്മാര്‍ട്ട്‌ഫോണുകളുടെ കുതിച്ചുകയറ്റവും സര്‍ക്കാരിന്റെ അനുകൂല നടപടികളും കേരളത്തെ വിവരസാങ്കേതിക സാമ്പത്തികശക്തിയാക്കി അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു എല്‍ സൈബര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പഞ്ചായത്ത്-സാമൂഹികനീതി മന്ത്രി എം കെ മുനീര്‍, എം കെ രാഘവന്‍ എംപി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, യുഎല്‍സിസിഎസ് പ്രസിഡന്റ് രമേശന്‍ പാലേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

(Visited 113 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക