|    Jan 21 Sat, 2017 11:48 am
FLASH NEWS

കേരഫെഡ് തേങ്ങ സംഭരണം നിര്‍ത്തി; കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 80 കോടി രൂപ

Published : 26th September 2016 | Posted By: SMR

എ പി വിനോദ്

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ പച്ചത്തേങ്ങ സംഭരണം നിര്‍ത്തിയതോടെ വിപണിയില്‍ തേങ്ങവില കുത്തനെ ഇടിഞ്ഞു. ഒരു തേങ്ങയ്ക്ക് അഞ്ചുരൂപയിലും താഴെയാണ് ഇപ്പോഴത്തെ വില. കര്‍ഷകരില്‍നിന്ന് തേങ്ങ എടുത്ത വകയില്‍ 80 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. സംസ്ഥാനത്തെ 27 ലക്ഷം നാളികേര കര്‍ഷകര്‍ക്ക് വന്‍ പ്രതീക്ഷ നല്‍കിയാണ് സംസ്ഥാന സ ര്‍ക്കാര്‍ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചത്. നികുതി രശീതി സഹിതം അപേക്ഷിച്ചാല്‍ മാത്രമാണ് കൃഷിഭവനില്‍നിന്നു നാളികേരസംഭരണത്തിന് ടോക്കണ്‍ നല്‍കുന്നത്.  ടോക്കണ്‍ ലഭിച്ച് തേങ്ങ കൃഷിഭവനില്‍ എത്തിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്.
കേരഫെഡ് കൃഷിഭവന്‍ വഴി സംഭരിച്ച നാളികേരം കൊണ്ടുപോവാത്തതിനാല്‍ കൃഷിഭവന്റെ വരാന്തകളില്‍ നാളികേരം കേടായി നശിക്കുന്ന സ്ഥിതിയാണ്. നേരത്തേ കേരഫെഡ് സ്വകാര്യ ഏജന്‍സികളെ ഏല്‍പിച്ചാണ് പച്ചത്തേങ്ങ ഉണക്കിയിരുന്നത്. ഇടയ്ക്ക് കുടുംബശ്രീയെയും ഏല്‍പിച്ചിരുന്നു. 25 രൂപയ്ക്ക് സംഭരിച്ച നാളികേരം കൊപ്രയാക്കുമ്പോള്‍ 104-105 രൂപ വരെ വില ലഭിക്കേണ്ടതുണ്ട്. എന്നാല്‍, വിപണിയില്‍ 65 രൂപ മാത്രമാണ് കൊപ്രയ്ക്ക് വിലയുള്ളത്. നാഫെഡിന്റെ വില 60 രൂപയില്‍ താഴെ മാത്രമാണ്.
കേരഫെഡ് സംസ്ഥാനത്ത് മൂന്ന് സോണുകളായി തിരിച്ച് 300 ഓളം പ്രാഥമിക സഹകരണ സംഘങ്ങളുണ്ടാക്കി കര്‍ഷകരി ല്‍ നിന്നു തേങ്ങ സംഭരിക്കുകയും വൈവിധ്യങ്ങളായ ഉല്‍പന്നങ്ങളുണ്ടാക്കി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്താനുമാണ് സ്ഥാപിതമായത്. എന്നാല്‍, നാളികേരത്തില്‍നിന്നു കൊപ്രയുണ്ടാക്കുന്നതല്ലാതെ യാതൊരു പദ്ധതികളും കേരഫെഡ് ആവിഷ്‌കരിച്ചിട്ടില്ല. സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള അവഗണനയാണ് പച്ചത്തേങ്ങ സംഭരണം നിര്‍ത്താന്‍ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്.
സര്‍ക്കാര്‍ ഒരു കിലോ കൊപ്രയ്ക്ക് 40 രൂപയോളം സബ്‌സിഡി നല്‍കിയാല്‍ മാത്രമേ കേരഫെഡിന് പിടിച്ചുനില്‍ക്കാനാവൂ. എന്നാല്‍, ധനകാര്യവകുപ്പില്‍നിന്നു പണം അനുവദിക്കാത്തതാണ് കേരഫെഡ് പ്രതിസന്ധിയിലാവാന്‍ കാരണം. കാസര്‍കോട് ജില്ലയില്‍ മാത്രം കര്‍ഷകരില്‍നിന്ന് സംഭരിച്ച 300 ടണ്‍ പച്ചത്തേങ്ങ കൃഷിഭവനുകളില്‍ കെട്ടിക്കിടക്കുകയാണ്. ജനുവരി വരെ പച്ചത്തേങ്ങ സംഭരിക്കാനുള്ള ടോക്കണ്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും കൃഷിഭവനുകള്‍ കര്‍ഷകരെ തിരിച്ചയക്കുകയാണിപ്പോള്‍.
അതേസമയം, സംഭരണം നി ര്‍ത്തിവച്ചിട്ടില്ലെന്നും കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള 80 കോടി രൂപയില്‍നിന്നു നാലരക്കോടി രൂപ ഓണത്തിനുശേഷം കൊടുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേരഫെഡ് എംഡി ആര്‍ അശോക് തേജസിനോട് പറഞ്ഞു. കേരഫെഡിന്റെ കൈവശം ആറുമാസത്തേക്കുള്ള വെളിച്ചെണ്ണ സ്റ്റോക്കുണ്ട്. ഇപ്പോഴത്തെ വിപണിവിലയില്‍ ഇത് വിറ്റാല്‍ കേരഫെഡിന് കൂടുതല്‍ നഷ്ടമുണ്ടാവുമെന്നും സര്‍ക്കാര്‍ ഫണ്ട് ലഭ്യമായാല്‍ മാത്രമേ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യത്തിന് ഡ്രെയര്‍ സ്ഥാപിച്ച് കൊപ്ര ഉണക്കാന്‍ സംവിധാനം ഒരുക്കുന്നതിന് കേരഫെഡിന് സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്ന് കമ്മിറ്റി ഭാരവാഹിയായ കെ വി ഗോവിന്ദന്‍ പറഞ്ഞു. റേഷന്‍കടയിലൂടെ വെളിച്ചെണ്ണ വില്‍പന നടത്തുമെന്ന് പച്ചത്തേങ്ങ സംഭരണം ഉദ്ഘാടനം ചെയ്ത  കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇതിനു വേണ്ട യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക