|    Jul 22 Sat, 2017 10:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേന്ദ്ര സര്‍വകലാശാല ജോയിന്റ് രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നീട്ടി

Published : 20th September 2016 | Posted By: SMR

കാസര്‍കോട്: നിയമവിരുദ്ധ അധ്യാപക നിയമങ്ങള്‍ക്കും അഴിമതിക്കും ധൂര്‍ത്തിനും കൂട്ടുനിന്നുവെന്ന പരാതിയില്‍ സിബിഐ അന്വേഷണം നേരിടുന്ന കേന്ദ്ര സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ എസ് ഗോപിനാഥിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടി.
യൂനിവേഴ്‌സിറ്റിയുടെ അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസംകൂടി സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വി ശശിധരന്‍ തേജസിനോട് പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി ഇദ്ദേഹം സസ്‌പെന്‍ഷനിലാണ്.
അതേസമയം, ഇദ്ദേഹത്തിനെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും സര്‍വീസില്‍നിന്ന് നീക്കാത്തത് വിവാദമായിട്ടുണ്ട്. യൂനിവേഴ്‌സിറ്റിക്ക് സാമ്പത്തികനഷ്ടം വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വകുപ്പ് തല നടപടി. സിബിഐയുടെ നടപടി അതിന്റെ വഴിക്ക് പോവുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു.
കേന്ദ്ര സര്‍വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിരുന്നു. സ്വകാര്യ ഏജന്‍സിക്ക് റിക്രൂട്ട്‌മെന്റിന് ഒത്താശ നല്‍കുകയും തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ കൂടുതല്‍ സമയം ജോലി ചെയ്യിപ്പിച്ച് യൂനിവേഴ്‌സിറ്റിയില്‍നിന്ന് വന്‍ തുക തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് ഒരു പരാതി.
സര്‍വകലാശാല കാംപസുകള്‍ക്ക് കെട്ടിടങ്ങള്‍ വാടകക്കെടുത്ത ഇനത്തില്‍ അളവിലും മറ്റും കൃത്രിമം കാണിച്ച് കോടികള്‍ തട്ടിയെടുത്തുവെന്ന പരാതിയും ഇദ്ദേഹത്തിനെതിരേയുണ്ട്. എന്നാല്‍, സര്‍വീസില്‍നിന്ന് നീക്കംചെയ്യാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക