|    Jul 25 Tue, 2017 4:19 am
FLASH NEWS

കേച്ചേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്നതായി പരാതി

Published : 15th July 2017 | Posted By: fsq

 

കുന്നംകുളം: കേച്ചേരി സ്വദേശിയെ തട്ടികൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്നതായി പരാതി. തലക്കോട്ടുകര പോക്കാക്കില്ലത്ത് നൗഷാദാണ്(42) കുന്നംകുളം പോലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 11നാണ് നൗഷാദിനെ ഒരു സംഘം തട്ടികൊണ്ടുപോയത്. കേച്ചേരി-വടക്കാഞ്ചേരി റോഡിലൂടെ ആക്ടിവ സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്നതിനിടെ ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം ഇന്നോവയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് പറയുന്നു. വായില്‍ തുണി കുത്തി കയറ്റി കണ്ണ് മൂടികെട്ടിയാണ് കൊണ്ടുപോയത്. വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നൗഷാദിന്റെ കാലില്‍ കമ്പി കൊണ്ടടിച്ചു. കാലിന്റെ എല്ലിന് പൊട്ടല്‍ ഏറ്റിട്ടുണ്ട്. മോചിതനാക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം വാഹനത്തിലുള്ളില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചതായും നൗഷാദ് പറഞ്ഞു. തമിഴ്‌നാട്ടിലെ സേലത്ത് എത്തിച്ച് ലോഡ്ജ് മുറിയില്‍ വച്ചും നൗഷാദിനെ മര്‍ദിച്ചു. പണം നല്‍കിയില്ലെങ്കില്‍ വീട് ബോംബ് വച്ച് തകര്‍ക്കുമെന്നും മക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏഴംഗ തമിഴ്‌നാട് സ്വദേശികളാണ് തട്ടികൊണ്ടു പോകലിന് പിന്നിലെന്ന് നൗഷാദിന്റെ പരാതിയില്‍ പറയുന്നു. തന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിനെകുറിച്ചും പണമിടപാടുകളെ കുറിച്ചും വ്യക്തമായി അറിയാവുന്ന സംഘമാണ് തട്ടികൊണ്ടു പോയതിന് പിന്നിലെന്ന് നൗഷാദ് വ്യക്തമാക്കി. പേഴ്‌സിലുണ്ടായിരുന്ന 18,000 രൂപയും എടിഎം കൗണ്ടറില്‍ നിന്ന് നിര്‍ബന്ധിപ്പിച്ച് എടുപ്പിച്ച 20,000 രൂപയും സംഘത്തിന് നല്‍കിയതിനെ തുടര്‍ന്ന് നൗഷാദിനെ മധുരയില്‍ ഇറക്കി വിട്ടു. നൗഷാദ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തമിഴ്‌നാട്ടിലെത്തി കൂട്ടികൊണ്ടുവരികയായിരുന്നു. നൗഷാദിന്റെ സ്‌കൂട്ടര്‍ സംഘം തട്ടിയെടുത്തിരുന്നു. ഇത് കുറാഞ്ചേരിയില്‍ നിന്ന് കണ്ടെത്തുകയുണ്ടായി. തട്ടികൊണ്ടുപോകുന്നതിനിടെ നൗഷാദിനെ പല വാഹനങ്ങളിലേക്ക് മാറ്റിയിരുന്നു. തലക്കോട്ടുകരകയിലുള്ള ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ ഒരു ഇന്നോവ കാറും അതിന് പിറകില്‍ നൗഷാദിന്റെ സ്‌കൂട്ടറും കടന്നു പോവുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. സംഭവത്തെകുറിച്ച് സമഗ്ര അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക