|    Sep 24 Mon, 2018 6:09 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ പ്രതിഷേധം ശക്തം

Published : 28th May 2017 | Posted By: fsq

 

കൊച്ചി: കശാപ്പു നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തിനു നേരെയുളള കടന്നുകയറ്റമാണെന്നും അത്തരത്തിലുള്ള തിട്ടൂരമൊന്നും കേരളത്തില്‍ നടപ്പിലാക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ഡിസ്ട്രിക്ട് കോ-ഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍(ഡിബിഇഎഫ്) കേരളയുടെ 25ാം വാര്‍ഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയത ഉപയോഗിച്ച് വോട്ടുനേടാനുള്ള സമര്‍ഥമായ കളമെഴുത്താണ് ഈ തീരുമാനത്തിലൂടെ ബിജെപി നടപ്പിലാക്കുന്നത്. ഇതിനെ നേരിടാനുളള ആര്‍ജവം രാജ്യത്തെ മതേതര പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ മറക്കേണ്ടെന്നും കടകം പള്ളി സുരന്ദ്രേന്‍ പറഞ്ഞു.

തോമസ് ഐസക്

മലപ്പുറം: കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് കേന്ദ്രം പുതുതായി കൊണ്ടുവന്ന നിയമം ഇന്ത്യയില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലക്ക് ഇത് വലിയ തിരിച്ചടിയാകും. കറവ വറ്റിയ കന്നുകാലികളെ പോറ്റേണ്ട അധിക ബാധ്യത കൂടി കര്‍ഷകനുണ്ടാകും. അവ പട്ടിണി കിടന്ന് ചാവുന്ന അവസ്ഥയുണ്ടായാല്‍ അതായിരിക്കും മൃഗങ്ങളോടുള്ള വലിയ ക്രൂരതയെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി

മലപ്പുറം: കന്നുകാലി കടത്തുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം കേരളം ഉള്‍പ്പെടുയുള്ള ദക്ഷിണേന്ത്യയിലേക്കും വര്‍ഗീയ സംഘര്‍ഷം കൊണ്ടു വരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവും നിയുക്ത എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ച് നേരായ മാര്‍ഗത്തിലൂടെയായിരുന്നു ഇത്തരം തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ക്കാന്‍ ഉദ്ദേശിച്ച്, കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള  കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. നടപടി ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ വന്‍ദുരന്തം വിതയ്ക്കും. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനായുള്ള തീരുമാനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എസ് ഡിപിഐ

കോഴിക്കോട്: രാജ്യത്തുടനീളം കന്നുകാലി വില്‍പന തടഞ്ഞു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ നടപടി രാജ്യത്ത് നടന്നു വരുന്ന ദലിത്- മുസ്‌ലീം വിഭാഗങ്ങള്‍ക്കെതിരെയുള്ള പരോക്ഷ യുദ്ധത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കര്‍ഷകരെയും മറ്റു അടിസ്ഥാന ജനവിഭാഗങ്ങളെയും സാരമായി ബാധിക്കുകയും രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യുന്ന ഈ നടപടിയില്‍ നിന്ന് സര്‍ക്കാര്‍പിന്‍ന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐഎന്‍എല്‍

കോഴിക്കോട്: കന്നുകാലികളുടെ വില്‍പനയ്ക്ക് നിയന്ത്രണം കൊണ്ടുവരികയും അവയെ അറുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഫാഷിസത്തിന്റെ കരാള മുഖത്തെയാണ് തുറന്നുകാട്ടുന്നതെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലും ജന. സെക്രട്ടറി എ പി അബ്്ദുല്‍ വഹാബും പ്രസ്താവിച്ചു. ഈ സങ്കുചിത നടപടിക്കെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചണിനിരക്കണം. ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ട് പ്രകടനങ്ങള്‍ നടത്താനും  നേതാക്കള്‍ ആഹ്വാനം ചെയ്തു.

സിഎംപി

കോഴിക്കോട്: കന്നുകാലികളുടെ കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രവിജ്ഞാപനം പിന്‍വലിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാവണമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ഇന്ത്യയിലെ ദരിദ്രരുടെ ഭക്ഷണം തട്ടിപ്പറിയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവിജ്ഞാപനം മറികടന്ന് സ്വതന്ത്രമായ നിലപാടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്ത്  ഫെഡറേഷന്‍

കൊല്ലം: മതാചാരപ്രകാരമുള്ള ബലികര്‍മംപോലും നിരോധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മാട്ടിറച്ചി നിരോധനം മനപ്പൂര്‍വം വര്‍ഗീയത ഇളക്കിവിടാനുള്ള നീക്കമാണെന്നും ഭരണഘടന അട്ടിമറിച്ച് രാജ്യത്തിന്റെ മതേതരത്വ സംസ്‌കാരം തകര്‍ക്കാനുമുള്ള ശ്രമമാണെന്നും അതിനെതിരേ ശക്തമായി രംഗത്തിറങ്ങുമെന്നും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ നേതൃയോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം നടപ്പാക്കുകയില്ലെന്ന് പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു.

റാവുത്തര്‍ ഫെഡറേഷന്‍

പാലക്കാട്: നിയമ വ്യവസ്ഥകള്‍ പാലിക്കാതെയും ഭരണഘടനാതത്വ സംഹിതകള്‍ നിരാകരിച്ചും വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ അനര്‍ഹമായി ഇടപെടുന്നതിലൂടെ രാജ്യത്ത്  ന്യൂനപക്ഷ നിലനില്‍പ്പും സംരക്ഷണവും ഇല്ലാതായിരിക്കുകയാണെന്ന് പാലക്കാട്ട് നടന്ന റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി. ഗോവധത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന സാഹചര്യം ഭരണകൂടം പ്രോല്‍സാഹിപ്പിക്കുന്നതിനു പുറമെ കശാപ്പ് നിരോധനത്തിലൂടെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നു വരുന്നതെന്നും റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് പെരുവന്താനം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss