|    Feb 20 Mon, 2017 12:26 am
FLASH NEWS

കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടല്‍ നീക്കം മീഡിയ വണ്ണിനെതിരേയും

Published : 9th November 2016 | Posted By: SMR

എം പി അബ്ദുല്‍ സമദ്

കണ്ണൂര്‍: ഭരണകൂടത്തിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതികാര നടപടികള്‍ക്ക് ലക്ഷ്യമിടുന്ന ചാനലുകളുടെ പട്ടികയില്‍ കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നല്‍കുന്ന മീഡിയ വണ്ണും. ഇന്ത്യാവിരുദ്ധ ഉള്ളടക്കമുള്ള വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ചാനല്‍ സംപ്രേഷണം ചെയ്യുന്നുവെന്നാണ് ആരോപണം. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മാസങ്ങള്‍ക്കുമുമ്പ് ചാനല്‍ മേധാവികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ റിപോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.
എന്നാല്‍, ഇന്ത്യാവിരുദ്ധമായ ഉള്ളടക്കം എന്തെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നില്ല. നിലവില്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷ നല്‍കി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണ് മീഡിയ വണ്‍.
2011 സപ്തംബറിലാണ് മീഡിയ വണ്ണിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സംപ്രേഷണാനുമതി ലഭിച്ചത്. 2013 ഫെബ്രുവരി 10ന് പ്രവര്‍ത്തനം തുടങ്ങി. തുട—ക്കം മുതലേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു ചാനല്‍. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയും ആ സംഭവം ഉയര്‍ത്തിയ പ്രതികരണങ്ങളും മീഡിയ വണ്‍ ചര്‍ച്ചയാക്കിയതാണ് സര്‍ക്കാരിനെ ആദ്യം ചൊടിപ്പിച്ചത്. പ്രമുഖ കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ഇഫ്തിഖാര്‍ ഗിലാനി, പാര്‍ലമെന്റ് സ്‌ഫോടനക്കേസില്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ട പ്രഫസര്‍ എസ് എ ആര്‍ ഗീലാനി, സിആര്‍പിപി പബ്ലിക് റിലേഷന്‍സ് സെക്രട്ടറി റോണ വില്‍സന്‍, ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ പ്രഫ. എ കെ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കൂടാതെ, അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെക്കുറിച്ച് അരുന്ധതി റോയ് എഴുതിയ ലേഖനം (എ പെര്‍ഫക്ട് ഡേ ഓഫ് ഡെമോക്രസി) ഒരു പ്രത്യേക സെഗ്‌മെന്റായി കാണിക്കുകയും ചെയ്തു.
2013ലെ മുസഫര്‍ നഗര്‍ കലാപവേളയിലും മീഡിയാ വണ്ണിനെതിരേ കേന്ദ്രം തിരിയുകയുണ്ടായി. അന്വേഷണാത്മക വാര്‍ത്താധിഷ്ഠിത പരിപാടിയായ ട്രൂത്ത് ഇന്‍സൈഡില്‍ മുസഫര്‍ നഗറിലെ കാണാക്കാഴ്ചകള്‍ വെളിപ്പെടുത്തിയിരുന്നു. പരിപാടിയിലൂടെ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അയച്ച നോട്ടീസിലെ ആരോപണം.
അതേസമയം, പത്താന്‍കോട്ട് ആക്രമണ റിപോര്‍ട്ടിന്റെ പേരില്‍ എന്‍ഡിടിവിക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം ചാനലുകള്‍ക്കെതിരായ സര്‍ക്കാരിന്റെ ആദ്യത്തെ പ്രതികാര നടപടിയല്ല. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയതിന് എബിപി ന്യൂസ്, എന്‍ഡിടിവി, ആജ് തക് ചാനലുകള്‍ക്കും ഛോട്ടാ ഷക്കീലുമായി അഭിമുഖം നടത്തിയതിന് ആജ് തക്കിനും എബിപി ന്യൂസിനും കാരണംകാണിക്കല്‍ നോട്ടീസ് അയച്ചതും ഇതിന്റെ ഉദാഹരണമാണ്.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്റര്‍ മുഖേനയാണ് ടെലിവിഷന്‍ ചാനലുകളെ നിരീക്ഷിക്കുന്നത്. ഇത്തരത്തില്‍ അറുനൂറോളം ചാനലുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്. മോണിറ്റര്‍മാരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,969 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക