|    Oct 18 Thu, 2018 4:47 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേന്ദ്ര പൊതു ബജറ്റ് നാളെ

Published : 31st January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പൊതുബജറ്റ് നാളെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും. നോട്ട് നിരോധനത്തെ തുടര്‍ന്ന് മന്ദഗതിയിലായ ഇന്ത്യന്‍ സാമ്പത്തികരംഗത്തെ മെച്ചപ്പെടുത്താനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണ് കരുതുന്നത്. റെയില്‍വേ ബജറ്റും പൊതുബജറ്റും ലയിപ്പിച്ചശേഷം ആദ്യമായി അവതരിപ്പിക്കുന്ന ബജറ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ വകയിരുത്തലുകള്‍ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷ. നോട്ട് പിന്‍വലിക്കല്‍ ചെറുകിട വ്യാപാരമേഖലയെയാണ് കാര്യമായി ബാധിച്ചത്. രാജ്യത്തെ വളര്‍ച്ചാനിരക്ക് 6.6 ശതമാനമായി കുറയുമെന്ന് ഇന്‍ര്‍നാഷനല്‍ മോണിറ്ററിങ് ഫണ്ട് കണക്കുകൂട്ടുന്നു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ പ്രതിസന്ധിക്കിടയിലും ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കു കൂടി ബജറ്റില്‍ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാനാണ് സാധ്യത. പണരഹിത സമ്പദ്‌വ്യവസ്ഥ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളുമുണ്ടായേക്കും. ആദായനികുതി പരിധി കൂട്ടുക, സേവന നികുതി കുറയ്ക്കുക, ഓണ്‍ലൈന്‍ ഇടപാടുകളുടെ സര്‍വീസ് ചാര്‍ജ് കുറയ്ക്കുക തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവാന്‍ സാധ്യതയുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നികുതിഘടനയിലും മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നത്. നോട്ട് നിരോധനത്തില്‍ തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയ്ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടും കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടായേക്കും. ജിഎസ്ടി നടപ്പാക്കാന്‍ പോവുന്നതിനാല്‍ അതിന് സഹായകരമായ വിധത്തില്‍ നികുതിഘടനയില്‍ മാറ്റം വരുത്തിയേക്കും. സാമ്പത്തികമേഖല തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തില്‍ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ബജറ്റ് തയ്യാറായെന്നു വരില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss