|    Apr 26 Thu, 2018 11:02 pm
FLASH NEWS

കേബിള്‍ സ്ഥാപിക്കാനുള്ള നീക്കം; നഗരസഭ യോഗത്തില്‍ പ്രതിഷേധം

Published : 1st December 2016 | Posted By: SMR

കൊച്ചി: സ്വകാര്യ ടെലികോം കമ്പനിക്കായി നഗരത്തിലെ റോഡ് കുഴിച്ച് കേബിള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ നഗരസഭാ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. കൗണ്‍സിലിലോ ബന്ധപ്പെട്ട കമ്മിറ്റികളിലോ അറിയിക്കാതെ സ്റ്റിയറിങ് കമ്മിറ്റി വഴി റിലയന്‍സ് കമ്പനിക്ക് അനധികൃതനായി കേബിള്‍ സ്ഥാപിക്കാന്‍ അനുവദിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ നേതാവ് കെ ജെ ആന്റണിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. ആരോപണത്തിന് മേയര്‍ നല്‍കിയ മറുപടിയില്‍ തൃപ്തരാവാത്ത പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. 2014-16ലെ റോഡ് കട്ടിങുമായി ബന്ധപ്പെട്ട് വിജിലന്‍സ് പരാമര്‍ശം നിലനില്‍ക്കുന്ന റിലയന്‍സുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള മേയറുടെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന് കെ ജെ ആന്റണി പറഞ്ഞു. കമ്പനിയുമായി ആദ്യം ഒപ്പിട്ട കരാറിന്റെ രേഖകളും ഫണ്ടിന്റെ കണക്കുകളും മേയര്‍  കൗണ്‍സിലില്‍ ഹാജരാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൗണ്‍സിലിനെ നോക്കുകുത്തിയാക്കി പുറംവാതിലിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായി കൗണ്‍സിലര്‍ വി പി ചന്ദ്രന്‍ കുറ്റപ്പെടുത്തി. അതേസമയം റിലയന്‍സിന്റെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ മുഴുവന്‍ പാലിച്ചതായി മേയര്‍ സൗമിനി ജെയിന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 2014ല്‍ റിലയന്‍സ് ഇന്‍ഫോ ഡോട്ട് കോം എന്ന കമ്പനിക്ക് 107.184 കിലോ മീറ്റര്‍ കേബിളിടുന്നതിന് അനുമതി നല്‍കിയ ആദ്യ ഫയലിനെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നത്. 1,250,000 രൂപ നഗരസഭ ഫീസ് ഈടാക്കിയിരുന്നു. കഴിഞ്ഞ ഭരണസമിതിയാണ് അനുമതി നല്‍കിയത്. 11 കിലോ മീറ്റര്‍ കഴിഞ്ഞപ്പോള്‍ ആഴത്തില്‍ കുഴിക്കുന്നതിന് കമ്പനി അനുമതി തേടി. റോഡ് പുനരുദ്ധാരണത്തിനായി 3,480,000 രൂപയും ഡെപ്പോസിറ്റായി മൂന്നു കോടിയും നല്‍കി. 125,500 രൂപയാണ് തറവാടക. ആരോപണങ്ങളെ തുടര്‍ന്ന് റിലയന്‍സിന് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് മേയര്‍ പറഞ്ഞു. റിലയന്‍സ് ജിയോയ്ക്ക് വേണ്ടിയുള്ള കേബിളിനെചൊല്ലിയാണ് പുതിയ വിവാദം. മള്‍ട്ടി പര്‍പസ് യുട്ടിലിറ്റി കേബിളിടുന്നതിനായി അടുത്ത കാലത്ത് കമ്പനി നഗരസഭ സെക്രട്ടറിക്ക് അപേക്ഷ നല്‍കി. പതിനാലര കോടി രൂപയുടെ പദ്ധതിയാണിത്. എത്രമാത്രം സ്ഥലം കുഴിക്കുന്നതിന് അനുമതി നല്‍കണമെന്നതുള്‍പടെ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് സ്റ്റിയറിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വച്ചത്. എന്നാല്‍ ഫയലിനെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എം ഹാരിസും വി കെ മിനിമോളും ആവശ്യപ്പെട്ടതിനാല്‍ ഫയല്‍ മാറ്റിവച്ചു. കൗണ്‍സിലിന്റെ അനുമതിയില്ലാതെ ഫയല്‍ പാസാക്കാന്‍ കഴിയില്ലെന്ന് മേയര്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും പ്രതിപക്ഷം വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss