|    Jan 22 Sun, 2017 7:56 pm
FLASH NEWS

കേന്ദ്രസര്‍വകലാശാലാ ഹോസ്റ്റലുകളുടെ ഉദ്ഘാടനം നാളെ

Published : 7th October 2016 | Posted By: Abbasali tf

കാസര്‍കോട്: പെരിയ കേന്ദ്രസര്‍വകലാശാലയിലെ പുരുഷ-വനിത ഹോസ്റ്റലുകളുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കേന്ദ്രമാനവവിഭവശേഷി സഹമന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡെ നിര്‍വഹിക്കും. വൈസ്ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ അധ്യക്ഷതവഹിക്കും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എ സംബന്ധിക്കും. ഉദ്ഘാടനചടങ്ങിനുശേഷം കേന്ദ്രമന്ത്രി കേന്ദ്രസര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളുമായി ‘സാങ്കേതികവികസനത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ സംവാദം നടത്തും. നിര്‍മാണം പൂര്‍ത്തിയായ വനിത ഹോസ്റ്റലിന് ‘നിള’ എന്നും പുരുഷ ഹോസ്റ്റലിന് ‘പെരിയാര്‍’ എന്നുമാണ് നാമകരണം ചെയ്തിട്ടുള്ളത്. 34 കോടി രൂപയാണ് ഹോസ്റ്റലുകളുടെ നിര്‍മാണചെലവ്. നാലു നിലകളുള്ള ഓരോ ഹോസ്റ്റലുകള്‍ക്കും 53,000 ചതുരശ്രി അടി വീതം വിസ്തീര്‍ണമാണുള്ളത്. ഓരോ ഹോസ്റ്റലിനും അടുക്കള, ഡൈനിങ് ഹാള്‍, മെഡിക്കല്‍ റൂം, റിക്രിയേഷന്‍ റൂം, റീഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലിഫ്റ്റ് സൗകര്യവും അഗ്നിസുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ സര്‍ക്കാര്‍ അനുശാസിക്കുന്ന റാംപ്, ശൗചാലയ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമുണ്ട്. രണ്ടു ഹോസ്റ്റലുകളിലുമായി 420 വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കും. നിലവില്‍ പെരിയ കാംപസിലുള്ള വനിത ഹോസ്റ്റലില്‍ 160 പേര്‍ താമസിക്കുന്നുണ്ട്. 580 കുട്ടികള്‍ക്ക് താമസസൗകര്യം ലഭ്യമാകും. ഇതോടെ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു ഹോസ്റ്റലുകള്‍ ഒഴിവാക്കിക്കൊണ്ട് പെരിയയിലെ സ്ഥിരം കാംപസില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യമൊരുക്കാന്‍ സാധിക്കും. ഇതിനുപുറമേ നൂറുപേര്‍ക്ക് വീതം താമസസൗകര്യം നല്‍കാന്‍ കഴിയുന്ന രണ്ടു പുതിയ പുരുഷ-വനിത ഹോസ്റ്റലുകളുടെ നിര്‍മാണത്തിനുവേണ്ടി കേന്ദ്ര സാമൂഹികനീതി-ശാക്തീകരണമന്ത്രാലയത്തില്‍ നിന്നും സര്‍വകലാശാലയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ ഹോസ്റ്റലുകളുടെ നിര്‍മാണത്തിനുള്ള ഫണ്ടും സര്‍വകലാശാലയ്ക്ക് കൈമാറിയിട്ടുണ്ട്. ഹോസ്റ്റലുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെരിയ കാംപസില്‍ എട്ട് അക്കാദമിക് ബ്ലോക്കുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. അടുത്ത അധ്യയനവര്‍ഷത്തിന്റെ ആരംഭത്തോടെ ഈ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകും. ഇതോടെ വിവിധ താല്‍കാലിക കാംപസുകളിലായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയിലെ എല്ലാ വകുപ്പുകളും സ്ഥിരം കാംപസായ പെരിയയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ പി സുരേഷ്, പരീക്ഷ കണ്‍ട്രോളര്‍ വി ശശിധരന്‍, മീഡിയ കണ്‍വീനര്‍ ഇഫ്തിഖര്‍ അഹമ്മദ് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക