|    Oct 22 Sun, 2017 10:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേന്ദ്രഹജ്ജ് കമ്മിറ്റി പുനസ്സംഘടിപ്പിച്ചു; കേരളത്തെ തഴഞ്ഞു

Published : 13th June 2016 | Posted By: SMR

കരിപ്പൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുനസ്സംഘടനയില്‍ കേരളത്തെ തഴഞ്ഞു. കഴിഞ്ഞ വര്‍ഷം മൂന്ന് പ്രതിനിധികളുണ്ടായിരുന്ന ഹജ്ജ് കമ്മിറ്റിയില്‍ ഇത്തവണ ഇ ടി മുഹമ്മദ് ബഷീര്‍ എംപി മാത്രമാണ് കേരളത്തില്‍ നിന്ന് ഉള്‍പ്പെട്ടത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന ആറാമത്തെ സോണിലെ പ്രതിനിധിയായി ഇ ടി മുഹമ്മദ് ബഷീറിനെ ഒരുമാസം മുമ്പു തന്നെ തിരഞ്ഞെടുത്തിരുന്നു.
കേന്ദ്രം പുതിയ ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെ പട്ടിക കഴിഞ്ഞ ദിവസമാണു പുറത്തിറക്കിയത്. കഴിഞ്ഞ കമ്മിറ്റിയില്‍ എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം ഐ ഷാനവാസ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നീ മുന്നു പ്രതിനിധികള്‍ കേരളത്തില്‍ നിന്നുണ്ടായിരുന്നു.
സംസ്ഥാനങ്ങളില്‍ നിന്ന് സോണല്‍ ഹജ്ജ് പ്രതിനിധി തിരഞ്ഞടുപ്പ് കഴിഞ്ഞ് ഒന്നര മാസത്തിനു ശേഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുനസ്സംഘടിപ്പിച്ചത്. ആകെ 23 പേരില്‍ മൂന്നു പേരെ മാത്രമാണ് ഇനി കണ്ടത്താനുള്ളത്. ഇതില്‍ അപേക്ഷകരില്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് ഒരു സീറ്റ് റിസര്‍വ് ചെയ്തിട്ടുണ്ട്. രണ്ടു പ്രതിനിധികളെ പിന്നീട് കണ്ടെത്തുകയും ചെയ്യും. മൂന്ന് എംപിമാര്‍, കൂടുതല്‍ തീര്‍ത്ഥാടകരുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, മൂന്ന് പണ്ഡിതര്‍, രണ്ട് വനിതകള്‍, ഏഴ് നോമിനേറ്റഡ് അംഗങ്ങള്‍, ഒരു ഷിയാ പ്രതിനിധി അടക്കം 19 പ്രതിനിധികളും വിദേശം, ആഭ്യന്തരം, ധനം, വ്യോമയാനം എന്നീ വകുപ്പുകളിലെ നാലു ഗവ. സെക്രട്ടറിമാരും ഉള്‍പ്പടെ 23 പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലുള്ളത്. മൂന്നു വര്‍ഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി. ഖൈസര്‍ ഷമീം ചെയര്‍മാനായുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മെയ് അഞ്ചിനാണ് അവസാനിച്ചത്. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസ് ആഗസ്തില്‍ ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുനസ്സംഘടിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക