|    Nov 16 Fri, 2018 5:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേന്ദ്രസര്‍ക്കാര്‍ മൗലികാവകാശങ്ങള്‍ ഹനിക്കുന്നു : മുഖ്യമന്ത്രി

Published : 9th June 2017 | Posted By: fsq

 

തിരുവനന്തപുരം: മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ മറവില്‍ പൗരന്റെ തൊഴില്‍-വ്യാപാര-ആഹാരസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഹനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ വിജ്ഞാപനത്തോടെ കന്നുകാലി മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയിലാവും. കന്നുകാലി വില്‍പന നിയന്ത്രണം സംബന്ധിച്ച വിജ്ഞാപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നുകാലികളുടെ വിശദവിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കണമെന്നത് അടക്കമുള്ള അസംബന്ധവും അപ്രായോഗികവുമായ നിരവധി വ്യവസ്ഥകള്‍ ചട്ടത്തിലുണ്ട്. അവ കര്‍ഷകര്‍ക്കു വലിയ തിരിച്ചടിയാവും. കേന്ദ്ര വിജ്ഞാപനം കേരളത്തിലെ മാംസോല്‍പാദന മേഖലയെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കും. 95 ശതമാനം ജനങ്ങളും മാംസം കഴിക്കുന്ന കേരളത്തില്‍ പുതിയ ചട്ടങ്ങള്‍ തികച്ചും അപ്രായോഗികമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റമാണിത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു കൊണ്ടുവരുന്ന ഉരുക്കളുടെ എണ്ണത്തില്‍ ഇതിനകംതന്നെ ഗണ്യമായ കുറവുണ്ട്. ഇതിന്റെ അടുത്ത ഘട്ടം പാലുല്‍പാദനം കുറയലും പാല്‍വില കൂടുകയുമാണ്. ഇതോടെ പോഷകാഹാരക്കുറവു മൂലം രോഗങ്ങള്‍ പടരും. കന്നുകാലി പരിപാലനം ലാഭകരമല്ലെന്നു വരുന്നതോടെ ആ മേഖലയെത്തന്നെ ഉപേക്ഷിക്കുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്യും. സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഈ വിജ്ഞാപനമെന്നതില്‍ തര്‍ക്കമില്ല. കൃഷി, വ്യവസായം, തൊഴില്‍ തുടങ്ങി എല്ലാ മേഖലകളിലും ദയനീയമായി പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍, കന്നുകാലി കശാപ്പ് നിരോധനം പോലുള്ള വിഷയങ്ങള്‍ എടുത്തിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അധികാരങ്ങളില്‍ കടന്നുകയറുന്ന ഈ വിജ്ഞാപനം ജനങ്ങളുടെ പൊതുതാല്‍പര്യം പരിഗണിച്ച് റദ്ദാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  പ്രായംചെന്ന പശുക്കളുടെയും എരുമകളുടെയും വില്‍പനയിലൂടെ കിട്ടുന്ന പണമാണ് ഡയറി ഫാമുകളുടെ വരുമാനത്തിന്റെ 40 ശതമാനവും. ഫലത്തില്‍ ഭരണഘടനയിലെ 19(1)(ജി) അനുച്ഛേദം ഉറപ്പുനല്‍കുന്ന തൊഴില്‍ ചെയ്യാനുള്ള മൗലികാവകാശം ലംഘിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ മൃഗശാലാ നടത്തിപ്പ് അവതാളത്തിലാക്കും. കേരളത്തില്‍ മാംസാഹാരം കഴിക്കുന്നവരില്‍ അധികവും സാധാരണക്കാരും ദരിദ്രരുമാണ്. അവരെ സംബന്ധിച്ച് വല്ലപ്പോഴും കിട്ടുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരമാണ് മാട്ടിറച്ചി. മാട്ടിറച്ചി നിരോധനം വരുമ്പോള്‍ മറ്റു മാംസാഹാരങ്ങളുടെ വില വര്‍ധിക്കും. മീന്‍, പച്ചക്കറി എന്നിവയുടെ വിലയും ഉയരാനിടയുണ്ട്. ചുരുക്കത്തില്‍, കര്‍ഷകരെയും മാട് കച്ചവടക്കാരെയും തൊഴിലാളികളെയും ദലിതരെയും കടുത്ത വൈഷമ്യങ്ങളിലേക്കു തള്ളിവിടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായിട്ടുള്ളതെന്നും പിണറായി ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss