കേന്ദ്ര സര്‍ക്കാരിന്റെ 12 ടൂറിസം പുരസ്കാരങ്ങള്‍ കേരളത്തിന്
Published : 31st July 2016 | Posted By: SMR
തിരുവനന്തപുരം: ടൂറിസം വിപണനമേഖലയില് സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറ് അവാര്‍ഡുകളില്‍ പകുതിയും കേരളം സ്വന്തമാക്കി.
ഉത്തരവാദിത്ത ടൂറിസത്തിലേതുള്‍പ്പെടെ രണ്ട് അവാര്‍ഡുകളും കേരളത്തിലെ ടൂര്‍ ഓപറേറ്റര്‍മാരും ഹോട്ടലുകളും ഒരു ആയുര്‍വേദ സെന്ററും നേടിയ ഏഴ് അവാര്‍ഡുകളും ചേര്‍ന്ന് കേരളത്തിന് മൊത്തം 12 അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച പഞ്ചനക്ഷത്ര ഹോട്ടലിനും പൈതൃക ഹോട്ടലിനുമുള്ള കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡുകളും ഇതില്‍ പെടും. ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് ഡല്‍ഹി വിജ്ഞാന് ഭവനില്‍ കേന്ദ്ര ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി, ടൂറിസം ഡയറക്ടര്‍ യു വി ജോസ് എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ഉത്തരവാദിത്ത ടൂറിസം വിഭാഗത്തിലാണ് വയനാട് ഇനിഷ്യേറ്റീവ് അവാര്‍ഡ് സ്വന്തമാക്കിയത്.
ഗ്രാമീണ ടൂറിസം വിഭാഗത്തിലെ അവാര്‍ഡ് കോഴിക്കോട്ടെ ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിനാണ്. കേരളത്തിന്റെ ശതാബ്ദങ്ങള്‍ നീണ്ട ബഹുസ്വരതയുടെ കഥ പറയുന്ന ‘കേരള ആന്റ് ദ സ്പൈസ് റൂട്ട്സ്’ എന്ന കോഫി ടേബിള്‍ ബുക്ക് മികച്ച ഇംഗ്ലീഷ് പ്രസിദ്ധീകരണമായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ ജൈവ സമ്പന്നമായ കായലുകളുടെ സചിത്ര വിവരണത്തിലൂടെ ശ്രദ്ധേയമായ ‘ദ ഗ്രേറ്റ് ബാക്വാട്ടേഴ്സ്’ എന്ന ജര്‍മന്‍ ഭാഷയിലുള്ള ലഘുലേഖ മികച്ച വിദേശഭാഷാ പ്രസിദ്ധീകരണത്തിനുള്ള പുരസ്കാരം നേടി. കേരളവുമായി ബന്ധമുള്ള മറ്റ് അവാര്‍ഡുകള്‍ മികച്ച പഞ്ചനക്ഷത്ര ഹോട്ടല്‍ ടര്ട്ട്ല് ഓണ്‍ ദ ബീച്ച് കോവളം, ക്ലാസിക് വിഭാഗത്തിലെ മികച്ച പൈതൃക ഹോട്ടല്‍ കോക്കനട്ട് ലഗൂണ്‍ കുമരകം, ബെസ്റ്റ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബെഡ് ആന്റ് ബ്രേക്ഫാസ്റ്റ് സ്ഥാപനം കോക്കനട്ട് ക്രീക്ക് ഫാം ആന്റ് ഹോംസ്റ്റേ, മികച്ച വെല്‍നെസ് കേന്ദ്രം സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് ആയുര്‍വേദ ആശുപത്രി തിരുവനന്തപുരം, വ്യത്യസ്തമായ ഉല്പന്നങ്ങള്ക്കുള്ള മികച്ച ടൂര്‍ ഓപറേറ്റര്‍ ലോട്ടസ് ഡെസ്റ്റിനേഷന്‍സ് കൊച്ചി, പുറത്തുനിന്നുള്ള വിനോദ സഞ്ചാരികളെ എത്തിച്ച ടൂര്‍ ഓപറേറ്റര്‍/ട്രാവല്‍ ഏജന്റ് കാലിപ്സോ അഡ്വഞ്ചേഴ്സ് കൊച്ചി, ഈ വിഭാഗത്തില്‍ മൂന്നാംസ്ഥാനം ദ്രവീഡിയന്‍ ട്രെയ്ല്‍സ് ഹോളിഡെയ്സ് കൊച്ചി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.