|    Apr 30 Sun, 2017 4:31 pm
FLASH NEWS

കേന്ദ്ര മന്ത്രിസഭ പുനസ്സംഘടന ഇന്ന്;ഒമ്പത് പുതുമുഖങ്ങള്‍ക്കു സാധ്യത

Published : 5th July 2016 | Posted By: mi.ptk

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ പുനസ്സംഘടന ഇന്നുണ്ടാവും. പുതിയ മന്ത്രിമാര്‍ ഇന്നുകാലത്ത് 11 മണിക്ക് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും. അന്തിമലിസ്റ്റ് പുറത്തായില്ലെങ്കിലും ചുരുങ്ങിയത് 9 പുതുമുഖങ്ങള്‍ മന്ത്രിസഭയില്‍ എത്തുമെന്നാണു സൂചന. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മന്ത്രിസഭയിലേക്ക് പരിഗണന ലഭിക്കുക. ഇതില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും അടുത്ത് തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. എസ് എസ് അഹ്‌ലുവാലിയ, വിജയ് ഗോയല്‍, പി പി ചൗധരി എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്നാണു കരുതുന്നത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള ദലിത് എംപി അജയ് താംതയാണ് സാധ്യതാ ലിസ്റ്റിലുള്ള മറ്റൊരാള്‍. ഗുജറാത്തില്‍ നിന്നുള്ള പുരുഷോത്തം രൂപാല, മഹാരാഷ്ട്രയില്‍ നിന്നുള്ള രാംദാസ് അത്താവാല, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മഹേന്ദ്രനാഥ് പാണ്ഡെ, കൃഷ്ണരാജ്, അനുപ്രിയ പട്ടേല്‍ എന്നിവര്‍ക്ക് അവസരം ലഭിക്കുമെന്നാണു സൂചന. രാജസ്ഥാനില്‍ നിന്നുള്ള അര്‍ജുന്‍ രാം മേഘാവാള്‍, എം ജെ അക്ബര്‍ എന്നിരുടെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം തുടങ്ങി പ്രധാന വകുപ്പുകളില്‍ ചലനമില്ലാതെയാണ് മന്ത്രിസഭാ പുനസ്സംഘടന നടക്കുക. ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹിബത്തുല്ലയ്ക്കു പകരം മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് കാബിനറ്റ് പദവി ലഭിച്ചേക്കും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് അധിക വകുപ്പുകള്‍ ലഭിക്കാനും സാധ്യതയുണ്ട്. ഒപ്പം പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും കാബിനറ്റ് പദവിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. നിഹാല്‍ ചന്ദ് മേഘാവാള്‍, രാംശങ്കര്‍ ഖത്താരിയ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കും. കേന്ദ്ര കായികമന്ത്രിയായിരുന്ന സര്‍ബാനന്ദ സോനാവാള്‍ അസം മുഖ്യമന്ത്രിയായതിനാല്‍ ആ പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഭരണഘടന പ്രകാരം 82 അംഗങ്ങള്‍ വരെ മന്ത്രിസഭയില്‍ ആവാമെന്നിരിക്കെ നിലവില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ 64 മന്ത്രിമാരാണുള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് ചുരുങ്ങിയത് മൂന്നു മന്ത്രിമാരെങ്കിലും പുതുതായി എത്തും. മന്ത്രിമാരുടെ ഇതുവരെയുള്ള പ്രകടനം പുനസ്സംഘടനയില്‍ മാനദണ്ഡമാവുമെന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഏഴിന് നാലു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു പുറപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്നു നടത്തുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി മോദി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മന്ത്രിമാരാവാന്‍ സാധ്യതയുള്ളവരും അമിത്ഷായുമായി ചര്‍ച്ച നടത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day