|    Sep 18 Tue, 2018 10:48 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേന്ദ്രസംഘം കൊച്ചിയുടെ തീരമേഖലയില്‍ സന്ദര്‍ശനം നടത്തി

Published : 28th December 2017 | Posted By: kasim kzm

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തി ല്‍ ദുരിതം നേരിട്ട തീരമേഖലകളിലും ഹാര്‍ബറുകളിലും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസംഘം സന്ദര്‍ശനം നടത്തി. മുനമ്പം, തോപ്പുംപടി ഫിഷിങ് ഹാര്‍ബറുകള്‍, കണ്ണമാലി, ചെല്ലാനം, വൈപ്പിന്‍ എന്നിവിടങ്ങളാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനിലെ ബീച്ച് ഇറോഷന്‍ വിഭാഗം ഡയറക്ടര്‍ ആര്‍ തങ്കമണി, കേന്ദ്ര കുടിവെള്ള മന്ത്രാലയത്തിലെ അസി. അഡൈ്വസര്‍ സുമിത് പ്രിയദര്‍ശി എന്നിവര്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തിയത്.
ജില്ലയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സംഘം ഇന്ന് ആലപ്പുഴയിലേക്ക് പോവും. തീരമേഖലകളിലെ സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്രസംഘം രാവിലെ നെടുമ്പാശ്ശേരിയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഓഖിയെ തുടര്‍ന്ന് ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള സംഘത്തിന് മുന്നില്‍ അവതരണം നടത്തി. കടലാക്രമണം തടയുന്നതടക്കം അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും കലക്ടര്‍ സംഘത്തെ ധരിപ്പിച്ചു.
വീടുകള്‍ക്കും മല്‍സ്യബന്ധന യാനങ്ങള്‍ക്കുമുണ്ടായ നാശം, കൃഷിനാശം, റോഡ്, ജലസേചനം, കുടിവെള്ള വിതരണം തുടങ്ങിയവയ്ക്കുണ്ടായ നാശം, ജീവഹാനി എന്നിവ സംബന്ധിച്ച് സ്ഥിതിവിവരക്കണക്കുകളടങ്ങിയ റിപോര്‍ട്ടും കലക്ടര്‍ സംഘത്തിന് കൈമാറി. നെടുമ്പാശ്ശേരിയില്‍ നിന്നും തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിലെത്തിയ സംഘം പ്രഫ. കെ വി തോമസ് എംപി, കെ ജെ മാക്‌സി എംഎല്‍എ, മല്‍സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍, ബോട്ടുടമാ സംഘം ഭാരവാഹികള്‍ എന്നിവരുമായി ആശയവിനിമയം നടത്തി. കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ തൊഴിലാളികളോടും സംഘം സംസാരിച്ചു. തുടര്‍ന്ന് കണ്ണമാലി, ചെല്ലാനം വേളാങ്കണ്ണിപ്പള്ളി, കമ്പനിപ്പടി, ബസാര്‍ എന്നിവിടങ്ങളില്‍ കടല്‍ഭിത്തി തകര്‍ന്ന പ്രദേശങ്ങളും വീടുകളിലേക്ക് കടല്‍ കയറിയ മേഖലകളും സന്ദര്‍ശിച്ചു. ഉച്ചയ്ക്കു ശേഷമാണ് വൈപ്പിനില്‍ സന്ദര്‍ശനം നടത്തിയത്.
എസ് ശര്‍മ എംഎല്‍എയും ജനപ്രതിനിധികളും സംഘത്തിന് വിശദീകരണം നല്‍കി. ഞാറയ്ക്കല്‍, ഐസിഎആര്‍ എന്നിവിടങ്ങളില്‍ കടല്‍ ഭിത്തി തകര്‍ന്ന ഭാഗങ്ങളും വെളിയത്താംപറമ്പില്‍ വീടുകള്‍ തകര്‍ന്ന പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. കടലാക്രമണഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുലിമുട്ട് നിര്‍മിക്കണമെന്നും നിലവിലുള്ള കടല്‍ഭിത്തി ശക്തിപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. എടവനക്കാട് അണിയില്‍ കടപ്പുറത്തും തകര്‍ന്ന വീടുകള്‍ സംഘം സന്ദര്‍ശിച്ചു. ഓഖിയെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ വിവിധ ഇനങ്ങളിലായി 3015.55 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ജില്ലയില്‍ കണക്കാക്കിയിരിക്കുന്നത്. പത്തു വീടുകളും ആറ് കുടിലുകളും പൂര്‍ണമായി തകര്‍ന്നു. 464 വീടുകള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. വീടു നഷ്ടപ്പെട്ടവര്‍ക്കും കേടുപാടു പറ്റിയവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ 2376 ലക്ഷം രൂപ വേണ്ടി വരും. രണ്ടു മരണങ്ങളാണ് ജില്ലയില്‍ റിപോര്‍ട്ട് ചെയ്തത്. 40 പേര്‍ക്ക് പരിക്കേറ്റു. കടലില്‍ നിന്നും കൊച്ചിയിലെത്തിച്ച അഞ്ചു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 32 പേരെ കാണാതായി. ഇതില്‍ 30 പേര്‍ തമിഴ്‌നാട് സ്വദേശികളും രണ്ടു പേര്‍ അസം സ്വദേശികളുമാണ്. കൃഷിനാശം മൂലം 31.40 ലക്ഷം രൂപയുടെ നഷ്ടം വിലയിരുത്തുന്നു.
368.90 ലക്ഷം രൂപയുടെ നാശനഷ്ടമാണ് മല്‍സ്യബന്ധന  അനുബന്ധ മേഖലകളില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 132 മല്‍സ്യബന്ധന യാനങ്ങള്‍ക്ക് കേടുപാടു സംഭവിച്ചതിലുള്ള നഷ്ടം 327.2 ലക്ഷം രൂപ. മല്‍സ്യബന്ധന വലകള്‍ക്കുണ്ടായ നഷ്ടം 27 ലക്ഷം രൂപ. മുനമ്പം മുതല്‍ ചെല്ലാനം വരെയുള്ള തീരമേഖലയില്‍ കടലാക്രമണം തടയുന്നതിന് കടല്‍ഭിത്തി, ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബ് എന്നിവ സ്ഥാപിക്കുന്നതിന് 8594.50 ലക്ഷം രൂപ ചെലവു വരുമെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss