|    Oct 18 Thu, 2018 7:30 pm
FLASH NEWS

കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയുടെ പേരില്‍ ജൈവവള വിതരണത്തട്ടിപ്പ്‌

Published : 28th September 2017 | Posted By: fsq

 

പേരാമ്പ്ര: കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ജൈവവള വിതരണ തട്ടിപ്പുമായി രംഗത്ത് വന്ന നാലു പേര്‍ പോലീസ് പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ രാം വില്‍സണ്‍ (46),ജയ കൃഷ്ണന്‍ (27), വിവേക് (25), രമേശ് കുമാര്‍ (28) എന്നിവരാണ് പിടിയിലായത്.കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയില്‍ ഒരു ലക്ഷത്തി പതിനാറായിരം രൂപ സബ്‌സിഡി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ്.കൊച്ചിന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് കമ്പനിയുടെ വ്യാജ രസീതുണ്ടാക്കി മൂന്ന് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പു നടത്തുന്ന സംഘമാണ് പിടിയിലായത്. പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് അസിസി ദേവാലയത്തില്‍ വളത്തിന്റെ സബ്‌സിഡിസംബന്ധിച്ച് ഫോണില്‍ വിളിച്ച് വളംവാങ്ങാന്‍ നിര്‍ദ്ദേശിക്കുകയും 29,500 രൂപയുടെ ജൈവവളം വാങ്ങിയാല്‍ 1.16 ലക്ഷം രൂപ സബ്‌സിഡിയായി ലഭിക്കുമെന്നും അറിയിച്ചു. എന്നാല്‍ കുറഞ്ഞ സ്ഥലവും ഒമ്പത് തെങ്ങും മാത്രമുളള സ്ഥാപനത്തിന് ഇത്രയും തുക സബ്‌സിഡി ലഭിക്കുന്നതെങ്ങനെയെന്ന സെന്റ് ഫ്രാന്‍സിസ് സ്ഥാപനാധികാരികളുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് സംഘത്തെ വലയിലാക്കാന്‍ കാരണമായത്.വളം ചെയ്തില്ലെങ്കിലും 29,500 ന്റെ വളം വാങ്ങി 1.16 ലക്ഷത്തിന്റെ ബില്‍ നല്‍കിയാല്‍ സബ്‌സിഡി ലഭിക്കുമെന്നാണ് സംഘം അറിയിച്ചത്. പന്തികേട് തോന്നിയ ഫാദര്‍ ജോസ് പോലിസിനെ വിവരമറിയിക്കുകയും പോലിസ് നിര്‍ദ്ദേശമനുസരിച്ച് വളവുമായി എത്താന്‍ സംഘത്തോട്ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ആറ് പേക്കറ്റ് വളവുമായി വന്ന സംഘത്തെ പേരാമ്പ്ര എസ് ഐ സിജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫറോക്കില്‍ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് ഇവര്‍ തട്ടിപ്പു നടത്തി വരികയാണെന്ന് ബോധ്യമായി. ഫറോക്കിലെ ഒരു വളം ഡിപ്പോയില്‍ നിന്നും 3300 രൂപ വിലയുളള 50 കിലോ പായ്ക്കറ്റ് വളം വാങ്ങി ആറ് പേക്കറ്റാക്കിയാണ് വിതരണം ചെയ്യുന്നത്. ഫറോക്കില്‍ നിന്നും പേരാമ്പ്രയില്‍ എത്തിക്കാന്‍ വാങ്ങിയ 3300 രൂപയുടെ വളത്തിന് ആയിരം രൂപ മാത്രമേ കടക്കാരന് കൊടുത്തിട്ടുള്ളു. ബാക്കി 2000 രൂപ കടം പറഞ്ഞാണ് വളം വാങ്ങിയത്.ഫറോക്കില്‍  പ്രതികള്‍ താമസിക്കുന്ന ലോഡ്ജില്‍ നിന്നും തട്ടിപ്പു നടത്തിയ വിവരങ്ങളടങ്ങിയ രേഖകള്‍ പോലീസ് പരിശോധിച്ചപ്പോള്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഡോണ്‍ ബോസ്‌കൊ,സില്‍വര്‍ ഹില്‍സ്, ദേവഗിരി പോലുളള സ്ഥാപനങ്ങളെ ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ ബോധ്യമായി.പേരാമ്പ്ര മദര്‍ തെരേസ ബി എഡ് കോളജില്‍ ബന്ധപ്പെടാനും സംഘം ശ്രമിച്ചിരുന്നു. കണ്ണൂര്‍ പള്ളിക്കുന്നിലെ സേവാ സദന്‍ മന്ദിരത്തില്‍ നിന്ന് സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 30 ഉം 40 ഉംകേസുള്ളതായി അറിയുന്നു. തട്ടിപ്പിനിരയായവര്‍ അബദ്ധം മനസ്സിലാക്കി പുറത്ത് പറയാന്‍ മടിക്കുയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയാലേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാന്‍ കഴിയുകയുള്ളുവെന്ന് എസ് ഐ സിജിത്ത് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss