|    Oct 21 Sat, 2017 6:48 am
FLASH NEWS

കേന്ദ്ര സര്‍വകലാശാലാ അധികൃതരുടെ വാദം നുണയെന്ന്

Published : 11th November 2016 | Posted By: SMR

കാസര്‍കോട്: പെരിയയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി വിട്ടുനല്‍കിയ 16 കുടുംബങ്ങള്‍ക്ക് ജോലി നല്‍കാന്‍ കരാറുകളൊന്നും ഉണ്ടാക്കിയില്ലെന്ന കേന്ദ്രസര്‍വകലാശാല അധികൃതരുടെ വാദം നുണയാണെന്ന് കോളനിവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2012 ഒക്ടോബര്‍ 11 ന് ചേര്‍ന്ന ആദ്യ ആലോചനാ യോഗത്തില്‍ തന്നെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. വീടും സ്ഥലവും കുടിവെള്ള പദ്ധതികളും അടക്കമുള്ള കാര്യങ്ങള്‍ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.15ന് അന്നത്തെ വൈസ് ചാന്‍സിലറും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. ജോലി നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ കൂടി അംഗീകാരത്തോടെ മാത്രമേ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. അല്ലാതെ ജോലി നല്‍കുവാന്‍ ബാധ്യതയില്ലെന്ന് ബന്ധപ്പെട്ടവര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഇപ്പോള്‍ കോളനിവാസികള്‍ ആത്മഹത്യാ ശ്രമമടക്കമുള്ള സമരത്തിലേക്ക് നീങ്ങിയപ്പോഴാണ് കേന്ദ്രസര്‍വകലാശാല അധികൃതര്‍ മലക്കം മറിയുന്നത്.ഇന്ന് കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുന്നതിനു മുമ്പ് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താ സമ്മേളനം നടത്തി കരാര്‍ ഇല്ലെന്നും ജോലി നല്‍കുന്നതിനുള്ള ബാധ്യതകള്‍ ഇല്ലെന്നും പറയുന്നത് കള്ളമാണ്. കോളനിവാസികളായ ആറു പേര്‍ക്ക് യൂനിവേഴ്‌സിറ്റിയില്‍ ജോലി നല്‍കിയതായും ഇതില്‍ മൂന്നു പേര്‍ ജോലി ഉപേക്ഷിച്ചുപോയതായും പറയുന്നതും തെറ്റാണ്. 16 കുടുംബത്തില്‍പെട്ട എല്ലാവര്‍ക്കും ജോലി നല്‍കാന്‍ വേണ്ടിയാണ് ജോലിയില്‍ നിന്നും രാജിവച്ചത്.ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ആത്മഹത്യ ഭീഷണി അടക്കമുള്ള കടുത്ത തീരുമാനങ്ങള്‍ തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക