|    Jan 24 Tue, 2017 6:36 am

കേന്ദ്രത്തിനെതിരേ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം വ്യാപിക്കുന്നു

Published : 9th October 2016 | Posted By: SMR

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് (സിഎംബി) രൂപീകരിക്കുന്നതിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം വ്യാപിക്കുന്നു. പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, പിഎംകെ, തമിഴ് മാനില കോണ്‍ഗ്രസ് എന്നിവയും സിപിഎം, സിപിഐ, എംഡിഎംകെ, വിടുതലൈ ചിരുതൈകള്‍ കക്ഷി എന്നിവയടങ്ങിയ ജനക്ഷേമ മുന്നണിയും പ്രക്ഷോഭരംഗത്താണ്. സിഎംബി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പിഎംകെയും തമിഴ് മാനില കോണ്‍ഗ്രസ്സും അരിയല്ലൂരില്‍ പ്രകടനം നടത്തി. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിഎംബി രൂപീകരണം ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
തമിഴ്‌നാടിനെ, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് പിഎംകെ നേതാവ് എസ് രാമദാസ് പറഞ്ഞു. കാവേരി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരേ പിഎംകെ സമാധാനപരമായ പ്രക്ഷോഭം തുടരും. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തിനെതിരായ നിലപാട് കേന്ദ്രം സ്വീകരിച്ചത്. പ്രക്ഷോഭത്തിന്റെ രീതി പാര്‍ട്ടിയുടെ നിര്‍വാഹകസമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ്‌നാട് സന്ദര്‍ശിക്കുമ്പോള്‍ കരിങ്കൊടി കാണിക്കുമെന്ന് രാമദാസ് സൂചിപ്പിച്ചു.
കാവേരി വിഷയത്തില്‍ കേന്ദ്രം സിഎംബിയെ എതിര്‍ക്കുക വഴി നിഷ്പക്ഷ നിലപാടില്‍ നിന്നു വ്യതിചലിച്ചുവെന്നും കര്‍ണാടകയുടെ പക്ഷം ചേര്‍ന്നിരിക്കുകയാണെന്നും തമിഴ് മാനില കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി കെ വാസന്‍ ആരോപിച്ചു. കാവേരി നദീജലത്തിന്റെ മതിയായ വിതരണം ഉറപ്പുവരുത്താന്‍ സിഎംബി രൂപീകരിക്കണമെന്നത് കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരും തമിഴ്‌നാട്ടിലെ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളിയാഴ്ച തഞ്ചാവൂരില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ഉപവസിച്ചിരുന്നു. അണ്ണാ ഡിഎംകെ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടിയില്ലെങ്കില്‍ ഡിഎംകെ അത് നിര്‍വഹിക്കുമെന്ന് ഡിഎംകെ ട്രഷറര്‍ എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. കാവേരി വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണാനുള്ള പ്രതിനിധിസംഘത്തെ ഡിഎംകെ നയിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്നലെ തിരുവാരൂരില്‍ ജനക്ഷേമ മുന്നണിയുടെ ആഭിമുഖ്യത്തിലും പ്രകടനം നടന്നു.
അതേസമയം, കാവേരി വിഷയത്തില്‍ തമിഴ്‌നാട് ബിജെപി തങ്ങളുടെ നിലപാട് അറിയിക്കാന്‍ ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായെ കാണും. തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിഴിസായ് സൗന്ദരരാജന്‍ അറിയിച്ചതാണിത്. ബിജെപി എക്കാലത്തും തമിഴ്‌നാട് കര്‍ഷകരുടെ താല്‍പര്യം സംരക്ഷിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക