|    Dec 14 Fri, 2018 8:18 am
FLASH NEWS
Home   >  Editpage  >  Editorial  >  

കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുനീങ്ങേണ്ട സമയം

Published : 14th August 2018 | Posted By: kasim kzm

കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് അതീവ ഗുരുതര സാഹചര്യമാണെന്ന്് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പ്രഖ്യാപിച്ചത് സംസ്ഥാനത്തിന്റെ അവസ്ഥ നേരിടുന്നതില്‍ കേന്ദ്രത്തിന്റെ താങ്ങുകൂടി ലഭിക്കും എന്ന പ്രതീക്ഷയാണു നല്‍കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയോടും റവന്യൂമന്ത്രിയോടും ഉന്നത ഉദ്യോഗസ്ഥരോടും ഒപ്പമാണ് ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. വിവിധ ജില്ലകളിലെ സ്ഥിതിഗതികള്‍ നേരില്‍ കണ്ടു മനസ്സിലാക്കാനും ദുരിതാശ്വാസകേന്ദ്രങ്ങളില്‍ കഴിയുന്നവരെ നേരിട്ടുകണ്ട് ആശ്വസിപ്പിക്കാനും കേന്ദ്രമന്ത്രി തയ്യാറായി. മാത്രമല്ല, പരമാവധി സഹായം സംസ്ഥാനത്തിനു ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
സ്വാഗതാര്‍ഹമായ സമീപനമാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്ന്് ഉണ്ടായത്. കേരളം ഇപ്പോള്‍ നേരിടുന്ന പ്രളയം ദേശീയ ദുരന്തമായി കണക്കാക്കണം എന്ന സംസ്ഥാനത്തിന്റെ നിലപാടിനോട് നിഷേധാത്മകമായ സമീപനമാണ് കേരളത്തില്‍ നിന്നുള്ള ഒരേയൊരു കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനം സ്വീകരിച്ചിരുന്നത്. സങ്കുചിതമായ കക്ഷിരാഷ്ട്രീയ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. പക്ഷേ, അതില്‍ നിന്നു വളരെ വ്യത്യസ്തമായ സമീപനമാണ് ആഭ്യന്തരമന്ത്രിയില്‍ നിന്ന് ഉണ്ടായത്.
ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച കൃത്യമായ വിലയിരുത്തലുകള്‍ നടത്താന്‍ ഇനിയും സമയം വേണ്ടിവരും എന്നു തീര്‍ച്ചയാണ്. സംസ്ഥാനത്തിന്റെ മൊത്തം നഷ്ടമായി ഇപ്പോള്‍ കണക്കാക്കപ്പെട്ടിരിക്കുന്നത് 8,316 കോടി രൂപയാണെങ്കിലും അതുസംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സംസ്ഥാനം ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടിവരും. കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടു പരമാവധി കേന്ദ്രസഹായം നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നു പ്രതീക്ഷിക്കുക.
ദുരന്തങ്ങളെ നേരിടുന്നതില്‍ കേരള സര്‍ക്കാര്‍ എടുത്ത സമീപനവും നടപടികളും അഭിനന്ദനാര്‍ഹമാണെന്നു പറയാതെ വയ്യ. മുഖ്യമന്ത്രി ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സഹമന്ത്രിമാരെ മാത്രമല്ല, പ്രതിപക്ഷ നേതാവിനെയും കൂടെ കൂട്ടി. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിപക്ഷവും രാഷ്ട്രീയകക്ഷികളും മതസാംസ്‌കാരിക പ്രസ്ഥാനങ്ങളും ഒന്നിച്ചുനിന്നു സഹകരിച്ചു. പ്രതിസന്ധികളില്‍ സമൂഹം എല്ലാ ഭിന്നതകളും മറന്ന് ഒന്നിച്ചുനില്‍ക്കുന്ന അഭിമാനജനകമായ കാഴ്ചയാണിത്. ഇത്തരത്തിലുള്ള സാമൂഹികമായ ഐക്യവും സഹകരണവും രാജ്യത്തിനു തന്നെ മാതൃകയാവും എന്നു തീര്‍ച്ച. അതൊക്കെയാണെങ്കിലും സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയുടെ യഥാര്‍ഥ വസ്തുതകളും നാം അവഗണിക്കാന്‍ പാടില്ല. പ്രകൃതിയുടെ നേരെ കാലങ്ങളായി നടത്തിയ കൈയേറ്റത്തിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. മലയോര പ്രദേശങ്ങളിലാകെ വികസനത്തിന്റെ പേരില്‍ പാരിസ്ഥിതിക സന്തുലനം അട്ടിമറിക്കപ്പെട്ടു. സ്വാഭാവിക നീരൊഴുക്കിന് അവസരമില്ലാതെ ഉരുള്‍പൊട്ടല്‍ സ്ഥിരം ശീലമായി. പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ഇനിയെങ്കിലും നാം പഠിച്ചേ തീരൂ എന്ന പാഠമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ നല്‍കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss