|    Jun 29 Thu, 2017 7:35 am
Home   >  Todays Paper  >  Page 1  >  

കേന്ദ്രം ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കെജ്‌രിവാള്‍

Published : 1st November 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍സംഭാഷണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി രോഹിണി എന്നിവര്‍ പങ്കെടുത്ത പരിപാടിയിലാണ് കെജ്‌രിവാള്‍ ഗുരുതരമായ ആരോപണം ഉയര്‍ത്തിയത്.
ജഡ്ജിമാരുടെ ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് പരക്കെ ഭയമുണ്ട്. ഇക്കാര്യം സത്യമാണെങ്കില്‍ അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള വലിയ കടന്നാക്രമണമാണ്. ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് അറിഞ്ഞതിനുശേഷം പരസ്പരം ഫോണുകളില്‍ സംസാരിക്കരുതെന്ന് ജഡ്ജിമാര്‍ പറഞ്ഞതായി താന്‍ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ ഫോണുകള്‍ ചോര്‍ത്താന്‍ സാധിക്കില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍, എല്ലാവരുടെയും ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്താനാവുമെന്ന് ജഡ്ജിമാര്‍ പറഞ്ഞെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം സത്യമാണോ എന്ന് അറിയില്ല. ഇതു സത്യമാണെങ്കില്‍ ജഡ്ജിമാര്‍ സ്വാധീനിക്കപ്പെടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനം വൈകാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹി ഹൈക്കോടതിയുടെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കെജ്‌രിവാളിന് പിന്നാലെ സംസാരിച്ച കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ജഡ്ജിമാരുടെ ഫോണ്‍ചോര്‍ത്തുന്നുണ്ടെന്ന ആരോപണം നിഷേധിച്ചു. നീതിന്യായ വ്യവസ്ഥയ്ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക