|    Aug 17 Fri, 2018 2:44 am
Home   >  Todays Paper  >  page 7  >  

കേന്ദ്ര അവഗണന: യുഡിഎഫ് എംപിമാര്‍ ധര്‍ണ നടത്തി

Published : 3rd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരേ കേരളത്തില്‍നിന്നുള്ള യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ധര്‍ണ നടത്തി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച് രണ്ടാം യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് തറക്കല്ലിട്ട പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ നിര്‍മാണം ഇതുവരെ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണു ധര്‍ണ നടത്തിയത്.
പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ നിര്‍മാണത്തെ സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പരസ്പരവിരുദ്ധമായ പ്രസ്താവനകളാണു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യുഡിഎഫ് എംപിമാര്‍ കുറ്റപ്പെടുത്തി. കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഇ ടി മുഹമ്മദ് ബഷീര്‍, ജോസ് കെ മാണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്‍ കെ പ്രേമചന്ദ്രന്‍, എം ഐ ഷാനവാസ്, എം കെ രാഘവന്‍, ആന്റോ ആന്റണി എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്തു. പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ ധര്‍ണയില്‍ നിന്നു വിട്ടുനിന്നു.
മെഹുല്‍ ചോക്‌സി ആന്റിഗ്വയിലെന്ന് സ്ഥിരീകരണം
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായ മെഹുല്‍ ചോക്‌സി ആന്റിഗ്വയിലുണ്ടെന്ന് ആ രാജ്യത്തെ അധികൃതര്‍ സിബിഐയെ അറിയിച്ചു. ചോക്‌സിയെ ഇന്ത്യ—ക്ക് വിട്ടുകിട്ടുന്നതിന് ഉടന്‍ നടപടി തുടങ്ങുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ചോക്‌സി എവിടെയുണ്ടെന്ന വിവരങ്ങള്‍ ആരാഞ്ഞ് സിബിഐ ആന്റിഗ്വ അധികൃതര്‍ക്ക് കത്തെഴുതിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചോക്‌സി ആന്റിഗ്വ പൗരത്വമെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. തിരച്ചില്‍ നോട്ടീസിനു കാത്തുനില്‍ക്കാതെ ചോക്‌സിയെ വിട്ടുകിട്ടാന്‍ വിദേശകാര്യമന്ത്രാലയം മുഖേന സിബിഐ നടപടി സ്വീകരിക്കുമെന്ന് സിബിഐ അറിയിച്ചു.
ചോക്‌സിയെ വിട്ടുകിട്ടാന്‍ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന സിബിഐയുടെ അപേക്ഷ ഇന്റര്‍പോളിന്റെ പരിഗണനയിലാണ്. 200 കോടി യുഎസ് ഡോളര്‍ തട്ടിപ്പ് നടത്തിയാണ് മരുമകന്‍ നീരവ് മോദിക്കൊപ്പം ചോക്‌സി രാജ്യം വിട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss