|    Jul 22 Sat, 2017 2:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്ര മന്ത്രിമാരില്‍ 31 ശതമാനവും ക്രിമിനല്‍ക്കേസ് പ്രതികള്‍

Published : 7th August 2016 | Posted By: SMR

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിലെ മന്ത്രിമാരില്‍ 31 ശതമാനം പേരും വിവിധ സംസ്ഥാന സര്‍ക്കാരുകളിലെ മന്ത്രിമാരില്‍ 34 ശതമാനം പേരും ക്രിമിനല്‍ക്കേസ് പ്രതികളെന്ന് പഠനം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ പഠന റിപോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
78 കേന്ദ്രമന്ത്രിമാരില്‍ 24 പേര്‍ ക്രിമിനല്‍ക്കേസ് പ്രതികളാണ്. ഇതില്‍ 14 (18 ശതമാനം) പേര്‍ക്കെതിരേ കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോവല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതരമായ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സംസ്ഥാനങ്ങളിലെ 609 മന്ത്രിമാരില്‍ 201 പേരാണ് ക്രിമിനല്‍ക്കേസ് പ്രതികളായിട്ടുള്ളത്. ഇതില്‍ പലരും കൊലപാതകം വര്‍ഗീയ കലാപം തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍(ജനതാദള്‍ യുനൈറ്റഡ്), ഉത്തര്‍പ്രദേശിലെ ബിഎസ്പി മന്ത്രി രാംകരണ്‍ ആര്യ, ഗുജറാത്തിലെ ബിജെപി മന്ത്രി ചൗധരി ശങ്കര്‍ഭായ് ലഗ്ദീര്‍ഭായ് എന്നിവര്‍ കൊലക്കേസില്‍ പ്രതികളാണ്. 113 മന്ത്രിമാരാണ് ഗൗരവമുള്ള കേസില്‍ പ്രതികളായിട്ടുള്ളത്. ജാര്‍ഖണ്ഡാണ് ഇതില്‍ ഏറ്റവും മുന്നില്‍ ആകെയുള്ള 11 മന്ത്രിമാരില്‍ ഒമ്പത് പേരും (82 ശതമാനം) ഗൗരവമുള്ള ക്രിമിനല്‍ക്കേസില്‍ പ്രതികളാണ്.
ഡല്‍ഹിയില്‍ ഏഴു മന്ത്രിമാരില്‍ നാലു പേര്‍(57ശതമാനം) ക്രിമിനല്‍ക്കേസ് പ്രതികളാണ്. തെലങ്കാന 11 മന്ത്രിമാരില്‍ ഒമ്പത് പേര്‍(53 ശതമാനം), മഹാരാഷ്ട്ര 39ല്‍ 18 പേര്‍(46 ശതമാനം), ബിഹാര്‍ 28ല്‍ 11 പേര്‍(39ശതമാനം), ഉത്തരാഖണ്ഡ് എട്ടില്‍ രണ്ടുപേര്‍(25 ശതമാനം) എന്നിങ്ങനെയാണ് ക്രിമിനല്‍ക്കേസ് പ്രതികളായ സംസ്ഥാന മന്ത്രിമാരുടെ കണക്ക്. സംസ്ഥാന മന്ത്രിമാരുടെ ശരാശരി സ്വത്ത് 8.59 കോടിയും കേന്ദ്രമന്ത്രിമാരുടേത് 12.94 കോടിയുമാണ്. സമ്പന്നരായ സംസ്ഥാന മന്ത്രിമാര്‍ ഏറ്റവും കൂടുതലുള്ളത് ആന്ധ്രപ്രദേശിലാണ്, 45.49 കോടി. 36.96 കോടിയുമായി കര്‍ണാടകയാണ് രണ്ടാംസ്ഥാനത്ത്. അരുണാചല്‍പ്രദേശ് മൂന്നാംസ്ഥാനത്തുണ്ട്. ത്രിപുരയാണ് ദരിദ്രമന്ത്രിമാരുടെ സംസ്ഥാനം. 12 മന്ത്രിമാരുള്ള ത്രിപുരയില്‍ 31.67 ലക്ഷമാണ് മന്ത്രിമാരുടെ ശരാശരി സ്വത്ത്. ഏറ്റവും സമ്പന്നരായ മന്ത്രിമാരുള്ളത് അരുണാചല്‍പ്രദേശ്, പഞ്ചാബ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ്. ആകെയുള്ള 609 മന്ത്രിമാരില്‍ 426 (76 ശതമാനം) പേര്‍ കോടീശ്വരന്‍മാരാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക