|    Mar 24 Fri, 2017 1:42 pm
FLASH NEWS

കേന്ദ്രത്തില്‍ മഞ്ഞയ്ക്കുള്ളില്‍ ചുവപ്പും!

Published : 9th October 2016 | Posted By: SMR

slug-madhyamargamശക്തമായ കേന്ദ്രവും സംതൃപ്തമായ കേരളവും. കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാരാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. രണ്ടു സ്ഥലത്തും കോണ്‍ഗ്രസ് ഭരിച്ച വേളകളില്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് നല്ലപോലെ സംതൃപ്തി ഉണ്ടായിട്ടുണ്ടാവാം. കേരള ജനതയ്ക്ക് എന്നും അവഗണന മാത്രമായിരുന്നു. അങ്ങ് ഒരു ജന്മിയും ഇങ്ങ് കുടിയാനും എന്ന സമീപനമാണ് വച്ചുപുലര്‍ത്തിയത്. സംസ്ഥാനത്തുനിന്ന് എണ്ണംപറഞ്ഞ ആറ് കേന്ദ്രമന്ത്രിമാര്‍ കൊടിവച്ച കാറുകളില്‍ പറന്നുനടന്നിട്ടും പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല.
ഒടുവില്‍ കേന്ദ്രവും കേരളവും കോണ്‍ഗ്രസ്സിനെ കൈവിട്ടു. ഭരണം എന്നത് പാര്‍ട്ടിക്ക് ഇപ്പോള്‍ സ്വപ്‌നം മാത്രമായി. സിപിഎമ്മിനെ സംബന്ധിച്ച കാര്യങ്ങള്‍ അങ്ങനെയല്ല. ചെങ്കോട്ടയില്‍ ചെങ്കൊടി പാറിക്കാന്‍ ജനിച്ച പാര്‍ട്ടിയാണ്. നഷ്ടപ്പെട്ടുപോയ ബംഗാള്‍ തിരിച്ചുപിടിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് പാര്‍ട്ടി. പുറംലോകത്തെ അറിയിക്കാതെ ആശയപരമായും സംഘടനാപരമായും അതിനുള്ള കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതൊന്നും കേള്‍ക്കാന്‍ ബംഗാളികളെ കിട്ടുന്നില്ലെന്നതു മാത്രമാണ് പാര്‍ട്ടിയുടെ വിഷമം.
പാര്‍ട്ടി ബംഗാളില്‍ ഭരണത്തിലിരുന്ന് ജനങ്ങള്‍ക്കാകെ ക്ഷേമം നടപ്പാക്കിയപ്പോള്‍ അതിനൊക്കെ കുറേക്കാലം പൊളിറ്റിക്കല്‍ പിന്തുണ നല്‍കിയ സെക്രട്ടറി കാരാട്ടായിരുന്നു. ആ പിന്തുണകൊണ്ട് ഭരണം നഷ്ടപ്പെട്ടെങ്കിലും പാര്‍ട്ടിയുടെ നയത്തിന് അല്‍പം പോലും ക്ഷീണം തട്ടിയിട്ടില്ല. മമത ബാനര്‍ജിയുടെ ഏകാധിപത്യഭരണം ബംഗാള്‍ ജനത സന്തോഷത്തോടെ സഹിക്കുന്നത് പാര്‍ട്ടി സദാസമയവും ചര്‍ച്ചചെയ്തുവരുകയാണ്. ലെനിനിസ്റ്റ് സംഘടനാതത്ത്വം അടിസ്ഥാനമാക്കി താഴെക്കിടയില്‍ വരെ ചര്‍ച്ചകള്‍ നടത്തിവരുന്നു. തങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തനം അസാധ്യമാക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും അതിന്റെ നേതാവ് മമത ബാനര്‍ജിയെയും ഒറ്റയ്ക്ക് നേരിടാന്‍ കഴിയില്ലെന്ന് പാര്‍ട്ടിക്ക് ബോധ്യം വന്നതാണ് പുതിയ വിശേഷം. വലിയ കക്ഷികളെയും ചെറുകക്ഷികളെയും വേണമെങ്കില്‍ ഏതു ചെകുത്താനെയും കൂട്ടുപിടിച്ച് (ചെകുത്താന്റെ കാര്യം രേഖകളില്‍ ഉണ്ടാവില്ലെന്നു മനസ്സിലാക്കണം) മമതയുടെ ധിക്കാരവും അഹങ്കാരവും തകര്‍ക്കണമെന്നതാണ് പാര്‍ട്ടിയുടെ കടുപ്പിച്ച തീരുമാനം. ബംഗാള്‍ കമ്മിറ്റിയുടെ രൂപരേഖ പോളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും കൈയടിച്ച് പാസാക്കിയിട്ടുണ്ട്.
ബിജെപി സര്‍ക്കാരുമായി അനാവശ്യമായി ഏറ്റുമുട്ടാന്‍ പോവേണ്ടതില്ലെന്നും കേന്ദ്രത്തിന്റെ സദ്ഭരണം വേണ്ടവിധത്തില്‍ മനസ്സിലാക്കാതെ ആകെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടുകളും പാര്‍ട്ടി കൈക്കൊണ്ടിട്ടുണ്ട്. ദേശീയതലത്തിലുള്ള പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ വളരെ വേഗത്തില്‍ തന്നെ ഇന്ത്യ മുഴുവന്‍ എത്തുന്നത് സ്വാഭാവികമാണല്ലോ. പോളിറ്റ്ബ്യൂറോ മെംബര്‍ സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ കേരള സര്‍ക്കാര്‍ കേന്ദ്രഭരണത്തെ ശരിയായ ദിശയില്‍ നോക്കിക്കണ്ടത് ഇപ്പോഴാണ്. നേരത്തേ മഞ്ഞ മാത്രമായിരുന്നു കണ്ടത്. ഇപ്പോള്‍ മഞ്ഞയുടെ കൂടെ ചുവപ്പും കാണുന്നു. തിരഞ്ഞെടുപ്പുകാലത്ത് ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ക്രൂരമായ അവഗണന കാണിക്കുന്നു എന്നു പ്രസംഗിച്ച പിണറായി സഖാവ് തന്നെ മാറ്റിപ്പറയുന്നു. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ക്രിയാത്മക സമീപനം വച്ചുപുലര്‍ത്തുന്നു! മുഖ്യമന്ത്രി പറയുമ്പോള്‍ ജനങ്ങള്‍ക്ക് അതു വിശ്വസിക്കേണ്ടിവരും. മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും ഡല്‍ഹിയില്‍ പോയി പൂച്ചെണ്ടു നല്‍കിയത്. അതിന്റെ കൂടെ കേരളത്തിന്റെ             ആവശ്യങ്ങള്‍ നിരത്തിയ നിവേദനങ്ങളും നല്‍കിയിരുന്നു. ആവശ്യങ്ങളൊന്നും             നടപ്പായില്ലെങ്കിലും കേന്ദ്രഭരണത്തോട് മുഖ്യമന്ത്രിക്ക് നല്ല മതിപ്പ്! നല്ല അഭിപ്രായം!
കോഴിക്കോട്ട് വച്ച് അതു പരസ്യമായി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി മടിച്ചില്ല. സ്വാശ്രയ സമരത്തില്‍നിന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും ബിജെപി പിന്മാറിയതും മുഖ്യമന്ത്രിയെ ആഹ്ലാദിപ്പിച്ചിട്ടുണ്ടാവാം. കേരളത്തിലേക്ക് കേന്ദ്രത്തിന്റെ കോടികള്‍ ഇനി ഒഴുകിവരുമെന്നു പ്രതീക്ഷിക്കാം.
മുഖ്യമന്ത്രിയുടെ പ്രശംസാവചനങ്ങള്‍ ബിജെപിക്കാരെയും സംഘപരിവാരത്തെയും കോരിത്തരിപ്പിച്ചു. ഇങ്ങോട്ട് പത്ത് തന്നാല്‍ അങ്ങോട്ട് നൂറ് കൊടുക്കുന്ന സ്വഭാവക്കാരാണ് ബിജെപിക്കാര്‍. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി വക്താക്കള്‍ക്ക് എന്തൊരു സൗഹൃദം! സ്‌നേഹം! എന്തൊരു ബഹുമാനത്തോടെയാണ് പിണറായി എന്ന വാക്ക് അവര്‍ ഉച്ചരിക്കുന്നത്. ഒടുവില്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വച്ച് ബിജെപി മെംബര്‍ മുഖ്യമന്ത്രിയെ ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ സഹായത്തോടെ കേരളത്തില്‍ വികസനം നടന്നാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ബിജെപിക്കും രാഷ്ട്രീയഗുണം ഉണ്ടാവും. വെറുതെ കിട്ടുന്ന ഗുണം നഷ്ടപ്പെടുത്താന്‍ ആരെങ്കിലും ഇക്കാലത്ത് തയ്യാറാവുമോ? ബിജെപിയെ ആശയപരമായി നേരിടാന്‍ എന്താണ് ബുദ്ധിമുട്ട്. മൈതാനവും മൈക്കും ആള്‍ക്കൂട്ടവും ഉണ്ടല്ലോ. വച്ചുകാച്ചാന്‍ ഇഷ്ടംപോലെ നേതാക്കളും. കേരളത്തില്‍ ഗുണം മതി. ബംഗാളില്‍ നിലനില്‍പ്പിന് പാര്‍ട്ടിയുടെ കരുത്തും കേന്ദ്രഭരണത്തിന്റെ പിന്തുണയും വേണ്ടിവരും.            സ്‌നേഹിക്കുന്നവര്‍ക്ക് ബിജെപി അതു കൊടുക്കാതിരിക്കില്ല.

(Visited 652 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക