കേന്ദ്രം വിദേശനയം അട്ടിമറിച്ചു
Published : 19th March 2018 | Posted By: kasim kzm
ന്യൂഡല്‍ഹി: രാജ്യം ഇത്രയും കാലം പിന്തുടര്ന്നുവന്ന വിദേശനയം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ പാക്നയം വന്‍ ദുരന്തമാണെന്നു കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി. മോദിസര്‍ക്കാരിന്റെ വിദേശനയം അവ്യക്തത നിറഞ്ഞതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ആനന്ദ് ശര്‍മ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശനയം രാജ്യതാല്പര്യത്തിന് അനുസരിച്ചല്ല. മറിച്ച് മോദിയുടെ വ്യക്തിതാല്പര്യത്തിന് അനുസരിച്ചാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
പാക്നയത്തില് സര്‍ക്കാരിന് വ്യക്തമായ രൂപരേഖയില്ല. നയം പുനപ്പരിശോധിക്കേണ്ട സമയം അതിക്രമിച്ചു. പാക് ബന്ധത്തില്‍ നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണം. പാക്നയം വിഭജന വിഷയമാക്കി മാറ്റിയ കേന്ദ്രനടപടി തിരിച്ചടിയായി. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ഇപ്പോള്‍ ഏറ്റവും മോശം അവസ്ഥയിലാണ്. യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച വിദേശകാര്യ നയങ്ങള്‍ ഫലവത്തായിരുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബംഗ്ലാദേശുമായുണ്ടായിരുന്ന നല്ല ബന്ധം ഇന്ന് ഇല്ലാതായി. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണ്. ചൈനയുമായുണ്ടായിരുന്ന ബന്ധം മോശമായി. വിദേശനയത്തില്‍ സ്വന്തം താല്പര്യമാണ് മോദി തുടരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ആദ്യ പ്രധാനമന്ത്രിയാണ് മോദി. സ്വയം പൊക്കിപ്പറയുന്നതില്‍ മുഴുകിയിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ വിദേശനയത്തിന്റെ ഫലമെന്നത് വട്ടപൂജ്യമാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെട്ട നിലയിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ സല്പേര് ബിജെപി സര്‍ക്കാര്‍ നശിപ്പിച്ചു. ചൈന ഉയര്‍ന്നുവരുന്ന ശക്തിയും വ്യാപാര പങ്കാളിയുമാണ്. അതിനാല്‍, നേട്ടങ്ങളും പ്രായോഗികതയും അടിസ്ഥാനമാക്കി മാത്രമല്ല യാഥാര്‍ഥ്യബോധത്തോടെയുള്ള ബന്ധമായിരുന്നു യുപിഎ സര്‍ക്കാരിനെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ മാറ്റത്തിന്റെ പാതയിലായതിനാല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. അതുകൊണ്ട് ഇന്ത്യ ആ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തേണ്ട സമയമാണിത്. ബി വിസ നിയന്ത്രണം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും പ്രമേയം വ്യക്തമാക്കുന്നു.
ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമെന്ന ഫോര്‍മുലയാണു പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവതരിപ്പിച്ച പ്രമേയത്തില്‍, സമാന മനസ്സുള്ള പാര്‍ട്ടികളുമായി കൈകോര്‍ത്ത് പൊതുപ്രവര്‍ത്തന പദ്ധതി തയ്യാറാക്കി മുന്നോട്ടുപോവുന്നതിനാണ് ഊന്നല്‍.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.