|    Oct 20 Sat, 2018 6:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യുഡിഎഫ് രാപകല്‍ സമരം നടത്തും

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യുഡിഎഫ് പ്രക്ഷോഭമാരംഭിക്കും. ഒക്‌ടോബര്‍ അഞ്ചിനു സെക്രേട്ടറിയറ്റിന് മുന്നിലും ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്നിലും രാപകല്‍ സമരം നടത്തുമെന്നു യുഡിഎഫ് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നു വരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടുനിന്നു തിരുവനന്തപുരം വരെ യാത്ര നടത്തും. മഞ്ചേശ്വരത്ത് എ കെ ആന്റണി ഉദ്ഘാടനം ചെയ്യുന്ന യാത്രയുടെ സമാപനത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും. യാത്രയുടെ ഒരുക്കങ്ങള്‍ക്കായി വി ഡി സതീശന്‍ കണ്‍വീനറും ഡോ. എം കെ മുനീര്‍, ജോണി നെല്ലൂര്‍, വര്‍ഗീസ് ജോര്‍ജ്, എന്‍ കെ പ്രേമചന്ദ്രന്‍, സി പി ജോണ്‍, ജി ദേവരാജന്‍ എന്നിവരടങ്ങിയ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച ഭൂരിപക്ഷം വര്‍ധിപ്പിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യോഗം തീരുമാനിച്ചതായും ചെന്നിത്തല പറഞ്ഞു. വേങ്ങരയിലെ സ്ഥാനാര്‍ഥിയെ മുസ്‌ലിംലീഗ് നേതൃത്വം ഈ മാസം 19നോ, 20നോ പ്രഖ്യാപിക്കും.20ന് നിയോജക മണ്ഡലം കണ്‍വന്‍ഷനും 22ന് പഞ്ചായത്ത് തല കണ്‍വന്‍ഷനുകളും 23ന് ബൂത്തുതല കണ്‍വന്‍ഷനുകളും ചേരും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ വിധിയെഴുത്തുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.വിജിലന്‍സ് തലപ്പത്ത് നാഥനില്ലാതെയായിട്ട് ആറു മാസം കഴിഞ്ഞു. അഴിമതിക്കേസുകളെല്ലാം എഴുതിത്തള്ളാനുള്ള നീക്കമാണു നടക്കുന്നത്. ബാര്‍ കോഴക്കേസില്‍ കോടതി രൂക്ഷമായി വിജിലന്‍സിനെ വിമര്‍ശിച്ചിട്ടും സര്‍ക്കാരിന് അനക്കമില്ലെന്നും ചെന്നിത്തല പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടുപോവാന്‍ യോഗത്തില്‍ ധാരണയായി. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ പരാമര്‍ശം യോഗത്തില്‍ ചര്‍ച്ചയായില്ല. അതേസമയം, ഈ മാസം 18 മുതല്‍ യുഡിഎഫ് ജില്ലാ കണ്‍വന്‍ഷനുകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss