|    Nov 13 Tue, 2018 9:20 pm
FLASH NEWS
Home   >  Kerala   >  

കേന്ദ്ര നയം ട്രേഡ് യൂണിയനുകളെ ഇല്ലാതാക്കുന്നുവെന്ന് ബിഎംഎസ് പോലും പറഞ്ഞു:സിഐടിയു

Published : 6th May 2018 | Posted By: mi.ptk

പത്തനംതിട്ട: ഇന്ത്യയില്‍ കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ട്രേഡ്‌യൂണിയനുകള്‍ രജിസ്റ്റര്‍ ചെയ്യാനും പ്രവര്‍ത്തിക്കാനും സംഘടിക്കാനുമുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്ന് സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സിലിനോടനുബന്ധിച്ച് പത്തനംതിട്ട പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷക്കാലമായുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ക്ക് നേരെ വലിയ അക്രമങ്ങളാണ് ഉണ്ടാകുന്നത്.

നാല് കൊല്ലമായി അധികാരത്തിലുള്ള മോഡിസര്‍ക്കാര്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ എല്ലാം തന്നെ ഭേദഗതി ചെയ്യുകയാണ്. ഇതിനോടനുബന്ധിച്ചുള്ള ഏറ്റവും ഒടുവിലത്തെ പരിഷ്‌ക്കാരമാണ് സ്ഥിരം തൊഴില്‍ ഇല്ലാതാക്കല്‍ നിയമം. ഇന്ത്യയിലൊട്ടാകെ വിവിധ സംഘടിതമേഖലയിലെ തൊഴില്‍ സുരക്ഷയെ ഇല്ലാതാക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതെല്ലാം തുടര്‍ച്ചയായി എതിര്‍ക്കപ്പെടേണ്ടിയിരിക്കുന്നു. സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പൊതുമേഖലയിലാകെ സ്വകാര്യവത്ക്കരണമെന്നാണ് കേന്ദ്ര നയം. റെയില്‍വേയുടെ എല്ലാ ഉത്പാദന കേന്ദ്രങ്ങളിലും പകുതിയിലധികം ജീവനക്കാര്‍ ഇപ്പോള്‍ മറ്റ് കമ്പനി ഉടമകളുടെ കീഴിലാണ് പണിയെടുക്കുന്നത്. ഇതിനെല്ലാമെതിരെ മെയ് 30ന് ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ദേശീയ കണ്‍വന്‍ഷന്‍ നടത്തും. അടുത്ത ഘട്ട സമരപരിപാടികള്‍ കണ്‍വന്‍ഷനില്‍ രൂപം നല്‍കുമെന്ന് പത്മനാഭന്‍ പറഞ്ഞു. ഇന്ത്യയിലെ വ്യവസായ മേഖല, ബാങ്കിങ് മേഖല, സര്‍വീസ് മേഖല, ഉള്‍പ്പെടെ എല്ലാ മേഖലകളേയും നശിപ്പിക്കുന്ന രീതിയിലുള്ള , സ്വകാര്യ മുതലാളിമാരേയും കുത്തക മുതലാളിമാരേയും സഹായിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. ഇതിനെതിരെ നിശബ്ദരായി ഇരിക്കാനാവില്ലെന്നും എ കെ പത്മനാഭന്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശസംരക്ഷണാര്‍ത്ഥം പൊതുമേഖലാ സംരക്ഷണാര്‍ത്ഥം ജൂണ്‍, ജൂലായ് മാസങ്ങളില്‍ രാജ്യമൊട്ടാകെ സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ പ്രചാരണ സമര പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ വികല നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകളുടെയും പൊതുമേഖല ജീവനക്കാരുടെയും യുവജന സംഘടനകളം സന്നദ്ധസംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ മെയ് 23ന് ‘ജന്‍ ഏക്ത ജന്‍ അധികാര്‍ ആന്ദോളന്‍’രാജ്യമെമ്പാടും വമ്പിച്ച ജനകീയ പ്രക്ഷോഭം നടത്തും.

തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസിമിതിയില്‍ നിന്ന് ബിഎംഎസിനെ ആരും പുറത്താക്കിയിട്ടില്ല. 2009 വരെ ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകള്‍ ഉള്‍പ്പെടെ പണിമുടക്ക് നടത്തിയിരുന്നു. 2015 ലും പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു പ്രചാരണം നടത്തി. എന്നാല്‍ അവസാന നിമിഷം സമരത്തില്‍ നിന്ന് ബിഎംഎസ് പിന്‍മാറുകയായിരുന്നു. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ തകര്‍ക്കുന്നുവെന്നും പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നുപോലും ബിഎംഎസ് പറയുന്നത് സ്ഥിതി എത്ര ഗുരുതരമാണെന്നതിന് തെളിവാണ്. ബിഎംഎസ് സമരത്തില്‍ ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ് എ കെ പത്മനാഭന്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാര്‍, സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. കെ അനന്തഗോപന്‍ എന്നിവര്‍ മീറ്റ് ദ പ്രസില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss