|    Jun 23 Fri, 2017 7:29 pm
FLASH NEWS
Home   >  National   >  

കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്ക് ജോലിയില്ലെന്ന് ഏഷ്യാനെറ്റ്

Published : 21st October 2016 | Posted By: Navas Ali kn

rajeev-chandrasekhar_660_030415052824

എന്‍ഡിഎയുടെ സംസ്ഥാന വൈസ് ചെയര്‍മാനും ബിജെപി പിന്‍തുണയുള്ള സ്വതന്ത്ര എംപിയായ രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്ന ഏഷ്യാനെറ്റില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ ജോലിക്ക് എടുക്കരുതെന്ന് തീരുമാനം.
രാജ്യത്തെയും സൈന്യത്തെയും അനുകൂലിക്കുന്നവരാകണം, അവരുടെ വാര്‍ത്തകള്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്നതാകണം, ചെയര്‍മാന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്നവരാകണം, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവും അതിനോട് അനുഭാവവും ഉള്ളവരാകണം, ദേശീയതയിലും ഭരണത്തിലും അറിവുള്ളവരാകണം എന്നിങ്ങനെയാണ് രാജീവ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശം നല്‍കിയത്. നിര്‍ദ്ദേശങ്ങളടങ്ങിയ ഇ മെയില്‍ ന്യൂസ് ലോണ്‍ട്രി എന്ന മാധ്യമത്തിന് ചോര്‍ന്ന് ലഭിച്ചതോടെയാണ് സംഭവം പുറത്തായത്.
2005ല്‍ രാജീവ് ചന്ദ്രശേഖര്‍ രൂപംകൊടുത്ത ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ സിഇഒ അമിത് ഗുപ്തയാണ് രാജീവിന്റെ നിര്‍ദ്ദേശമനുസരിച്ച് തങ്ങളുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ തലവന്മാര്‍ക്ക് ഇമെയിലിലൂടെ മാനദണ്ഡങ്ങള്‍ അയച്ചിരിക്കുന്നത്. മലയാളം വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെ കൂടാതെ കന്നട ന്യൂസ് ചാനല്‍ സുവര്‍ണ ന്യൂസ്, വെബ്‌പോര്‍ട്ടലായ ന്യൂസബിള്‍, ദിനപ്പത്രമായ കന്നട പ്രഭ എന്നിവയും ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളാണ്. രാജ്യസഭയില്‍ രാജീവ് ചന്ദ്രശേഖര്‍ സ്വതന്ത്ര അംഗമായാണ് അറിയപ്പെടുന്നതെങ്കിലും ബിജെപി അനുഭാവിയാണ്. ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ മുന്നണിയുടെ കേരളത്തിലെ വൈസ് ചെയര്‍മാനായി ഇദ്ദേഹത്തെ നിയമിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ രാജീവ് എന്‍ഡിഎയ്ക്ക് വേണ്ടി സജീവമായി പ്രചരണ രംഗത്തുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക