|    Aug 21 Tue, 2018 9:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരഫെഡ് നിയമനം റിക്രൂട്ട്‌മെന്റ്: റൂള്‍സിന് നാലാഴ്ചയ്ക്കകം രൂപംനല്‍കണം- ഹൈക്കോടതി

Published : 7th August 2018 | Posted By: kasim kzm

കൊച്ചി: കര്‍ഷക സഹകരണ ഫെഡറേഷനിലെ (കേരഫെഡ്) നിയമനങ്ങള്‍ പിഎസ്‌സി മുഖേനയാക്കുന്നതിന്റെ ഭാഗമായുള്ള റിക്രൂട്ട്‌മെന്റ് റൂള്‍സിന് നാലാഴ്ചയ്ക്കകം അന്തിമരൂപം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
2017 മാര്‍ച്ച് 20നു കേരഫെഡ് എംഡി സര്‍ക്കാരിന് നല്‍കിയ കരട് നിയമന നിയമങ്ങള്‍ പരിഗണിക്കണമെന്നും പബ്ലിക് സര്‍വീസ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് ഇതിന് അന്തിമരൂപം നല്‍കണമെന്നുമാണു സിംഗിള്‍ ബെഞ്ച് നിര്‍ദേശംനല്‍കിയത്. 1994ല്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മറ്റു സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ പിഎസ്‌സി മുഖേനയാക്കിയിട്ടും കേരഫെഡിലെ നിയമനങ്ങള്‍ ഇപ്പോഴും ഭരണനിര്‍വഹണ ബോര്‍ഡാണ് നടത്തിയിരുന്നത്. റിക്രൂട്ട്‌മെന്റ് റൂള്‍സില്ലാത്തതിന്റെ പേരിലാണ് നിയമനങ്ങളില്‍ പിഎസ്‌സി ഇടപെടാത്തത്. കേരഫെഡ് എംഡി കരട് നിയമന നിയമങ്ങള്‍ സര്‍ക്കാരിലേക്ക് അയച്ചിട്ടും ചെറിയ അപാകതകള്‍ ചൂണ്ടിക്കാട്ടി നടപടിക്കു കാലതാമസം നേരിടുകയായിരുന്നു.
2017ല്‍ നല്‍കിയ കരടിന്‍മേലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടിട്ടും റിക്രൂട്ട്‌മെന്റ് റൂള്‍സ് ഇല്ലാത്തതിന്റെ പേരില്‍ നടപ്പായില്ലെന്നു ചൂണ്ടിക്കാട്ടി കേരഫെഡില്‍ അസിസ്റ്റന്റായ എം ആര്‍ കൃഷ്ണകുമാര്‍ ഹരജി നല്‍കിയത്. നടപടി എത്രയും വേഗം നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss