|    Dec 11 Tue, 2018 2:19 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേന്ദ്ര കല്‍ക്കരിമന്ത്രി കൈക്കൂലി വാങ്ങി: സിബിഐ ഉദ്യോഗസ്ഥന്‍

Published : 20th November 2018 | Posted By: kasim kzm

സുപ്രിംകോടതിയില്‍ന്യൂഡല്‍ഹി: സിബിഐ അന്വേഷണം നേരിടുന്ന വ്യവസായിക്കെതിരായ കേസില്‍ ഇടപെടുന്നതിന് അദ്ദേഹത്തില്‍ നിന്ന് കേന്ദ്രമന്ത്രി കൈക്കൂലി വാങ്ങിയെന്ന് സിബിഐ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ മനീഷ്‌കുമാര്‍ സിന്‍ഹ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത അനുയായിയും ഗുജറാത്തില്‍ നിന്നുള്ള ബിജെപി നേതാവുമായ കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി വിവാദ വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ കൈക്കൂലിക്കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായ മനീഷ്‌കുമാര്‍ സിന്‍ഹ വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി കോടികള്‍ കൈക്കൂലി വാങ്ങിയ കാര്യം ഹൈദരാബാദ് സ്വദേശിയായ വ്യവസായി സതീഷ് ബാബുവാണ് തന്നോട് പറഞ്ഞത്. അഹ്മദാബാദ് സ്വദേശിയായ വിപുല്‍ മുഖേനയാണ് ഇടപാട് നടന്നത്. മാംസ കയറ്റുമതി വ്യാപാരി മുഈന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അട്ടിമറിക്കാന്‍ രാകേഷ് അസ്താന മൂന്നുകോടി രൂപ കൈക്കൂലി വാങ്ങിയതിലെ ഇടനിലക്കാരനാണ് സതീഷ് ബാബു. കൈക്കൂലിക്കേസിന്റെ അന്വേഷണച്ചുമതല സിന്‍ഹയ്ക്കായിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ നാഗ്പൂരിലേക്കു സ്ഥലംമാറ്റിയ നടപടി ചോദ്യംചെയ്തു സുപ്രിംകോടതി മുമ്പാകെ സമര്‍പ്പിച്ച ഹരജിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ ഒന്നാംപ്രതിയായ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ അന്വേഷണത്തില്‍ ഇടപെടാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ശ്രമിച്ചെന്നും സിന്‍ഹ ഹരജിയില്‍ പറയുന്നുണ്ട്.
കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് സിബിഐ അസ്താനയുടെ വസതിയിലും ഓഫിസിലും പരിശോധന നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതു തടയാന്‍ അജിത് ഡോവല്‍ ശ്രമിച്ചു. തന്റെ സ്ഥലംമാറ്റം ഏകപക്ഷീയവും വഞ്ചനാപരവും രാഷ്ട്രീയ പ്രേരിതവുമാണ്. വന്‍സ്വാധീനമുള്ള വ്യക്തികള്‍ക്കെതിരേ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഇരകളാക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ളതാണിത്. അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ വേണ്ടിയാണ് തന്നെ സ്ഥലംമാറ്റിയതെന്നും സിന്‍ഹ പറയുന്നുണ്ട്. അസ്താനയുടെ ഇത് ഉള്‍പ്പെടെയുള്ള കേസന്വേഷണങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട കാര്യവും സിന്‍ഹ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രമന്ത്രിക്കെതിരേ ഞെട്ടിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സിന്‍ഹ കോടതിയില്‍ പറഞ്ഞെങ്കിലും ഇതൊന്നും തങ്ങളെ ഞെട്ടിക്കില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. തന്റെ ഹരജി വേഗം പരിഗണിക്കണമെന്ന സിന്‍ഹയുടെ ആവശ്യം കോടതി തള്ളി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss