|    Dec 10 Mon, 2018 12:47 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേന്ദ്രം കേരളത്തിനുള്ള സഹായം തടഞ്ഞു: മുഖ്യമന്ത്രി

Published : 24th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രധാനമന്ത്രിയടക്കം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗൗരവം ഉള്‍ക്കൊണ്ടെങ്കിലും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി കേന്ദ്രത്തില്‍ നിന്ന് ഇതുവരെ അര്‍ഹതപ്പെട്ട സഹായം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹമായതു നല്‍കിയില്ല എന്നതു മാത്രമല്ല, ധനസഹായം വാഗ്ദാനം ചെയ്തു വന്നവരില്‍ നിന്ന് സ്വീകരിക്കാതിരിക്കുകയും ചെയ്തു. പ്രളയത്തില്‍ അകപ്പെട്ട പ്രവാസി മലയാളികളോടൊപ്പം ചേര്‍ന്ന് പണം സ്വരൂപിക്കുന്നതിനായി നിശ്ചയിച്ച മന്ത്രിമാരുടെ വിദേശയാത്ര തടയുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്ന് മനസ്സിലാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
31,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ലോകബാങ്കിന്റെയും മറ്റും കണക്ക്. യഥാര്‍ഥത്തില്‍ ഇതിലും കൂടുതലാണ് നഷ്ടം. ആദ്യഘട്ടത്തില്‍ പ്രളയമുണ്ടായപ്പോള്‍ 820 കോടിയും രണ്ടാമത്തെ മഹാപ്രളയത്തില്‍ 4000 കോടിയുമാണ് കേന്ദ്രത്തോട് ചോദിച്ചത്. ഇതിനു പുറമെ പ്രത്യേക ധനസഹായമായി 5,000 കോടിയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 600 കോടി മാത്രമാണ് ഇതുവരെ കേന്ദ്രം തന്നത്. പ്രളയബാധിതര്‍ക്കായി ആവശ്യപ്പെട്ടതുപ്രകാരം കേന്ദ്രം നല്‍കിയ അരിക്കും മണ്ണെണ്ണയ്ക്കും 265.74 കോടി രൂപ അങ്ങോട്ട് നല്‍കേണ്ടിവരും.
സഹായം നല്‍കുന്നതില്‍ ഗുരുതരമായ അലംഭാവമാണ് ഉണ്ടാവുന്നത്. കഴിഞ്ഞ ജൂലൈയില്‍ കര്‍ണാടകയിലെ ഒരു ജില്ലയില്‍ പ്രളയം സംഭവിച്ചപ്പോള്‍ 546 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഉത്തരാഖണ്ഡിന് 2300 കോടി രൂപയും ചെന്നൈയില്‍ 940 കോടി രൂപയും കേന്ദ്രസഹായം നല്‍കി. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് 4.5 ശതമാനമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. കേരളത്തെ സഹായിക്കാന്‍ പ്രത്യേക സെസ്സ് ഏര്‍പ്പെടുത്താമെന്ന് ജിഎസ്ടി കൗണ്‍സിലില്‍ സമ്മതിച്ചതാണെങ്കിലും നടപ്പില്‍വരുത്താന്‍ യാതൊന്നും ചെയ്തില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2018 ജൂലൈ മുതല്‍ നവംബര്‍ 21 വരെയുള്ള കണക്കില്‍ 2,683 കോടി രൂപ ലഭിച്ചു. കേന്ദ്രം നല്‍കിയ തുകയും ചേര്‍ത്ത് 3641.91 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. ഇതില്‍ 1450.18 കോടി രൂപ ചെലവായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാലും എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റി പുനര്‍നിര്‍മാണം കൂടുതല്‍ ഐക്യത്തോടെ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss