|    Aug 23 Wed, 2017 7:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് പൊതുസ്ഥലത്ത് പരസ്യ കശാപ്പ്‌ : യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റില്‍

Published : 2nd June 2017 | Posted By: fsq

 

കണ്ണൂര്‍: കശാപ്പിനായി കന്നുകാലി വില്‍പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് പൊതുസ്ഥലത്ത് കന്നുകുട്ടിയെ അറുത്ത് ഇറച്ചി വിതരണം ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും അറവുകാരനും ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ശറഫുദ്ദീന്‍ കാട്ടാമ്പള്ളി, കെഎസ്‌യു സംസ്ഥാന സെക്രട്ടറി എന്‍ കെ വരുണ്‍, ധര്‍മടം ബ്ലോക്ക് പ്രസിഡന്റ് ഷമീജ് പെരളശ്ശേരി, കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി എ ഹരി, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലി, കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, അറവുകാരന്‍ കാട്ടാമ്പള്ളി സ്വദേശി മുത്തലിബ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ കണ്ണൂര്‍ സിറ്റി എസ്‌ഐ കെ വി പ്രമോദന്‍ മുമ്പാകെ ഹാജരായ ഇവരെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. പൊതുസ്ഥലത്ത് പരസ്യമായി മൃഗത്തെ കശാപ്പ് ചെയ്യല്‍, വളര്‍ത്തുമൃഗങ്ങളോടുള്ള ക്രൂരത തടയല്‍, അന്യായമായ സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍, ശറഫുദ്ദീന്‍ കാട്ടാമ്പള്ളി എന്നിവരെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ പാര്‍ട്ടി അംഗത്വം കെപിസിസിയും സസ്‌പെന്‍ഡ് ചെയ്തു. മെയ് 27നു വൈകീട്ടാണ് കണ്ണൂര്‍ സിറ്റിയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15 കിലോയുള്ള മാടിനെ അറുത്ത് പ്രതിഷേധിച്ചത്. സംഭവത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളിപ്പറഞ്ഞിരുന്നു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. ഇതിനു മുന്നോടിയായി മജിസ്‌ട്രേറ്റിന്റെ ഉപദേശം പോലിസ് തേടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക