|    Jul 23 Sun, 2017 12:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്രത്തിന് രാഷ്ട്രപതിയുടെ താക്കീത്

Published : 1st September 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതിരുന്ന നിയമഭേദഗതി മന്ത്രിസഭയുടെ അംഗീകാരം പോലും നേടാതെ ഓര്‍ഡിനന്‍സിനായി സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. യുദ്ധകാലത്ത് പാകിസ്താനിലേക്കും ചൈനയിലേക്കും മറ്റും കുടിയേറിയവരുടെ ഇന്ത്യയിലുള്ള സ്വത്തുവകകളുടെ പിന്തുടര്‍ച്ചാവകാശത്തിനും കൈമാറ്റത്തിനും എതിരേയുള്ള ശത്രുസ്വത്ത് നിയമ ഭേദഗതി ഓര്‍ഡിനന്‍സായി ഇറക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണ് വിവാദമായത്.
പൊതുജന നന്മയ്ക്കായി ഇക്കുറി താന്‍ ഈ ഓഡിനന്‍സില്‍ ഒപ്പിടുകയാണെന്നും എന്നാല്‍, മന്ത്രിസഭയെ മറികടന്ന് ഇനി ഇത് ആവര്‍ത്തിക്കരുതെന്നും രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തന്റെ പ്രതിഷേധം രേഖാമൂലം അറിയിച്ചാണ് ഞായറാഴ്ച രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്. പഴയ ഓര്‍ഡിനന്‍സിന്റെ കാലാവധി ഞായറാഴ്ച കഴിയുമെന്നതിനാലാണ് മന്ത്രിസഭയുടെ അംഗീകാരത്തിന് കാത്തുനില്‍ക്കാതെ തിടുക്കത്തില്‍ സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അംഗീകരത്തിനായി നല്‍കിയത്. കഴിഞ്ഞതവണ പാര്‍ലമെന്റ് സമ്മേളന കാലത്ത് ഇതേ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെതിരേ രാഷ്ട്രപതി അതൃപ്തി അറിയിച്ചിരുന്നു.
അതസമയം, തുടര്‍ച്ചയായ നാലാം തവണയും പുറത്തിറക്കിയ വിവാദ ഓര്‍ഡിന്‍സിന് ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സ് നിയമമായി പ്രാബല്യത്തിലായ ശേഷമുള്ള പോസ്റ്റ് ഫാക്‌ടോ അനുമതിയാണു മന്ത്രിസഭ നല്‍കിയതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ശത്രു സ്വത്തവകാശത്തിനായുള്ള നിയമ ഭേദഗതി ബില്ല് രാജ്യസഭയുടെ പരിഗണനയിലാണ്. കഴിഞ്ഞ സമ്മേളനത്തില്‍ ബില്ല് പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. 1968ലാണ് ശത്രു സ്വത്തവകാശ നിയമം പാസാക്കിയത്. നിയമഭേദഗതിക്കായി 2016 ജനുവരി ഏഴിനായിരുന്നു ആദ്യം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് ഈ ബില്ല് ലോക്‌സഭ പാസാക്കി. പിന്നീട് രാജ്യസഭ ഇത് പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു.
ഇതിനിടെ രാജ്യസഭ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികളോടെ കഴിഞ്ഞ ഏപ്രില്‍ രണ്ടിന് മൂന്നാം തവണ ഓര്‍ഡിന്‍സ് ഇറക്കി. കാലാവധി അവസാനിക്കാനിരിക്കെയാണ് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാനായി രാഷ്ട്രപതിക്ക് അയച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക