|    Dec 11 Tue, 2018 12:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കെ സുരേന്ദ്രന് ജാമ്യമില്ല; ചോദ്യം ചെയ്യാന്‍ പോലിസിന് അനുമതി

Published : 25th November 2018 | Posted By: kasim kzm

റാന്നി: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനെത്തിയ 52കാരിയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ സുരേന്ദ്രനെതിരേ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചന ആയതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പോലിസിന് ഒരു മണിക്കൂര്‍ സമയവും കോടതി അനുവദിച്ചു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ വീട്ടുകാരുമായി സംസാരിക്കാനും അനുമതി നല്‍കി. ജയില്‍മാറ്റം സംബന്ധിച്ച് 26ന് തീരുമാനമെടുക്കും.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സുപ്രിംകോടതിവിധി പരസ്യമായി ലംഘിക്കുകയാണ് കെ സുരേന്ദ്രന്‍ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ചിത്തിര ആട്ടവിശേഷ ദിവസം സുരേന്ദ്രന്റെ ജന്മനാളായിരുന്നതിനാലാണ് സന്നിധാനത്ത് പോയത്. എന്നാല്‍, കെ സുരേന്ദ്രനെ കുടുക്കുന്നതിനായി കേസില്‍ 13ാം പ്രതിയായി കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, സുരേന്ദ്രന്‍ സംഭവസ്ഥലത്തുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. സുരേന്ദ്രന്‍ കേസിലെ ഒന്നാം പ്രതിയുമായി ഫോണില്‍ സംസാരിച്ചതിനും തെളിവുണ്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാവായതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം കെ സുരേന്ദ്രന് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കളെ ഫോണില്‍ വിളിക്കുന്നതിന് കോടതി അനുമതി നല്‍കി. റിമാന്റ് ചെയ്യുകയാണെങ്കില്‍ ആരോഗ്യസ്ഥിതി പരിഗണിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണമെന്നും സുരേന്ദ്രന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് സുരേന്ദ്രനുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss