|    Mar 29 Wed, 2017 5:14 am
FLASH NEWS

കേന്ദ്ര സര്‍വകലാശാലാ കെട്ടിടത്തിനു മുകളില്‍ കയറി 16 പേരുടെ ആത്മഹത്യാ ഭീഷണി

Published : 7th October 2016 | Posted By: SMR

പെരിയ (കാഞ്ഞങ്ങാട്): കാസര്‍കോട്ടെ  കേന്ദ്ര സര്‍വകലാശാല കെട്ടിടത്തിനു മുകളില്‍ കയറി 16 പേരുടെ കൂട്ട ആത്മഹത്യാ ഭീഷണി. കേന്ദ്ര സര്‍വകലാശാലയ്ക്കായി പെരിയയില്‍ സ്ഥലം വിട്ടുനല്‍കിയവരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ ഇവിടെ സ്ഥിരം ജോലി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും എന്നാല്‍ ഉറപ്പ് പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും ഈ സാഹചര്യത്തിലാണ് ആത്മഹത്യക്ക് ശ്രമിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി 10ഓടെയാണ് ഇവര്‍ കെട്ടിടത്തിനു മുകളിലെത്തിയത്. കേന്ദ്ര സര്‍വകലാശാലാ അധികൃതരും കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലിസും യുവാക്കളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവമറിഞ്ഞ് കെ കുഞ്ഞിരാമന്‍ എംഎല്‍എ, കാഞ്ഞങ്ങാട് സബ് കലക്ടര്‍ മൃണ്‍മയി ജോഷി തുടങ്ങിയവര്‍ രാവിലെ തന്നെ കേന്ദ്ര സര്‍വകലാശാലാ കാംപസിലെത്തിയിരുന്നു.
ഉച്ചയോടെ കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് കെ പി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സര്‍വകലാശാലയ്ക്കു വേണ്ടി ഒഴിപ്പിച്ച 16 കുടുംബങ്ങളിലെ ഓരോ അംഗത്തിനും സ്ഥിരം ജോലി നല്‍കാന്‍ സംവിധാനമുണ്ടോ എന്ന് ആരാഞ്ഞ് കേന്ദ്ര മാനവശേഷി വിഭവ മന്ത്രാലയത്തിന് കത്തെഴുതി. ഇതിന്റെ കോപ്പി സമരക്കാര്‍ക്കു നല്‍കിയതിനുശേഷമാണ് ഇവര്‍ കെട്ടിടത്തില്‍ നിന്ന് താഴെയിറങ്ങിയത്. കൂടാതെ നാളെ സര്‍വകലാശാലയുടെ ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തുന്ന കേ മാനവവിഭവശേഷി സഹമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാമെന്നും അറിയിച്ചു.
കേന്ദ്ര സര്‍വകലാശാല നിലനില്‍ക്കുന്ന സ്ഥലത്ത് നേരത്തേ തന്നെ കോളനി നിലവിലുണ്ടായിരുന്നു. ഈ കോളനിയില്‍ 16 കുടുംബങ്ങള്‍ വീട് കെട്ടി താമസിച്ചുവരുകയായിരുന്നു.
മറ്റു 16 പേര്‍ക്ക് ഇവിടെ സ്ഥലവുമുണ്ട്. കേന്ദ്ര സര്‍വകലാശാലാ കെട്ടിടം നിലവില്‍വരുന്നതോടെ ഈ കുടുംബങ്ങള്‍ക്ക് ആലക്കോട് തണ്ണോട്ട് റൂട്ടില്‍ വീട് നിര്‍മിച്ചുനല്‍കുമെന്നും സ്ഥലമുടമകള്‍ക്ക് സ്ഥലം പതിച്ചുനല്‍കാമെന്നും കോളനിയിലെ യുവാക്കള്‍ക്ക് ജോലി നല്‍കാമെന്നും സര്‍വകലാശാലാ അധികൃതര്‍ ഉറപ്പുനല്‍കിയെന്നാണ് സമരക്കാര്‍ പറയുന്നത്. പുതിയ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലെന്ന ആക്ഷേപവും ശക്തമാണ്.
കേന്ദ്ര സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിലും അനധ്യാപക നിയമനത്തിലും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് യാതൊരു പരിഗണനയും നല്‍കിയില്ലെന്ന് സമരസമിതി കണ്‍വീനര്‍ സന്ദീപ് തേജസിനോട് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day