|    Jan 25 Wed, 2017 3:06 am
FLASH NEWS

കേന്ദ്ര പിന്തുണയോടെ കേരളത്തില്‍ ബിജെപിയുടെ കലാപ ശ്രമം: മുഖ്യമന്ത്രി

Published : 13th October 2016 | Posted By: SMR

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ആര്‍എസ്എസ്- ബിജെപി കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ചേര്‍ത്തല പള്ളിപ്പുറത്ത് കഴിഞ്ഞ ഫെബ്രു. 17ന് സിപിഎം- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കൊലചെയ്യപ്പെട്ട ഷിബുവിന്റെ കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ പുതിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണങ്ങള്‍ അഴിച്ചുവിട്ട് കേരളത്തിന്റെ ക്രമസമാധാന നില തകര്‍ക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തിന് കീഴില്‍ ഇത് നടപ്പാക്കാന്‍ അനുവദിക്കില്ല. കൊലപാതകങ്ങള്‍ നടപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ ഐക്യവും സമാധാനവും തകര്‍ക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ആര്‍എസ്എസ്- ബിജെപി ഉന്നത നേതാക്കളുടെ അറിവോടെയാണ് നടക്കുന്നതെന്നും പിണറായി ആരോപിച്ചു. ആര്‍എസ്എസ് കൊല നടത്തിയ ശേഷം കള്ളം പ്രചരിപ്പിച്ചു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ചില ശക്തികള്‍ നാടിനെയാകെ കുരുതിക്കളമാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. നാട്ടില്‍ സമാധാനം ഉണ്ടാവരുതെന്ന് ആര്‍എസ്എസിന് നിര്‍ബന്ധമുണ്ടെന്ന് പിണറായി വിജയന്‍ ആരോപിച്ചു.
തീവ്രവാദ, ആക്രമണ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതു കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം.
തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത വികസന പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇത് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നത്. കേരളത്തിന്റെ ക്രമസമാധാനനില തകര്‍ക്കുന്നതില്‍ യുഡിഎഫും ആര്‍എസ്എസും ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തെ തീവ്രവാദ സംഘങ്ങളുടെ കേന്ദ്രമാക്കാനാണ് ചില സംഘങ്ങള്‍ ശ്രമിക്കുന്നത്. ഇതിനെ സാധാരണ പ്രശ്‌നമായല്ല സര്‍ക്കാര്‍ കാണുന്നത്. ഇതിനെ എന്ത് വിലകൊടുത്തും തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക