|    Feb 26 Sun, 2017 11:13 pm
FLASH NEWS

കേന്ദ്രസര്‍ക്കാര്‍ നടപടി; സഹകരണ ബാങ്കുകളിലുള്ള വിശ്വാസം ഇല്ലാതാക്കാനുള്ള തന്ത്രം: മന്ത്രി

Published : 16th November 2016 | Posted By: SMR

കാക്കനാട്: സഹകരണ ബാങ്കുകളില്‍ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കി നിക്ഷേപങ്ങള്‍ മറ്റു ബാങ്കുകളിലേക്കു മാറ്റുവാനുള്ള തന്ത്രങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മന്ത്രി എ സി മൊയ്തീന്‍. 63മാത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കാക്കനാട്   ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അതാത് കാലത്ത് നബാഡിന്റെ പരിശോധനകള്‍ ജില്ലാ ബാങ്കുകളില്‍ നടക്കുന്നുണ്ട്. ആദായനികുതി വകുപ്പും പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
സഹകരണ ബാങ്കുകള്‍ കള്ളപ്പണം മാറിക്കൊടുക്കുന്നവരാണെന്ന കേന്ദ്രത്തിന്റെ പ്രസ്താവനയിലൂടെ മലയാളികളെ അപമാനിക്കുന്ന നിലപാടിന് ജനം മാപ്പുകൊടുക്കില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മന്ത്രി വ്യക്തമാക്കി. നോട്ടുകളുടെ വിനിമയം നടത്തുന്നതില്‍ സഹകരണബാങ്കുകളെ ഉള്‍പ്പെടുത്തണം. നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് സഹകരണപ്രസ്ഥാനത്തിന്. നെഹ്‌റുവിന്റെ ആശയമാണ് സഹകരണപ്രസ്ഥാനം. അതുകൊണ്ടുതന്നെയാണ്
63ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം അദേഹത്തിന്റെ ജന്‍മദിനമായ നവംബര്‍ 14ന് നടത്തിയതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ അടിയാന്‍മാരല്ല. കേന്ദ്രം നടപ്പാക്കുന്ന മാറ്റങ്ങള്‍ അറിയാനുള്ള അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുണ്ട്. കോടിക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണിത്. നോട്ടുകളുടെ മാറ്റത്തിലൂടെ കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും അശാസ്ത്രീയമായ നടപടി രാജ്യത്ത് അരക്ഷിതാവസ്ഥയാണു സൃഷ്ടിക്കുന്നത്. സാമ്പത്തികരംഗത്തും സഹകരണരംഗത്തും കൂച്ചുവിലങ്ങിടുകയാണു ചെയ്യുന്നത്. എല്ലാ മേഖലയിലും ദുരിതം വിതയ്ക്കുന്ന പരിഷ്‌കാരമാണ് നോട്ട് മാറ്റത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍, കോളജ് തലത്തില്‍ നടത്തിയ പ്രബന്ധ, പ്രസംഗ മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി നല്‍കി. പി ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സെമിനാര്‍ മുന്‍ എംപി പി രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എന്‍ പി പൗലോസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, ബാങ്ക് ഡയറക്ടര്‍മാരായ വി പി ശശീന്ദ്രന്‍, പി പി ഉതുപ്പാന്‍, പി എസ് നജീബ്, കണയന്നൂര്‍ സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ ടി എസ് ഷണ്‍മുഖദാസ്, ജനറല്‍ മാനേജര്‍ എം കെ രാധാകൃഷ്ണന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day