|    Feb 23 Thu, 2017 5:35 pm

കേന്ദ്ര ഫണ്ടില്‍ 26 റോഡുകള്‍ക്ക് അനുമതി: മന്ത്രി

Published : 30th November 2016 | Posted By: SMR

ആലപ്പുഴ: കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നു ആദ്യ ഘട്ടമായി 364 കോടി രൂപയുടെ 26 പ്രവൃത്തികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. സംസ്ഥാനത്തെ ദേശീയപാതകളുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ഹൈവേ, പ്രധാന ജില്ലാ റോഡുകള്‍, മറ്റു ജില്ലാ റോഡുകള്‍ എന്നിവയുടെ വികസനത്തിനും പുനരുദ്ധാരണത്തിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ജില്ലയിലെ ചേന്നവേലി – തിരുവിഴ – തുരുത്തന്‍കല – തായിപ്പുറം റോഡ് (12 കോടി), കളര്‍കോട് – ഗലീലിയോ ജങ്ഷന്‍ – വിയിനിപ്പള്ളി – അയ്യന്‍കോവില്‍ റോഡ് (20 കോടി) തുടങ്ങി ബന്ധപ്പെട്ട എംഎല്‍എയും മന്ത്രിയും ശുപാര്‍ശ ചെയ്ത പ്രവൃത്തികള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ആദ്യഘട്ട ത്തില്‍ 27 പ്രവൃത്തികള്‍ക്കായി (395 കി.മീ) 384 കോടിക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചെങ്കിലും 26 എണ്ണത്തിനാണ് (374.90 കി. മീ) അനുമതി ലഭിച്ചത്. ഇതില്‍ തുമ്പോളി ബീച്ച് –  കളര്‍കോട് പ്രവൃത്തിഉള്‍പ്പെട്ടിട്ടില്ല.ഇതിനു പുറമേ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിയുടെ ഓഫിസുമായി പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ദേശീയപാത ചീഫ് എന്‍ജിനീയറും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കുറച്ചു കൂടി തുക കേന്ദ്ര റോഡ് ഫണ്ട് വഴി നല്‍കാമെന്ന് വാഗ്ദാനം തന്നതിന്റെ അടിസ്ഥാനത്തില്‍ 467.30 കോടിക്കുള്ള (541.08 കി. മീ) 40 പ്രവൃത്തികളുടെ പട്ടിക കൂടി അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിനു പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ചതായും മന്ത്രി അറിയിച്ചു. ഇതില്‍ ജില്ലയിലെ തുമ്പോളി ബീച്ച് – കൊമ്മാടി – കൈചൂണ്ടി – ജില്ലാ കോടതി – കല്ലുപാലം – കൈതവന – കളര്‍കോട് റോഡ്, പുതിയേടം – പ്രയാര്‍റോഡ് ആന്റ് ഗോവിന്ദമുട്ടം – ആലും പീടിക റോഡ്, അമ്പലപ്പുഴ – പഴയനടക്കാവ് – കളര്‍കോട് റോഡ്, ചെട്ടികുളങ്ങര – ചുനക്കര റോഡ്, പള്ളികൂട്ടുമ്മ – നീലമ്പേരൂര്‍ റോഡ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു പരിഗണനയും ലഭിക്കാത്ത മേഖലകള്‍ക്കു പ്രാധാന്യം നല്‍കികൊണ്ടാണ് റോഡുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്. എല്ലാ ജില്ലകളെയും പരിഗണിച്ചുകൊണ്ട് സന്തുലിതമായ വികസനം ലക്ഷ്യം വച്ചു കൊണ്ടാണ് ലിസ്റ്റിനു അന്തിമ രൂപം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 40.30 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കേന്ദ്ര മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുമതി ലഭിച്ചുവെന്ന  വാര്‍ത്ത അടിസ്ഥാനരഹിതമാണ്. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കൊപ്പം വിവിധ എംഎല്‍എ മാരും എംപിമാരും  മറ്റു ജനപ്രതിനിധികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് സെന്‍ട്രല്‍ റോഡ് ഫണ്ടിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാര്‍ പരിശോധിച്ചതിനു ശേഷം, പൊതുമരാമത്തു മന്ത്രിയുടെ അംഗീകാരത്തോടെയാണ് കേന്ദ്രസര്‍ക്കാരിന് അനുമതിക്കായി നല്‍കുന്നത്.  സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് റോഡുകള്‍ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.ഇന്നുവരെ ഒരു നിര്‍ദേശം പോലും നല്‍കാത്ത ജനപ്രതിനിധികള്‍ പോലും മരാമത്ത് വകുപ്പിന്റെ ശുപാര്‍ശയില്‍ ലഭിക്കുന്ന പ്രവൃത്തികളെ തങ്ങളുടെ നേട്ടമായി ചിത്രീകരിച്ചു വാര്‍ത്തകള്‍ നല്‍കുന്നതായും മന്ത്രി ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക