|    Jul 21 Sat, 2018 1:28 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കേന്ദ്ര സര്‍വകലാശാലയിലെ കരാര്‍ നിയമനം വിവാദത്തില്‍

Published : 29th September 2017 | Posted By: fsq

 

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ രണ്ട് ജീവനക്കാര്‍ക്ക് അനധികൃതമായി കരാര്‍ നിയമനം നല്‍കിയത് വിവാദമാവുന്നു. വര്‍ഷങ്ങളായി കേന്ദ്ര സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കയ്യൂര്‍ സ്വദേശി കെ ഗോപാലകൃഷ്ണന്‍, നീലേശ്വരം സ്വദേശി ബി ജയകൃഷ്ണന്‍ എന്നിവര്‍ക്കാണ് കരാര്‍ നിയമനം നല്‍കിയത്. സര്‍വകലാശാലയിലെ മറ്റു താല്‍ക്കാലിക ജീവനക്കാര്‍ ഔട്ട്‌സോഴ്‌സ് ഏജന്‍സി വഴി സേവനം അനുഷ്ഠിക്കുമ്പോള്‍ ഈ രണ്ട് ജീവനക്കാരെ ആറ് മാസത്തിലൊരിക്കല്‍ കരാര്‍ പുതുക്കി നല്‍കി നിയമിക്കുകയാണ്. ഇതില്‍ ഗോപാലകൃഷ്ണന്‍ കംപ്യൂട്ടര്‍ ഐടിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റാണ്. ഹൈദരാബാദിലെ ഒരു ഏജന്‍സിയാണ് ഇവിടെ ഔട്ട്‌സോഴ്‌സ് വിഭാഗത്തില്‍ ജീവനക്കാരെ നിയമിക്കുന്നത്. എന്നാല്‍, എല്ലാ ചട്ടങ്ങളും മറികടന്ന് രണ്ടുപേരെ മാത്രം കരാര്‍ അടിസ്ഥാനത്തില്‍ യൂനിവേഴ്‌സിറ്റി ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത് ചട്ടലംഘനമാണെന്ന് ആരോപിച്ച് കേന്ദ്ര മനുഷ്യവിഭവ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. സര്‍വകലാശാല ജോയിന്റ് രജിസ്ട്രാറായിരുന്ന പ്രഫ. എസ് ഗോപിനാഥ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. 2015 മുതല്‍ ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആറ് മാസത്തേക്കുകൂടി ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയിട്ടുണ്ട്. സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കേസ് ഇപ്പോള്‍ എറണാകുളം സിബിഐ കോടതിയില്‍ നടന്നുവരുകയാണ്. എന്നാല്‍, ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് നീക്കുന്നതിനു പകരം സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി ആനൂകൂല്യങ്ങള്‍ നല്‍കുന്നതും ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇടതുപക്ഷ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂണ്‍ 22ന് യൂനിവേഴ്‌സിറ്റി പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ചതില്‍ നടപടി എടുക്കാത്തതും വിവാദമായിട്ടുണ്ട്. കാംപസില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും വിലക്കിയിരുന്നു. എന്നാല്‍, യൂനിവേഴ്‌സിറ്റി പരിസരത്ത് ചില അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തിയ പൊതുയോഗത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും യൂനിവേഴ്‌സിറ്റി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സംഘപരിവാറിന് ആധിപത്യമുള്ള യൂനിവേഴ്‌സിറ്റിയില്‍ ഇതര രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍പെടുന്ന ജീവനക്കാര്‍ക്ക് കടുത്ത വെല്ലുവിളി നേരിടുകയാണെന്നും പരാതിയുണ്ട്. യൂനിവേഴ്‌സിറ്റിയിലേക്കു നടക്കുന്ന നിയമനങ്ങളില്‍ പോലും മതിയായ യോഗ്യതയില്ലാത്ത സംഘപരിവാറുമായി ബന്ധമുള്ളവര്‍ക്ക് നിയമനം നല്‍കുന്നതും വിവാദമായിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്നും രജിസ്ട്രാര്‍ പ്രഫ. എ രാധാകൃഷ്ണന്‍ നായര്‍ തേജസിനോടു പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss