|    Apr 21 Sat, 2018 5:47 am
FLASH NEWS
Home   >  National   >  

കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടിയ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതിന് പിന്നില്‍ ദലിത് പീഡനം

Published : 19th October 2016 | Posted By: frfrlnz

dalith-attack
ബീഹാര്‍: കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടിയ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതിന് പിന്നില്‍ ദലിത് പീഡനമെന്ന് റിപ്പോര്‍ട്ട്. മര്‍ദ്ദനത്തിന് വിധേയനായ വിദ്യാര്‍ത്ഥി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  മുസാഫര്‍പൂറിലെ കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ അടുത്തിടെ നവമാധ്യമങ്ങളില്‍  വൈറലായിരുന്നു. വീഡിയോ വൈറലായതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. എന്നാല്‍ എന്തിന് വേണ്ടിയായിരുന്നു ഒരു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചതെന്ന ചോദ്യം അവ്യക്തമായിരുന്നു.എന്നാല്‍ തന്നെ എന്തിനാണ് സഹപാഠികള്‍ മര്‍ദ്ദിച്ചതെന്നതിന്റെ വിശദീകരണം വിദ്യാര്‍ത്ഥി തന്നെ വീഡിയോയിലൂടെ നല്‍കിയിരിക്കുകയാണ്.

16 വയസ്സുള്ള താന്‍ ബീഹാറിലെ മുസാഫര്‍പൂറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ ദലിത് വിദ്യാര്‍ത്ഥിയാണ് . എന്നെ തല്ലുന്ന വീഡിയോ വൈറലായതായി ഞാന്‍ അറിഞ്ഞു. തുടര്‍ന്ന് ഇതിന് വിശദീകരണം നല്‍കണമെന്ന് തോന്നി. ഇതിനാലാണ് തന്റെ കഥ ഇവിടെ വിവരിക്കുന്നതെന്നും വിദ്യാര്‍ത്ഥി പറയുന്നു.

അധ്യാപകനായ അച്ഛന്റെ മകനാണ് ഞാന്‍. മികച്ച വിദ്യാഭ്യാസം നേടാനാണ് മുസാഫര്‍പൂരിലെ മുത്തശ്ശിയുടെ വീട്ടിലേക്ക് തന്നെ അയച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരം താന്‍ നന്നായി പഠിച്ചു.എന്നാല്‍ ദലിതനായതിനാല്‍ പലപ്പോഴും ക്ലാസ്സ് മുറിയില്‍ ലഭിച്ചിരുന്നത് അധിക്ഷേപവും മാനക്കേടും മാത്രമായിരുന്നുവെന്നും വിദ്യാര്‍ത്ഥി പറയുന്നു. സ്‌കൂളില്‍ എത്തിയതുമുതല്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന മര്‍ദ്ദനത്തിന്റെ ഒരു ഭാഗം മാത്രമാണ് ജനങ്ങള്‍ കണ്ട വീഡിയോ .

എല്ലാ ദിവസവും വിശാല്‍ , വിക്കി എന്നീ സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികള്‍ എന്നെ മര്‍ദ്ദിക്കാറുണ്ട്. അവരില്‍ ഒരാള്‍ എന്റെ സഹപാഠിയാണ്. മറ്റൊരാള്‍ എന്റെ ജൂനിയറും. ആഴ്ച്ചയില്‍ ഒരു തവണ അവര്‍ എന്റെ മുഖത്ത് തുപ്പും. ക്ലാസ്സിലെ അധ്യാപികയ്ക്ക് എന്നെ സഹായിക്കണമെന്നുണ്ട്. എന്നാല്‍ ആ കുട്ടികളുടെ അച്ഛന്‍ ഒരു  ക്രിമിനല്‍ ആയതിനാല്‍ സ്‌കൂളിന് നടപടി എടുക്കാന്‍ കഴിയില്ലെന്നാണ് അധ്യാപിക പറഞ്ഞത്. അതിനാല്‍ ഞാന്‍ തന്നെ പരാതി നല്‍കുകയായിരുന്നു.  തുടര്‍ന്ന്  സ്‌കൂള്‍ വിടേണ്ടി വന്നു. മര്‍ദ്ദനത്തിന്റെ കാര്യം ആരോടെങ്കിലും പരാതിപ്പെട്ടാല്‍ എന്നെ കൊല്ലുമെന്നായിരുന്നു അവരുടെ ഭീഷണി.തന്നെ സ്ഥിരമായി മര്‍ദ്ദിക്കുന്ന കാര്യം സ്‌കൂള്‍ പ്രിന്‍സിപ്പളിനോട് പറഞ്ഞാല്‍ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല എന്നായിരുന്നു അവരുടെ മറ്റൊരു ഭീഷണി.

എന്നെ മര്‍ദ്ദിച്ച സഹോദരങ്ങള്‍ അവിടുത്തെ ലോക്കല്‍ ഗുണ്ടയായ ഷാസി ബുഷാന്‍ അലിയാസ് ഫൗജി എന്നയാളുടെ മക്കളാണ്. അയാള്‍ ഇപ്പോള്‍ മോത്തിഹാരി ജയിലിലാണ്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങി നിരവധി കുറ്റങ്ങളില്‍ പ്രതിയാണ് അദ്ദേഹം.പലപ്പോഴും സ്‌കൂളിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ അവര്‍ മര്‍ദ്ദിക്കാറുണ്ട്.

ക്ലാസ്മുറിയില്‍ എന്നെ തല്ലിയ സഹപാഠിയുടെ സ്ഥാനം അവസാന ബെഞ്ചിലാണ്. ഞാന്‍ ഇരിക്കാറുള്ളത് മുന്‍നിരയിലും. ഞാന്‍ മികച്ച മാര്‍ക്ക് നേടുന്നതും ഞാന്‍ കീഴ്ജാതിക്കാരനായതും അവരുടെ ദേഷ്യം ഇരട്ടിച്ചു. തന്നെ മര്‍ദ്ദിക്കുമ്പോള്‍ ആരും   സഹായിക്കാന്‍ എത്താറില്ല.വീഡിയോ ചിത്രീകരിച്ചത് ഓഗസ്റ്റ് 25നാണെന്നാണ് എന്റെ ഓര്‍മ്മ. എന്നെ തല്ലുന്നത് സന്തോഷം നല്‍കുന്നുണ്ടെന്നായിരുന്നു അവരില്‍ ഒരാളുടെ പ്രതികരണം. അവന്റെ നിര്‍ദേശാനുസരണം മറ്റൊരു വിദ്യാര്‍ത്ഥിയാണ് വീഡിയോ ചിത്രീകരിച്ചിരുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കുറച്ചാളുകള്‍ എന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതിനാല്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകാന്‍ കഴിയാറില്ല. പഠനം നിര്‍ത്തണമെന്നാവശ്യപ്പെട്ട ഭീഷണിയും നിലനില്‍ക്കുന്നു.  മാര്‍ച്ചിലാണ് എന്റെ കൊല്ലപരീക്ഷയെന്നും എങ്ങനെയാണ് ഇതെല്ലാം അതിജീവിച്ച് ഞാന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയെന്നും വിദ്യാര്‍ത്ഥി ചോദിക്കുന്നു.

അതിനിടെ കുട്ടി പരീക്ഷയില്‍ മികച്ച വിജയം നേടിയതാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് കേസ് അന്വേഷിക്കുന്നു പോലിസ് ഓഫിസര്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss